റാഞ്ചി: ജാര്‍ഖണ്ഡില്‍ വീട്ടില്‍ പരിശോധനയ്ക്ക് വന്ന പോലീസുകാർ നവജാത ശിശുവിനെ ചവിട്ടിക്കൊന്നതായി പരാതി. ഗിരിദിഹ് ജില്ലയിലെ കൊസോഗൊന്ഡോഡിഗി ഗ്രാമത്തിലാണ് സംഭവം.
കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് കുഞ്ഞിന്റെ മുത്തച്ഛൻ ഭൂഷൺ പാണ്ഡെയെ തേടിയാണ് ദിയോരി പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള സംഗം പഥക്കിന്റെ നേതൃത്വത്തിലുള്ള സംഘം പോലീസുകാർ വീട്ടിൽ എത്തിയത്.
ഈ സമയം നാല് ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ വീട്ടിൽ തനിച്ചാക്കി ഭൂഷന്റെ കുടുംബാംഗങ്ങളെല്ലാം സ്ഥലത്ത് നിന്നും മുങ്ങി.
പോലീസുകാർ വീടിന്റെ മുക്കിലും മൂലയിലും തിരച്ചിൽ നടത്തുമ്പോൾ കുഞ്ഞ് അകത്ത് ഉറങ്ങുകയായിരുന്നുവെന്ന് കുഞ്ഞിന്റെ അമ്മ നേഹ ദേവി പറഞ്ഞു. പോലീസ് സംഘം പോയി കഴിഞ്ഞപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്.
കുട്ടിയെ പോലീസുകാർ ചവിട്ടിക്കൊന്നതാണെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സഞ്ജയ് റാണ പറഞ്ഞു.
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.