കോട്ടയം: നഗരസഭയ്ക്ക് യാത്രക്കാരുടെ വക നന്ദി. ബേക്കർ ജംഗ്ഷനിൽ നിന്ന് കുമരകം റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ വെയ്റ്റിംഗ് ഷെഡിൽ ബസ് കാത്തു നിൽക്കുന്നവർ കുറേ നാളായി ബുദ്ധിമുട്ടിലായിരുന്നു. ഓടയിൽ മലിനജലം കെട്ടിക്കിടന്നുണ്ടായ രൂക്ഷഗന്ധം മൂലം യാത്രക്കാർക്ക് വെയ്റ്റിംഗ് ഷെഡിലോ പരിസരത്തോ നിൽക്കാൻ പോലും കഴിയുമായിരുന്നില്ല.
അതുവഴി നടന്നു പോകുന്നവർ പോലും വെയ്റ്റിംഗ് ഷെഡിനു മുന്നിലെത്തുന്പോൾ മൂക്കുപൊത്തും. അതായിരുന്നു സ്ഥിതി. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഷ്ട്രദീപിക ചിത്രം സഹിതം വാർത്ത പ്രസിദ്ധീകരിച്ചു. വാർത്ത ശ്രദ്ധയിൽപ്പെട്ട നഗരസഭ ആരോഗ്യ വിഭാഗം ഉടൻ ഇടപെട്ടു. ഹെൽത്ത് ഇൻസ്പെക്ടർമാരായ അഞ്ജു, ജേക്കബ്സണ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
ഇന്നലെ തൊഴിലാളികൾ ഓടയുടെ മൂടി നീക്കി പരിശോധിച്ചു. സമീപത്തെ ഇടറോഡിലേക്ക് പോകുന്ന ഭാഗത്തെ സ്ലാബ് ഒടിഞ്ഞ് ഓടയിൽ വീണതാണ് മലിനജലം ഒഴുക്ക് തടസപ്പെടാൻ കാരണമെന്നു കണ്ടെത്തി. തടസം നീക്കി ജലമൊഴുക്ക് സുഗമമാക്കി.
ഇനി സമീപത്തെ വെള്ളക്കെട്ട്കൂടി പരിഹരിക്കാമോ എന്നറിയാനായി ബാക്കി സ്ലാബ്കൂടി ഉയർത്തി നോക്കുമെന്ന് ഹെൽത്ത് വിഭാഗം അറിയിച്ചു. വാർത്ത വന്നയുടൻ തന്നെ ജനങ്ങളുടെ ദുരിതമകറ്റാൻ ഇത്രയെങ്കിലും ചെയ്ത നഗരസഭ ആരോഗ്യ വിഭാഗത്തിനാണ് യാത്രക്കാർ അഭിനന്ദനം അറിയിക്കുന്നത്.