കുടുംബം പോറ്റാൻ ഗതിയില്ലാതെവന്നതോടെ ദന്പതികൾ തങ്ങളുടെ നവജാത ശിശുവിനെ വിറ്റു. ഉത്തരാഖണ്ഡിലെ ഖാത്തിമയിലാണ് കരളലിയിക്കുന്ന സംഭവം. ഹർസ്വരൂപ് എന്ന ഇരുപത്തഞ്ചുകാരനാണ് കുടുംബത്തിന്റെ സമ്മതത്തോടെ തന്റെ ഇളയ ആണ്‍കുഞ്ഞിനെ മക്കളില്ലാത്ത മറ്റൊരു ദന്പതികൾക്ക് 42,000 രൂപയ്ക്കു വിറ്റത്. സംഭവം നടന്ന് മൂന്നു ദിവസത്തിനുശേഷമാണ് വിവരം പോലീസുകാരും ശിശുക്ഷേമ പ്രവർത്തകരും അറിയുന്നത്. ഉടൻതന്നെ മാതാപിതാക്കൾക്കെതിരേ നടപടിയെടുക്കാൻ പോലീസും മറ്റ് അധികൃതരും സ്ഥലത്തെത്തിയെങ്കിലും ഹർസ്വരൂപിന്റെ അവസ്ഥ നേരിട്ടുബോധ്യമായതോടെ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ജോലിക്കു പോകാനാകാത്ത അവസ്ഥയിലാണ് ഹർസ്വരൂപ്. ഇയാളെ മാത്രം ആശ്രയിച്ച് കുടുംബത്തിൽ കഴിയുന്നതാകട്ടെ പ്രായമായ മാതാപിതാക്കളടക്കം ഒൻപതു പേർ. ഭക്ഷണം കഴിക്കാൻ പോലും നിവൃത്തിയില്ലാതെവന്നതോടെയാണ് തങ്ങൾ കുഞ്ഞിനെ വിറ്റതെന്ന് കുടുംബം മുഴുവൻ കരഞ്ഞുപറഞ്ഞതോടെ അധികൃതർ നടപടിയൊഴിവാക്കി.
നിയമപ്രകാരമുള്ള ദത്തെടുക്കലിനാണ് ദന്പതികൾ ശ്രമിച്ചതെന്നു ബോധ്യമായതിനാൽ ഇവർക്കെതിരേ നടപടി ആവശ്യമില്ലെന്നു സബ് ഡിവിഷണൽ മജിസ്ട്രേറ്റും പറഞ്ഞു. കുഞ്ഞിനെ ഹർസ്വരൂപിനും ഭാര്യക്കും തിരികെ നല്കിയ അധികൃതർ ഈ കുടുംബത്തിന്റെ സാന്പത്തികബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.