മഞ്ചേരി: ജാതകം വില്ലനാവുമ്പോള്‍ കല്യാണം നടക്കാതെ വരുന്ന യുവാക്കളുടെ എണ്ണം അത്ര കുറവല്ല. അങ്ങനെ ജാതകച്ചേര്‍ച്ച നോക്കി പ്രായം കടന്നു പോവുന്നതു മിച്ചം. ഇത്തരത്തില്‍ ആറ് വര്‍ഷത്തോളമായി വിവാഹാലോചനകളുമായി നടന്നെങ്കിലും ഒന്നു പോലും നടക്കാതെ ആയപ്പോള്‍ അറ്റകൈ പ്രയോഗമെന്ന നിലയിലാണ് ”എനിക്ക് 34 വയസ്സായി, എന്റെ കല്യാണം ഇതുവരെ കഴിഞ്ഞിട്ടില്ല. അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പരിചയത്തിലുള്ളവര്‍ അറിയിക്കുമല്ലൊ” എന്നൊരു കുറിപ്പ് രഞ്ജീഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
പെണ്ണന്വേഷിച്ച് മടുത്ത് ഒന്നും ശരിയാകാതായപ്പോഴാണ് അറ്റകൈക്ക് രഞ്ജീഷ് ഇങ്ങനൊരു കുറിപ്പ് പരസ്യം പോലെ ഫേസ്ബുക്ക് വാളില്‍ കൊടുത്തത്. സുഹൃത്തുക്കളില്‍ ചിലര്‍ പരിഗണിച്ചേക്കും എന്നു കരുതി വലിയ പ്രതീക്ഷ കൊടുക്കാതെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഈയൊരു കുറിപ്പ് പക്ഷേ രഞ്ജീഷിനെ ഞെട്ടിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് ഷെയറും ലൈക്കുകളുമായി സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായി എന്നു പറഞ്ഞാല്‍ മതിയല്ലോ
തന്റെ 27ആം വയസ് മുതല്‍ ആലോചന തുടങ്ങിയപ്പോള്‍ ജാതകമാണ് ഇടംകോലിട്ടത്. ഇത്രകാലവും അന്വേഷിച്ചു മടുത്തപ്പോഴാണ് തന്നെ മനസ്സിലാക്കുന്ന പെണ്ണുമാത്രം മതിയെന്ന ചിന്തയില്‍ ഇങ്ങനെയൊരു ഫേസ്ബുക്ക് പരസ്യം നല്‍കിയത്. സ്വന്തം ഫോണ്‍ നമ്പറും കുറിപ്പിനോടൊപ്പം ചേര്‍ത്തിരുന്നു.
നിലവില്‍ ഈ വിവാഹ പരസ്യം അയ്യായിരത്തിലധികം ലൈക്കും രണ്ടായിരത്തോളം ഷെയറും നേടിക്കഴിഞ്ഞു. പരസ്യം വെറുതെ വൈറലാകുക മാത്രമല്ല ചെയ്തത് രഞ്ജീഷിന് ഇതിന്റെ ഗുണവുമുണ്ടായി. ഇപ്പോള്‍ നിരവധിയാളുകളാണ് വിവാഹാലോചനയുടെ കാര്യം സംസാരിക്കാനായി രഞ്ജീഷിനെ വിളിക്കുന്നത്. എന്തായാലും 27 വയസ്സു മുതല്‍ പെണ്ണന്വേഷിച്ച് നടന്നിട്ട് ഒന്നും ശരിയാകാതിരുന്നതിന്റെ നിരാശയില്‍ നിന്ന് ഇപ്പോള്‍ തുടരെ ആലോചനകള്‍ വരുന്നതിന്റെ സന്തോഷത്തിലാണ് രഞ്ജീഷ്. മഞ്ചേരി പുല്ലാറ സ്വദേശിയായ രഞ്ജീഷ് ഫോട്ടോഗ്രാഫറാണ്. രഞ്ജീഷിന് ആശംസകള്‍ നേര്‍ന്നും വിവരങ്ങള്‍ അന്വേഷിച്ചും നിരവധി കമന്റുകളാണ് പോസ്ററിന് ലഭിച്ചത്. ഈ ബുദ്ധി തങ്ങള്‍ക്ക് നേരത്തെ തോന്നാത്തതിലും പലരും പരിതപിക്കുന്നുമുണ്ട്. കമന്റുകളും മറുപടികളും കണ്ടിട്ട് ഇവിടെ ഒന്നിലധികം കല്യാണങ്ങള്‍ നടക്കുമെന്നാണ് ചിലരുടെ അഭിപ്രായം.