ടെക്സസ്: യുഎസില്‍ പെണ്‍കുട്ടികളെ അമ്മ വെടിവച്ചു കൊലപ്പെടുത്തിയതിന്റെ പിന്നിലെ കാരണമറിയാതെ പോലീസ് കുഴങ്ങുന്നു. ഏഴും അഞ്ചും വയസുള്ള രണ്ടു പെണ്‍കുട്ടികളെയാണ് അമ്മ വെടിവച്ചു കൊലപ്പെടുത്തിത്. ഡാളസിൽനിന്ന് 62 മൈൽ അകലെ ഹെൻഡേഴ്സണ് കൗണ്ടിയിൽ ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. സാറ നിക്കോൾ ഹെൻഡേഴ്സണ് എന്ന ഇരുപത്തൊന്പതുകാരിയാണ് പെണ്മക്കളെ വെടിവച്ചു കൊലപ്പെടുത്തിയത്. രാത്രിയിൽ ഉറങ്ങിക്കിടന്ന കുട്ടികളെയാണ് ഇവര്‍ വെടിവച്ചത്. ശേഷം ഒപ്പം താമസിച്ചിരുന്ന ജാക്ക് എന്നയാളുടെ അടുത്തെത്തി താൻ കുട്ടികളെ വെടിവച്ചെന്ന് അറിയിക്കുകയായിരുന്നു. കുട്ടികളെയും ജാക്കിനെയും കൊന്ന ശേഷം ജീവനൊടുക്കാനായിരുന്നു ഇവരുടെ പദ്ധതി എന്നാണ് പോലീസ് പറയുന്നത്.
ബുധനാഴ്ച വൈകിട്ട് ഇവർ താമസിക്കുന്ന വീട്ടിൽ കലഹം നടക്കുന്നതായി ഫോണ്‍സന്ദേശം ലഭിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തിയിരുന്നു. എന്നാൽ, പ്രശ്നങ്ങളൊന്നുമില്ലെന്നു സാറയും ഒപ്പമുണ്ടായിരുന്ന പുരുഷനും പോലീസിനെ അറിയിച്ചു. തുടർന്നു പോലീസ് മടങ്ങിപ്പോകുകയും ചെയ്തു.മൂന്നു മണിക്കൂറിനു ശേഷം വീട്ടിൽ വെടിവയ്പ് നടന്നതായി അറിയിച്ചു പോലീസിനു ഫോണ്‍സന്ദേശം ലഭിച്ചു.പോലീസ് സംഭവസ്ഥലത്ത് എത്തുന്പോൾ രണ്ടു കുട്ടികളും രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചതായി സ്ഥിരീകരിച്ചു.
മാതാവ് സാറ നിക്കോൾ ഹെൻഡേഴ്സനെ പിന്നാലെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാഴ്ചയായി സാറ കുട്ടികളെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. എന്നാൽ ഇവർ എന്തിനാണ് കൃത്യം ചെയ്തതെന്ന് അറിയില്ലെന്ന് പോലീസ് അറിയിച്ചു, സാറ മയക്കുമരുന്ന ്ഉപയോഗിച്ചിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്. അറസ്റ്റിലായ സാറയെ ജയിലിലടച്ചിരിക്കുകയാണ്. ജീവനൊടുക്കാൻ സാധ്യതയുള്ളതിനാൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.