നമ്മുടെ നാട്ടിൽ പ്രസവത്തിനു മുൻപ് സ്ത്രീകൾക്ക് വളകാപ്പ് ചടങ്ങ് നടത്താറുണ്ടല്ലോ. സുഖ പ്രസവത്തിനായി സ്ത്രീകളെ അനുഗ്രഹിക്കുന്നതിനും ദൃഷ്ടിദോഷത്തിൽ നിന്നും രക്ഷിക്കുന്നതിനുമൊക്കെയാണ് ആ ചടങ്ങ് നടത്തുന്നത്. ഗർഭത്തിന്റെ 7-ാം മാസത്തിലോ 9-ാം മാസത്തിലോ ആണ് ഈ ചടങ്ങ് നടത്തുന്നത്.
ശരീരത്തിന്റെ ചൂട് കുറയ്ക്കുന്നതിനും, അമ്മയ്ക്കും കുഞ്ഞിനും പ്രസവത്തെക്കുറിച്ചുള്ള ഭയം, ഉത്കണ്ഠ എന്നിവയിൽ നിന്ന് ശാന്തമാക്കുന്നതിനും വേണ്ടി വളകാപ്പ് ചടങ്ങിൽ ചന്ദനവും മഞ്ഞളും കൊണ്ട് ഉണ്ടാക്കിയ പേസ്റ്റ് അമ്മയുടെ കൈകളിലും മുഖത്തും പുരട്ടുകയും ചെയ്യും. ഒപ്പം മധുര പലഹാരങ്ങൾ കഴിപ്പിക്കുകയും ചെയ്യും.
എന്നാൽ വളകാപ്പ് ചടങ്ങ് തങ്ങളുടെ വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് നടത്തിയാൽ എങ്ങനെയിരിക്കും? നെറ്റി ചുളിക്കേണ്ട, അത്തരത്തിലൊരു സംഭവം നടന്നിരിക്കുകയാണ് കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ രമണകൊപ്പലു ഗ്രാമത്തില്‍. സകര്‍ണതു എന്ന യുവതിയാണ് നിറവയറായ തന്റെ പശുവിന് ബേബി ഷവര്‍ ഒരുക്കിയത്.
സകര്ണതുവിന്റെ പശുവാണ് ദേവി. പശുവിന് ഗര്‍ഭകാലം അടുക്കാറായപ്പോൾ സകര്‍ണതു അയല്പ്പക്കാരേയും സുഹൃത്തുക്കളെയും ഒക്കെ വിളിച്ചു കൂട്ടി. വീടും തൊഴുത്തുമൊക്കെ അലങ്കരിച്ചു. ദേവിയെ പച്ച സാരിയുടുപ്പിച്ചു. മാത്രമല്ല പശുവിന് പഴങ്ങളും മറ്റും കഴിക്കാനായി നല്കി.
സകര്ണതുവിന്റെ അമ്മയുടെ പേരാണ് ഈ പശുവിന് നല്‍കിയിട്ടുള്ളത്. അവരുടെ അമ്മ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചുപോയിരുന്നു. എന്തായാലും ഈ ചടങ്ങില്‍ എത്തിയവര്‍ക്കും സന്തോഷം. വേറിട്ട വാര്‍ത്തയറിഞ്ഞ നെറ്റിസനും സന്തോഷം.
നിരവധി അഭിപ്രായങ്ങളാണ് സകർണയുടെ പ്രവൃത്തിക്ക് ലഭിച്ചത്. “നല്ല കാര്യം; അതിന്റെ മാതൃത്വത്തെ ബഹുമാനിക്കാന്‍ തോന്നിയല്ലൊ’ എന്നാണ് മിക്കവരും അഭിപ്രായപ്പെട്ടത്. വീട്ടുകാരെ പോലെ തന്നെയാണ് ഇവർ മൃഗങ്ങളേയും സ്നേഹിക്കുന്നത്, അതിനു തെളിവാണ് ഈ ചടങ്ങെന്ന് മറ്റൊരാൾ കുറിച്ചു.