
മധുര: രണ്ടാമതും പെണ്‍കുട്ടി ജനിച്ചതിനാൽ കുഞ്ഞിന് എരിക്കിൻ പാൽ നൽകി മാതാപിതാക്കൾ കൊലപ്പെടുത്തി. തമിഴ്നാട്ടിലെ മധുര ജില്ലയിലെ ഉസിലാപെട്ടിയിലാണ് രാജ്യത്തെ നടുക്കുന്ന സംഭവമുണ്ടായത്. 31 ദിവസം മാത്രം പ്രായമുള്ള പെണ്‍കുട്ടിയാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. കുട്ടിയുടെ മാതാപിതാക്കളായ വൈരമുരുഗൻ (37), സൗമ്യ (22), മുത്തച്ഛൻ എസ്.സിംഗം (67) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂവരും പോലീസ് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു.
ജനുവരി 31-നാണ് ദമ്പതികൾക്ക് രണ്ടാമതും പെണ്‍കുട്ടി ജനിച്ചത്. മാതാവ് സൗമ്യയുടെ കുറ്റംകൊണ്ടാണ് പെണ്കുട്ടിയുണ്ടായതെന്ന് കുറ്റപ്പെടുത്തി ഭർത്താവ് അപമാനിക്കുകയും ചെയ്തു.
മൂന്ന് വയസ് പ്രായമായ പെണ്‍കുട്ടിയുണ്ടായിരുന്ന മാതാപിതാക്കൾ പിന്നീട് രണ്ടാമത്തെ കുട്ടിയെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു.
എരിക്ക് മരത്തിന്റെ ഇലയിലെ പാൽ നൽകി കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പിതാവും മുത്തച്ഛനും ചേർന്ന് മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് അജ്ഞാതനായ ഒരാൾ പോലീസിൽ വിവരമറിയിച്ചതോടെ വിവരം പുറംലോകമറിയുന്നത്. കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തി. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.