കൊച്ചി: അമ്മയുടെ ചൂടും അമ്മിഞ്ഞപ്പാലിന്റെ മാധുര്യവും നുകരാനാകില്ലെങ്കിലും അവള് ഇനി അനാഥയല്ല. ‘ബേബി ഓഫ് രഞ്ജിത’ എന്നപേരില്‍ ഐസിയുവില്‍ ഒന്നുമറിയാതെ കഴിഞ്ഞ ആ കുഞ്ഞ് ഇനി കേരളത്തിന്റെ മകളായി വളരും. ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാര്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ചു പോയ മൂന്നാഴ്ച മാത്രം പ്രായമുള്ള നവജാത ശിശുവിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് തുടര്‍ന്നുള്ള വിദഗ്ധ പരിചരണം സര്‍ക്കാര്‍ ഉറപ്പാക്കി.
കുഞ്ഞിന്റെ സംരക്ഷണം വനിത- ശിശു വികസന വകുപ്പ് ഏറ്റെടുക്കുമെന്ന് കഴിഞ്ഞദിവസം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു. കുഞ്ഞിന് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിനും മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നലെ രാവിലെ കുഞ്ഞ് ചികിത്സയില്‍ തുടര്‍ന്നിരുന്ന എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍നിന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റിയത്. കുഞ്ഞിന്റെ സ്വകാര്യ ആശുപത്രിയിലെ ചികിത്സാച്ചെലവ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ നിശ്ചയിക്കുന്ന പ്രകാരം വനിത- ശിശു വികസന വകുപ്പിന്റെ ബാലനിധിയിലൂടെ അനുവദിക്കും.
ആശുപത്രിയിലെ പീഡിയാട്രീഷ്യന്റെ നേതൃത്വത്തില്‍ സ്പെഷല്‍ ന്യൂബോണ്‍ കെയറില്‍ പരിശീലനം നേടിയ നഴ്സ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് എന്നിവരടങ്ങുന്ന സംഘമാണ് കുഞ്ഞിനെ ജനറല്‍ ആശുപത്രിയിലെത്തിച്ചത്. സ്പെഷല്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലുള്ള കുഞ്ഞ് ഇപ്പോഴും ഓക്സിജന്‍ സപ്പോര്‍ട്ടിലാണ്. കുഞ്ഞിന് നിലവില്‍ ഒരു കിലോ ഭാരമുണ്ട്. തലയില്‍ ചെറിയ രക്തസ്രാവമുണ്ട്. ഓറല്‍ ആന്റിബയോട്ടിക് ചികിത്സ തുടരുന്നുണ്ട്. ഒരു മാസത്തോളം തീവ്രപരിചരണം ആവശ്യമാണ്.
ആശുപത്രി സൂപ്രണ്ട് ഡോ. ഷഹിര്‍ഷായുടെ ഏകോപനത്തില്‍ പീഡിയാട്രീഷ്യന്‍ ഡോ. വിജിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് കുഞ്ഞിന്റെ ചികിത്സാമേല്നോട്ടം വഹിക്കും. ബന്ധുക്കളാരും ഇല്ലാത്തതിനാല്‍ കുഞ്ഞിന്റെ പ്രത്യേക പരിചരണത്തിന് ന്യൂബോണ്‍ കെയറിലെ നഴ്സുമാരെ നിയോഗിച്ചു. കുഞ്ഞിന് മുലപ്പാല്‍ ബാങ്കില്‍നിന്ന് മുലപ്പാല്‍ ലഭ്യമാക്കിയിട്ടുണ്ട്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ദിവസവും കുഞ്ഞിനെ സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
മാതാപിതാക്കള്‍ തിരിച്ചുവരുന്നെങ്കില്‍ കുഞ്ഞിനെ അവര്‍ക്ക് കൈമാറും. കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് ഇനി വേണ്ട എന്നാണെങ്കില്‍ നിയമപരമായ നടപടികളിലൂടെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും. കോട്ടയം ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ മംഗളേശ്വര്‍-രഞ്ജിത ദമ്പതികളുടേതാണു കുഞ്ഞ്. പ്രസവത്തിനായി നാട്ടിലേക്കു പോകുന്ന സമയത്ത് രഞ്ജിതയ്ക്ക് അസ്വസ്ഥത അനുഭവപ്പെടുകയും എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ജനുവരി 29നാണ് യുവതി കുഞ്ഞിനു ജന്മം നല്‍കിയത്.
28 ആഴ്ച മാത്രമായിരുന്നു കുഞ്ഞിന് വളര്‍ച്ചയുണ്ടായിരുന്നത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ ലൂര്‍ദ് ആശുപത്രിയിലേക്കു മാറ്റി. കുഞ്ഞിന്റെ പിതാവ് രണ്ട് ആശുപത്രികളിലുമായി മാറിമാറി നിന്നു. ആരോഗ്യനില മെട്ടപ്പെട്ടതിനെത്തുടര്ന്ന് അമ്മയെ 31ന് ഡിസ്ചാര്‍ജ് ചെയ്തു. ഇതിനു പിന്നാലെ മംഗളേശ്വറിനെയും രഞ്ജിതയെയും കാണാതാകുകയായിരുന്നു.
ആശുപത്രി അധികൃതര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നാട്ടിലെത്തിയെന്ന സന്ദേശം മാത്രമാണു ലഭിച്ചത്. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി. കുഞ്ഞിനെ ഉപേക്ഷിച്ച മാതാപിതാക്കള്‍ക്കെതിരേ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. ഇവരുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് പോലീസ് പറഞ്ഞു.