തിരുവനന്തപുരം: ലൈംഗിക അതിക്രമത്തെ അതിജീവിച്ച മൈനറായ പെണ്‍കുട്ടിയെ അർധരാത്രി യൂണിഫോമിലുള്ള പോലീസിന്റെ അകന്പടിയോടെ വീട്ടിൽനിന്നു മോചിപ്പിച്ചു മറ്റൊരു ജില്ലയിലെ നിർഭയ ഹോമിൽ പാർപ്പിച്ച അധികൃതരുടെ നടപടിയെക്കുറിച്ചു അന്വേഷണം നടത്തണമെന്നു സംസ്ഥാന ബാലാവകാശ കമ്മീഷൻ.
മാതൃജില്ലയായ ഇടുക്കിയിൽ കുട്ടിയെ പാർപ്പിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കെ അർധരാത്രി തിരുവനന്തപുരം നിർഭയ ഹോമിലേക്കു കൊണ്ടുപോയതു ബാലനീതി നിയമപ്രകാരം ന്യായീകരിക്കാവുന്ന നടപടിയാണോയെന്നു പരിശോധിക്കണം. വീഴ്ച വരുത്തിയവർക്കെതിരേ നടപടിയെടുക്കണമെന്നും കമ്മീഷൻ വനിത – ശിശു വികസന ഡയറക്ടർക്കു നിർദേശം നൽകി.
ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു രാത്രി പത്തിനു ശേഷം രണ്ടു വണ്ടി പോലീസ് ഫുൾ യൂണിഫോമിൽ കുട്ടിയുടെ വീട്ടിലെത്തി കുട്ടിയെ മാറ്റിയത്. എന്നാൽ, റെസ്ക്യൂ ഉത്തരവിടാൻ ജില്ല കളക്ടർക്ക് അധികാരമില്ല. ഇക്കാര്യത്തിൽ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നു സാമൂഹികനീതി വകുപ്പ് പരിശോധിക്കണം. നിർഭയ ഷെൽട്ടർ ഹോമിലെ സ്റ്റാഫും കോട്ടയം ചൈൽഡ് ലൈൻ പ്രവർത്തകരും റെസ്ക്യൂ ചെയ്യാൻ കുട്ടിയുടെ വീട്ടിൽ പോയവരിൽപ്പെടും.
പോക്സോ കോടതി നിർദേശിച്ചതനുസരിച്ച് ഇടുക്കി ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടിയെ അച്ഛനോടൊപ്പം പോകാൻ അനുവദിച്ചിരുന്നു. ഇതിനെതിരേ കുട്ടിക്കു ഭീഷണി ഉണ്ടെന്നു കാട്ടി ഇടുക്കി നിർഭയ ഷെൽട്ടർ ഹോം മാനേജർ ജില്ലാ കളക്ടർ മുന്‍പാകെ അപ്പീൽ നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ 2018 ഫെബ്രുവരി രണ്ടിനു കുട്ടിയെ തന്റെ മുന്‍പാകെ ഹാജരാക്കാൻ കളക്ടർ ഉത്തരവിട്ടു. എന്നാൽ, കുട്ടിക്കു പകരം അച്ഛനാണു കളക്ടർക്കു മുന്നിൽ ഹാജരായത്. ഇതേത്തുടർന്നു കുട്ടിയെ അച്ഛനോടൊപ്പം വിട്ടുകൊണ്ടുള്ള ഉത്തരവ് ബാലനീതി നിയമം 27 (10) വകുപ്പ് പ്രകാരം റദ്ദാക്കുകയും നിർഭയ സെന്ററിനോടു കുട്ടിയെ ഏറ്റെടുക്കാൻ കളക്ടർ ഉത്തരവിടുകയുമായിരുന്നു.
ബാലനീതി നിയമം 101-ാം വകുപ്പ് പ്രകാരം പോറ്റിവളർത്തൽ, സ്പോണ്‍സർഷിപ് പരിപാലനം എന്നീ ഉത്തരവുകളിൽ മാത്രമാണു കളക്ടർക്ക് അപ്പീൽ അധികാരം ഉള്ളത് എന്നിരിക്കെ, സിഡബ്ല്യുസി ഉത്തരവ് റദ്ദാക്കിയ കളക്ടറുടെ ഉത്തരവിന്റെ നിയമസാധുത പരിശോധിക്കേണ്ടതാണ്.നിലവിലുളള നിർഭയ പോളിസിയിൽ ഭേദഗതി വരുത്തി ലൈംഗിക അതിക്രമങ്ങളെ അതിജീവിച്ച പെണ്‍കുട്ടികൾക്കു മാത്രമായ റിസീവിംഗ് ഹോമാക്കി വിമണ്‍ ആന്‍ഡ് ചിൽഡ്രൻസ് ഹോമിനെ മാറ്റാനുളള നടപടി സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി സ്വീകരിക്കണം.
ലൈംഗിക അതിക്രമത്തെ അതിജീവിച്ച കുട്ടികളെ റിസീവിംഗ് ഹോമിൽനിന്നു ശ്രദ്ധയും സംരക്ഷണവും ആവശ്യമുളള കുട്ടികൾ താമസിക്കുന്ന ശിശു സംരക്ഷണ സ്ഥാപനങ്ങളിലേക്കു മാറ്റാൻ വേണ്ട ഭേദഗതി നിർഭയ പോളിസിയിൽ വരുത്താനുളള നടപടിയും സാമൂഹ്യനീതി സെക്രട്ടറി സ്വീകരിക്കണം. കമ്മീഷൻ അംഗങ്ങളായ എൻ. ശ്രീല മേനോൻ, സി.ജെ. ആന്റണി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ചാണു ശിപാർശ പുറപ്പെടുവിച്ചത്.