ഹോളിവുഡിൽ മാത്രമല്ല, ബോളിവുഡിലും കാര്യമായ ഷൂട്ടിംഗ് അപകടങ്ങൾ നടന്നിട്ടുണ്ട്. സിനിമയിലെ ദൃശ്യങ്ങൾ മികച്ചതാക്കാൻ ശ്രമിക്കുന്പോൾ എത്ര മുൻകരുതലുകൾ സ്വീകരിച്ചാലും പല തരത്തിലുള്ള അപകടങ്ങളും സംഭവിക്കുക സ്വഭാവികം.
ഇത്തരത്തിൽ ബോളിവുഡിൽ അപകടത്തിൽപ്പെട്ട നിരവധി നടൻമാരും നടിമാരുമുണ്ട്.1982ലാണ് അമിതാഭ് ബച്ചനു പരിക്കേൽക്കുന്നത്. കൂലി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ബിഗ്ബിക്ക് പരിക്കേറ്റത്. സഹനടൻ പുനീത് ഇസ്സാറുമായിട്ടുള്ള പോരാട്ട രംഗമാണ് അന്നു ചിത്രീകരിച്ചത്.
ഈ രംഗത്തിനിടെ പുനീതിന്റെ ഇടിയേറ്റ് അമിതാഭ് ബച്ചൻ വീണു. അടിവയർ മേശയിൽ ശക്തമായി ഇടിച്ചാണ് ബച്ചൻ വീണത്. പക്ഷേ, ഇടി കൈവിട്ടുപോയി.
ഗുരുതരമായി പരിക്കേറ്റ ബച്ചനെ ഉടനെ ആശുപത്രിയിലേക്കു മാറ്റി. പുനിത് ഇസാറിന്റെ ആ ഇടിയിൽ വീണ അമിതാഭ് ബച്ചൻ മരണത്തിന്റെ വക്കുവരെ എത്തിയെന്നു പറയാം. ബച്ചൻ മരിച്ചു എന്നായിരുന്നു അക്കാലത്തെ അഭ്യൂഹം. ആശുപത്രിയിലെത്തിച്ച സ്ഥിതി കണ്ടപ്പോൾ ആൾ മരിച്ചു എന്ന നിഗമനത്തിലായിരുന്നു ആദ്യം ഡോക്ടർമാരും.
തിരിച്ചുവരവ്
മാസങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിലാണ് ബിഗ് ബി ജീവിതത്തിലേക്ക് അവിശ്വസനീയമായി തിരിച്ചുവന്നത്. ശരിക്കും ഒരു സിനിമാസ്റ്റൈൽ തിരിച്ചുവരവ് എന്നു പറയാം. ആഴ്ചകളോളം കോമ അവസ്ഥയിലായി. അടുത്തിടെ തന്റെ ജീവിതത്തിലെ ഈ കറുത്ത ഓർമ ട്വിറ്ററിലൂടെ വീണ്ടും അദ്ദേഹം ആരാധകരുമായി പങ്കുവച്ചിരുന്നു.
കൂലിയിലെ ആ ഇടിയിൽ ഞാൻ വീണുപോയി. മരണത്തിന്റെ വക്കിലെത്തി. പിന്നെ എഴുന്നേറ്റു. അതിനെ അതിജീവിച്ചു. എവിടെയാണ് നിർത്തിയത് അവിടേയ്ക്കു തിരിച്ചുവന്നു… എന്നെ വീഴ്ത്തിയ ഇടിയെ ഇടിച്ചുവീഴ്ത്തിക്കൊണ്ടു തന്നെ… എഴുന്നേൽക്കൂ, പോരാടൂ. ഒരിക്കലും വിട്ടുകൊടുക്കരുത് ഇങ്ങനെയാണ് ബച്ചൻ ട്വിറ്ററിൽ കുറിച്ചത്.
മൻമോഹൻ ദേശായിയുടെ കൂലിയിൽ ഇഖ്ബാൽ അസ്ലം ഖാൻ എന്ന ചുമട്ടു തൊഴിലാളിയായാണ് ബച്ചൻ വേഷമിട്ടത്. ബാംഗ്ലൂർ സർവകലാശാല കാന്പസിൽ നടന്ന ചിത്രീകരണത്തിനിടെ ജൂലൈ 26നാണ് ബച്ചന് പരിക്കേറ്റത്. 200 പേർ ദാനം ചെയ്ത 60 കുപ്പി രക്തം അദ്ദേഹത്തിനു കയറ്റിയിരുന്നു.
ഇതിനിടെ മറ്റൊരു കുഴപ്പവും സംഭവിച്ചു. രക്തം ദാനം ചെയ്തരിൽ ഒരാൾക്ക് ഹെപ്പിറ്റൈറ്റിസ് ബി ബാധിച്ചിരുന്നു. ഇതുമൂലം ബച്ചനു സിറോസിസ് ബാധിക്കുകയും കരളിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്തു. ഇതിനെയെല്ലാം അതിജീവിച്ചാണ് ബച്ചൻ തിരികെ വന്നത്.
ഈ സംഭവത്തെത്തുടർന്നാണ് ഹെപ്പിറ്റൈറ്റിസ് ബി വാക്സിന്റെ പ്രചാരണത്തിനുവേണ്ടി ബച്ചൻ ഇറങ്ങിത്തുടങ്ങിയത്. 1983 ജനുവരിയിലാണ് പിന്നീട് ബച്ചൻ ഷൂട്ടിംഗിന് തിരിച്ചെത്തിയത്. ബച്ചന്റെ പരിക്ക് കാരണം ചിത്രത്തിന്റെ ക്ലൈമാക്സ് വരെ മാറ്റിയാണ് പിന്നീടു ചിത്രീകരിച്ചത്.
(തുടരും)
തയാറാക്കിയത്: എൻ.എം