തിരുവനന്തപുരം: കുട്ടികളെ സ്ക്കൂളിൽ വിടാൻ രക്ഷകർത്താക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും കുട്ടികളുടെ സാമൂഹിക, മാനസിക വളർച്ച പ്രധാനമാണെന്നും പ്രമുഖ ശ്വാസകോശ രോഗ വിദഗ്ധനും തിരുവനന്തപുരം കിംസ് ആശുപത്രിയിലെ സീനിയർ കണ്‍സൾട്ടന്റുമായ ഡോ. കെ.എ. അമീർ.
കുട്ടികളിൽ കോവിഡ് ഗുരുതരമാകില്ലെന്നാണ് കഴിഞ്ഞ ഒന്നര വർഷത്തിലേറെയായുള്ള ചികിത്സാ അനുഭവം തെളിയിക്കുന്നത്. വളരെ ചെറിയ ശതമാനം പേരിൽ കോവിഡ് അനുബന്ധ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്.
മൾട്ടിസിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രോം പോലെയുള്ള ബുദ്ധിമുട്ടുകൾ വന്നാലും അതു ചികിത്സിച്ചു സുഖപ്പെടുത്താവുന്നതാണെന്നും അദേഹം പറഞ്ഞു. കോവിഡും ചികിത്സാ രീതികളും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദേഹം.
കോവിഡ് കുറച്ചധികം കാലം നമുക്കു ചുറ്റും ഉണ്ടാകുമെന്നും അതുമായി ചേർന്നു ജീവിക്കാൻ പഠിക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ടതെന്നും സെമിനാറിൽ സംസാരിച്ച കിംസിലെ അസോസിയേറ്റ് കണ്‍സൾട്ടന്റ് ഡോ. മുഹമ്മദ് നിയാസ് അഭിപ്രായപ്പെട്ടു.
സിറോ പ്രിവലൻസ് സർവേ ഫലം നോക്കിയാൽ പകുതിയോളം കുട്ടികൾക്കും അസുഖം വന്നിട്ടുണ്ട്. അതേസമയം രോഗവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ അവരിൽ കുറവായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.