സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളത്തിൽ അടുത്തിടെ കുട്ടികൾക്കിടയിലുണ്ടാകുന്ന ആത്മഹത്യാ പ്രവണത ആശങ്കപ്പെടുത്തുന്ന സാഹചര്യത്തിൽ കേരള പോലീസും ബോധിനി കൗൺസിലിംഗ് സെന്ററും സംയുക്തമായി ടെലികൗൺസിലിംഗ് സേവനം ഏർപ്പെടുത്തുന്നു.
കുടുംബബന്ധങ്ങളിലെ വിള്ളലും സമ്മര്‍ദ്ദം നിറഞ്ഞ ജീവിതസാഹചര്യങ്ങളുമാണ് കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് കുട്ടികൾക്ക് കൗൺസിലിംഗ് നടത്താൻ പോലീസ് തീരുമാനിച്ചത്.
കുട്ടികളുടെ വിഷമങ്ങൾ മനസ്സിലാക്കാനും അവ തുറന്നു ചര്‍ച്ച ചെയ്യാനും അവയ്ക്ക് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനുമുള്ള മുതിർന്നവരുടെ അഭാവവും കുട്ടികളിൽ നിരാശ ജനിപ്പിക്കുന്നു.
ഏകാഗ്രതയില്ലായ്മ, സകലതിലും പ്രതീക്ഷ നഷ്ടമാവുക, ഒന്നിലും സന്തോഷം കണ്ടെത്താനാവാതെ വരിക, അമിതമായ സ്വയംവിമര്‍ശനം, തുടങ്ങിയ ലക്ഷണങ്ങൾ വിഷാദരോഗത്തിലേക്ക് നയിക്കുന്നു. ഇതുമൂലം അവരിൽ എടുത്തുചാട്ടം, മുന്‍കോപം, ഒന്നിലും ശുഭാപ്തിവിശ്വാസമില്ലായ്മ എന്നിവയ്ക്ക് കാരണമാകുന്നു. ക്രമേണ ഇത് ആത്മഹത്യയിലേക്കും നയിക്കുന്നു.
സിനിമകളിലും മറ്റും കണ്ടശേഷം ആത്മഹത്യാരീതികള്‍ അനുകരിച്ചുനോക്കാനുള്ള പ്രവണത ചില കുട്ടികളില്‍ കാണാറുണ്ട്. പഠനത്തിൽ പെട്ടെന്നുണ്ടാകുന്ന മന്ദത, ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് തുടങ്ങുക, അപകടകരമായ കാര്യങ്ങളിൽ താല്പര്യം പ്രകടിപ്പിക്കുക, ആത്മഹത്യാരീതികളെപ്പറ്റിയുള്ള അന്വേഷണങ്ങള്‍ എന്നിവയും കുട്ടികളിലെ മാനസിക സമ്മർദ്ദത്തിന്റെ ലക്ഷണങ്ങളാണ്.
കുട്ടികളെ സുഹൃത്തുക്കളായി കണ്ട് അവരുടെ പ്രശ്നങ്ങളും വിഷമതകളും എന്താണെന്ന് മനസിലാക്കുകയും അവരെ കുറ്റപ്പെടുത്താതെ സംഘർഷങ്ങളെ അതിജീവിക്കാൻ പ്രാപ്തരാക്കുകയും വേണം. അവര്‍ തനിച്ചല്ലെന്ന് അവർക്ക് ബോധ്യപ്പെടണം.
അനാവശ്യ വാദപ്രതിവാദങ്ങൾ ഒഴിവാക്കി അവരുടെ വിഷമങ്ങള്‍ ലഘൂകരിക്കുന്നതിൽ ശ്രദ്ധ ഊന്നുക. ആത്മഹത്യാപ്രവണതയുള്ളവരെ ഒറ്റയ്ക്കാക്കരുത്. കൗൺസിലിംഗ് ആവശ്യമായി വരുന്ന കുട്ടികളുടെ രക്ഷകർത്താക്കൾക്കു കേരള പോലീസും ബോധിനിയും സംയുക്തമായി നടത്തുന്ന ടെലികൗൺസിലിംഗിന് ബോധിനിയുടെ 8891320005, 7994701112, 8891115050 നമ്പറുകളിൽ ബന്ധപ്പെടാം.
പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടേയും ഔദ്യോഗിക വെബ് സൈറ്റിലൂടേയും ഈ വിവരം പങ്കു വച്ച് മണിക്കൂറുകൾക്കുള്ളിൽ നൂറുകണക്കിന് അന്വേഷണങ്ങളാണ് എത്തിയത്. കുട്ടികളെപ്പോലെ രക്ഷിതാക്കളും പലവിധത്തിലുള്ള ആശങ്കകളാണ് പങ്കുവയ്ക്കുന്നത്.
ചുറ്റുപാടും നടക്കുന്ന പല സംഭവങ്ങളും പേടിപ്പെടുത്തുന്നതാണെന്നും കുട്ടികളുടെ സുരക്ഷയ്ക്കായി പോലീസ് കൂടുതൽ ജാഗ്രതയും കർശന നിയമ നടപടികളും വേണമെന്നാണ് പലരും അഭിപ്രായം പങ്കുവച്ചത്.
ഇതിൽ കുട്ടികളുടേതായ ചില രസകരമായ കമന്റുകളുമുണ്ട്. ഒരു കുട്ടിയുടെ ആവശ്യം ഇങ്ങനെ…
വീട്ടിൽ ഇരുന്നു മടുത്തു സർ, സൺഡേ 10 മണി വരെ എങ്കിലും കളിക്കാനുള്ള അനുമതി തരണം. മാസ്കും എല്ലാം ഉപയോഗിച്ചോളാമെന്നാണ്. മറ്റൊരു ആവശ്യം ഇങ്ങനെ കുട്ടികൾക്കു മാത്രമല്ലരക്ഷകർത്താക്കൾക്കും കൗൺസിലിംഗ് വേണമെന്നാണ്.
താങ്ങാനാവാത്ത ഭാരം കൊടുത്തു കുട്ടികളെ മാനസിക സമ്മർദത്തിൽ ആക്കുന്ന ചില രക്ഷിതാക്കൾ ഉണ്ട്. ഇവരെയാണ് കൗൺസിലിംഗ് കൊടുത്ത നേരയാക്കേണ്ടതെന്ന്. പരിക്ഷാപേടി മുതൽ സ്കൂൾ തുറക്കാത്തതിലെ ആശങ്ക ഉൾപ്പടെ പങ്കുവച്ചുകൊണ്ടുള്ള പലതരത്തിലുള്ള ആശങ്കകളാണ് ഇതിനകം പോലീസിന്റെ ടെലി കൗൺലിംഗ് സെന്ററിലേയ്ക്ക് ലഭിച്ചത്.