ചാത്തന്നൂർ: മാതാപിതാക്കളോടൊപ്പം ഉറങ്ങി കിടന്ന ആറ് മാസം പ്രായമുള്ള പെൺകുഞ്ഞിനെ അർധരാത്രിയിൽ തട്ടികൊണ്ടുപോയി ആഭരണം കവർച്ച ചെയ്തശേഷം കുട്ടിയെ ചതുപ്പിൽ വലിച്ചെറിഞ്ഞു കടന്നു കളഞ്ഞ പ്രതിയേയും കൂട്ടുപ്രതിയേയും പോലീസ് അറസ്റ്റ് ചെയ്തു.
കൊറ്റംകര റാണി നിവാസിൽ പൊടിമോൻ എന്നു വിളിക്കുന്ന വിജയകുമാർ, ആലുമൂട് തുരുത്തിൽ പടിഞ്ഞാറ്റതിൽ മണികണ്ഠൻ എന്നിവരാണ് അറസ്റ്റിലായത്.
കുഞ്ഞ് മാതാപിതാക്കളോടൊപ്പം ഉറങ്ങി കിടക്കുന്ന സമയം ഉണർന്നു കരയുമെന്നതിനാൽ മുറിയിലിലെ ലൈറ്റ് ഓഫാക്കിയിരുന്നില്ല. കൂടാതെ ഇവർ ഉപയോഗിച്ച റൂമിൽ റ്റി വിയും പ്രവർത്തിച്ചിരുന്നു. പിൻ വാതിലിലൂടെ അകത്തു കടന്ന പ്രതി കുഞ്ഞിനെ കൈക്കലാക്കി വീടിന് പുറത്തു കടന്നു.
ഏകദേശം കാൽ കിലോമീറ്ററോളം ദൂരം കൊണ്ടുപോയി സ്വർണാഭരണം കവർന്ന ശേഷം കുഞ്ഞിനെ ഉപേക്ഷിക്കാൻ തക്ക സ്ഥലം നോക്കി വരവേ സ്ഥലവാസിയായ മറ്റൊരാളെ കാണുകയും കുട്ടിയെ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു.
കുഞ്ഞിനെ കണ്ടെത്തിയ നാട്ടുകാർ വീട്ടുകാരെ വിവരം അറിയിച്ചപ്പോൾ മാത്രമാണ് കുഞ്ഞിനെ നഷ്ടപ്പെട്ട വിവരം മാതാപിതാക്കൾ അറിയുന്നത്. തുടർന്നു കുട്ടിയുടെ മാതാപിതാക്കളുടെ മൊഴി പ്രകാരം കണ്ണനല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ജില്ലാ പോലീസ് മേധാവി റ്റി നാരായണന്റെ നിർദേശപ്രകാരം കണ്ണനല്ലൂർ ഇൻസ്പെക്ടർ യു പി വിപിൻ കുമാറിന്റെ നേതൃത്വത്തിൽ ചാത്തന്നൂർ എ സി പി ഷൈനു തോമസിന്റെ മേൽ നോട്ടത്തിൽ അന്വേഷണം ശക്തമാക്കി. ചേരികോണം കോളനി , നല്ലില, കണ്ണനല്ലൂർ, തൃക്കോവിൽ വട്ടം തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
മോഷ്ടിച്ച സ്വർണം പ്രതി തന്റെ സുഹൃത്തും ബന്ധുവുമായ മണികണ്ഠനെ കൊണ്ട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ച് പണം കൈപ്പറ്റിയിരുന്നതായി പോലീസ് കണ്ടെത്തി. സംഭവം നടന്നു ഒരാഴ്ചയ്ക്കകം പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിഞ്ഞു.
പ്രതികൾ കുണ്ടറ, കിളികൊല്ലൂർ സ്റ്റേഷനുകളിൽ നിരവധി അടിപിടി കേസുകളിൽ പ്രതികളാണ്. യാതൊരു വിധ തെളിവുകളും അവശേഷിപ്പിക്കാതെ വളരെ കൗശലത്തോടെയാണ് പ്രതി മോഷണം നടത്തിയത്.
മദ്യപാനം ശീലമാക്കിയ പ്രതി രാത്രികാലങ്ങളിൽ ബൈക്കിലും കാറിലും ചുറ്റി നടന്നു വീടുകളുടെ പിൻ വാതിൽ തുറന്നാണ് മോഷണം നടത്തുന്നത്. ആശാരി പണിക്കാരനായ പ്രതിയും ബന്ധുവും ആദ്യമായാണ് മോഷണ കേസിൽ അറസ്റ്റിൽ ആകുന്നത്.