കുറേയേറെ പേരിൽ പുറംവേദനയ്ക്ക് കാരണമാകാറുള്ളത് അമിത വണ്ണമാണ്. പൊണ്ണത്തടിയുള്ളവരിൽ പുറത്തെ പേശികൾക്ക് കൂടുതൽ ഭാരം താങ്ങേണ്ടി വരുന്നതാണ് പൊണ്ണത്തടിയും പുറവേദനയുമായുള്ള ബന്ധം.
അതുകൊണ്ടാണ് പൊണ്ണത്തടിയുള്ളവരിൽ പുറംവേദനയ്ക്കുള്ള ചികിത്സയുടെ പ്രധാന ഭാഗം പൊണ്ണത്തടി കുറയ്ക്കുകയാണ് എന്ന് പറയുന്നത്.
എവിടെ കിടക്കണം?
എല്ലാ ജീവജാലങ്ങളുടേയും ലക്ഷ്യം സുഖമായി ജീവിയ്ക്കുകയാണ്. മനുഷ്യന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. മനുഷ്യൻ സുഖമായിരിക്കുന്നതിന് സ്വീകരിക്കുന്ന രീതികൾ പലതും പുറംവേദനയ്ക്ക് കാരണമാകുന്നതാണ്.
ഉദാഹരണത്തിന് കിടന്നുറങ്ങുന്നത് നല്ല പതുപതുത്ത മെത്തയിൽ ആയിരിക്കണം എന്ന് പലർക്കും നിർബന്ധമാണ്.ശരീരത്തിലെ അസ്ഥികൾക്ക് അസ്ഥികളുമായി ചേർന്നു നിൽക്കുന്ന പേശികളാണ് എപ്പോഴും താങ്ങായി പ്രവർത്തിക്കുന്നത്. ‘
കൂടുതൽ മാർദ്ദവമുള്ള മെത്തയിൽ കിടന്ന് ഉറങ്ങുമ്പോൾ ഈ പേശികൾക്ക് അവയുമായി യോജിച്ച് കിടക്കുന്ന അസ്ഥികൾക്ക് താങ്ങായി പ്രവർത്തിക്കാൻ കഴിയുകയില്ല.
ഇങ്ങനെയുള്ള ചിന്ത കാരണം പലരും മരക്കട്ടിലിലോ തറയിലോ കിടന്നുറങ്ങാറുണ്ട്. അതും നല്ല നടപടിയാണ് എന്ന് പറയാൻ കഴിയില്ല. ഒരു പലകക്കട്ടിലിൽ മൂന്ന് ഇഞ്ചിൽ കൂടുതൽ കനം ഇല്ലാത്ത മെത്തയിൽ കിടന്ന് ഉറങ്ങുന്നതാണ് നല്ലത്.
രോഗങ്ങളുടെ ഭാഗമായും
വേറെ ചില രോഗങ്ങളുടെ ഭാഗമായിട്ടായിരിക്കും പലരിലും പുറംവേദന ഉണ്ടാകുന്നത്. അസ്ഥികളെ ബാധിക്കുന്ന രോഗങ്ങൾ, നട്ടെല്ലിലും പേശികളിലും ഉണ്ടാകുന്ന നീർക്കെട്ട്, കശേരുക്കൾക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങൾ, പ്രായം കൂടിയവരിൽ പ്രായക്കൂടുതലിന്റെ ഭാഗമായി സംഭവിക്കുന്ന കുറവുകൾ തുടങ്ങിയവയെല്ലാം അസ്വസ്ഥതകളാകുന്നത് പുറംവേദന ആയിട്ടായിരിക്കും.
ഇങ്ങനെയുള്ള പ്രശ്നങ്ങളുമായി വരുന്നവരിൽ കൂടുതൽ പരിശോധനകൾ ആവശ്യമായി വരും.ശരിയായ രോഗനിർണയം നടത്തുന്നത് ശരിയായ ചികിത്സ നൽകാൻ ആവശ്യമാണ്.
ഡോക്ടറെ കാണണോ?
അതുകൊണ്ട്, പുറംവേദന അനുഭവിക്കുന്നവർ ആദ്യം മനസ്സിലാക്കേണ്ടത് എല്ലാ പുറംവേദനകളും ഒന്നല്ല എന്നുള്ളതാണ്. മരുന്നുകൾ കഴിച്ച ശേഷവും പുറംവേദന തുടരുകയാണ് എങ്കിൽ അത് ശ്രദ്ധിക്കണം.
അടുത്തുള്ള ഒരു ഡോക്ടറെ പോയി കാണണം. അദ്ദേഹം നിർദ്ദേശിക്കുന്ന പരിശോധനകൾ ചെയ്യണം. മരുന്നുകൾ കഴിക്കുന്നതും വ്യായാമവും ഡോക്ടർ പറയുന്നത് പോലെ അനുസരിക്കുയും വേണം.
എള്ളെണ്ണ ചെറിയ ചൂടിൽ…
പരിശോധനകളുടെ ഫലങ്ങൾ എല്ലാം നോർമലായാണ് കാണുന്നത് എങ്കിൽ ആശ്വസിക്കാം. വേദന ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ ഒന്നും കണ്ടെത്താൻ കഴിയുന്നില്ല എങ്കിൽ അൽപം എള്ളെണ്ണ ചെറിയ ചൂടിൽ വേദനയുള്ള ഭാഗത്ത് പുരട്ടി അഞ്ച് മിനിറ്റ് സമയം മൃദുവായി തടവി ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. കുറച്ച് ദിവസങ്ങൾ വിശ്രമിക്കുന്നതും നല്ലതാണ്.
വ്യായാമം
പുറത്തെ പേശികൾക്ക് ബലം കിട്ടാൻ സഹായിക്കുന്ന ചില വ്യായാമങ്ങളുണ്ട്. അത് ഡോക്ടർ പറഞ്ഞു തരുന്നതാണ്. പുറംവേദനകൾ, അത് ഏത് കാരണമായി ഉണ്ടായതാണ് എങ്കിലും പൂർണമായും സുഖപ്പെടുത്താൻ കഴിയുന്ന അറിവുകൾ ഇപ്പോൾ ലഭ്യമാണ്.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ – 9846073393