ഇരട്ടക്കുട്ടികളെ അടുത്തറിയാവുന്നവർക്കു പോലും ചിലപ്പോൾ തമ്മിൽ മാറിപ്പോകാറുണ്ട്. പ്രത്യേകിച്ചു കുഞ്ഞായിരിക്കുന്പോൾ. രൂപഭാവങ്ങളിൽ മിക്കപ്പോഴും ചിലർ ഒരുപോലെ ആയിരിക്കും. അതുതന്നെ കാരണം.
പക്ഷേ, ലണ്ടനിലെ മുപ്പത്തിരണ്ടുകാരി കെയ്ലി ഓക് ടിക്ക് തന്റെ ഇരട്ടക്കുട്ടികളെ ഒറ്റനോട്ടത്തിൽത്തന്നെ ഇതു ജെസിയ എന്നും അതു നെയ്ല എന്നും ഏതു വേഷത്തിൽ എവിടെവച്ച് എപ്പോൾ കണ്ടാലും വേർതിരിച്ചറിയാം.
അവരുടെ നിറവും തലമുടിയുമാണ് ഇത്ര കൃത്യമായി അവരെ വേർതിരിച്ചറിയാൻ തുണയാകുന്നത്. വെളുത്തവൻ ജെസിയ. സ്ട്രെയിറ്റാണ് അവന്റെ തലമുടി. ചുരുണ്ട മുടിയും ഇരുണ്ട നിറവും ഉള്ളവൾ സഹോദരി നെയ്ല.
ഇരട്ടക്കുട്ടികളുടെ അച്ഛനമ്മമാർ
ഇനി നാലു മാസം പ്രായമുള്ള ഈ ഇരട്ടക്കുട്ടികളുടെ അച്ഛനമ്മമാരെക്കുറിച്ച്. അമ്മ വെളുപ്പാണ്. അച്ഛൻ ജോർദാൻ കിംഗ് കറുപ്പും.
കറുത്തച്ഛൻ, വെളുത്തമ്മ, അവരുടെ ഇരട്ടക്കുട്ടികളിലൊരാൾക്കു വെളുപ്പും മറ്റേയാൾക്കു കറുപ്പും. കടങ്കഥയല്ല. ഇത് ഇംഗ്ലണ്ടിലെ ഹോമെർടണ് ആശുപത്രിയിൽനിന്നുള്ള വാർത്തയാണ്.
ജനിതക വൈചിത്ര്യമെന്നല്ലാതെ എന്തു പറയാൻ! കെയ്ലിയുടെ രക്ഷിതാക്കളും വ്യത്യസ്ത പ്രദേശങ്ങളിൽനിന്നുള്ളവരാണ്. ഒരാൾ ഇംഗ്ലീഷും മറ്റേയാൾ നൈജീറിയനും.
കണ്ണുകൾ ഒരുപോലെ!
ചോക്കും പാൽക്കട്ടിയും പോലെയെന്നാണ് ചിലർ കുഞ്ഞുങ്ങളെ ഒരുമിച്ചു കണ്ടപ്പോൾ പറഞ്ഞത്. നിറത്തിലും മുടിയിലുമുള്ള വ്യത്യാസം അവരുടെ വ്യക്തിത്വത്തിലും ഉണ്ടാകുമെന്നാണ് അമ്മ കെയ്ലി ഓക്ക് പറയുന്നത്.
ജെസിയ ശാന്തശീലനാണ്. നെയ്ല ബഹളക്കാരിയും. മക്കൾ വ്യത്യസ്ത നിറങ്ങളിലുള്ളവരാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നു കെയ്ലി.
നിറഭേദം മുന്നിൽത്തെളിഞ്ഞ നിമിഷം വാസ്തവത്തിൽ ഷോക്ക് തന്നെയായിരുന്നു. കുഞ്ഞുങ്ങളിലെ ഈ നിറഭേദം പ്രസവവാർഡിലെ നഴ്സുമാരിലും കൗതുകമുണർത്തി.
എത്രത്തോളം സ്പെഷലാണ് ഈ കുഞ്ഞുങ്ങൾ. അവരുടെ ഈ വാക്കുകളിലാണ് കെയ്ലിയുടെ മനസു നേരെയായത്. മുന്‍പൊരിക്കലും അവർ ഇത്തരത്തിലുള്ള ഇരട്ടക്കുട്ടികളെ കണ്ടിരുന്നില്ല.
ഇത്തരം വ്യത്യാസങ്ങൾക്കിടയിലും ഇരുവരും ഒരു കാര്യത്തിൽ സമാനരാണ്. ചോക്കലേറ്റ് ബ്രൗണ്‍ കണ്ണുകളാണ് ഇരുവർക്കും.
ഫുൾ ഹൗസ്!
കെയ്ലി ഓക് ടീയുടെ രണ്ടാം ഭർത്താവാണ് ജോർദാൻ. പൂർവവിവാഹത്തിൽ കെയ്ലിക്കു കുട്ടികൾ നാല്. ആറും ഏഴും പതിമൂന്നും പതിനഞ്ചും വയസുള്ള നാലു കുട്ടികൾ.
ഇരട്ടക്കുട്ടികളോടു വലിയ സ്നേഹത്തിലാണ് ഈ നാൽവർ സംഘം. ഇപ്പോഴാണ് ഇതൊരു ഫുൾ ഹൗസ് ആയതെന്ന് കെയ്ലി പറയുന്നു.
പത്തു ലക്ഷത്തിൽ ഒന്ന്
വർഷം തോറും 12,000 സെറ്റ് ഇരട്ടക്കുട്ടികളാണു ബ്രിട്ടനിൽ ജനിക്കുന്നത്. ഇതിൽ 385 സെറ്റ് രണ്ടും കറുപ്പോ ഇല്ലെങ്കിൽ ഒന്നു കറുപ്പും മറ്റേതു വെളുപ്പും എന്ന മട്ടിലോ ആണ് കാണപ്പെടുക.
അച്ഛനമ്മമാർ വ്യത്യസ്ത നിറമുള്ളവരാണെങ്കിൽ അവരുടെ ഇരട്ടക്കുട്ടികളിൽ ഒരാൾക്കു കറുപ്പും മറ്റേയാൾക്കു വെളുപ്പും ലഭിക്കുക പത്തു ലക്ഷത്തിൽ ഒരു സെറ്റിൽ മാത്രമായിരിക്കുമെന്നു ഗവേഷകർ. ഏഴുതരം വ്യത്യസ്ത ജീനുകളുടെ സംഗമമാണ് ചർമത്തിന്റെ നിറം നിർണയിക്കുകയെന്നു വിശ്വസിക്കപ്പെടുന്നു.