അസ്വസ്ഥതയും അസഹ്യമായ വേദനയും ഉണ്ടാക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് പുറംവേദന. പുറംവേദനയുടെ തീവ്രത വിവരിക്കാൻ പ്രയാസമാണ് എന്ന് പറയുന്നവരുണ്ട്. ഇപ്പോൾ പുറംവേദന കുറേ പേരുടെ സഹയാത്രികനായി മാറിയിരിക്കുന്നു.
വളഞ്ഞിരുന്ന് ഉറങ്ങിയാൽ…
പുറംവേദന ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ അവരവർ തന്നെയാണ് ഉണ്ടാക്കുന്നത്.വളഞ്ഞ് തിരിഞ്ഞുള്ള ഇരിപ്പ്, പൊണ്ണത്തടി, കൂടുതൽ പതുപതുപ്പുള്ള മെത്ത, ചാരുകസേര, കൂടുതൽ ഉയരമുള്ള തലയിണ, ടൂ വീലറിലും ത്രീ വീലറിലും കൂടുതൽ യാത്ര ചെയ്യുക, എന്നിവയെല്ലാം പുറംവേദന ഉണ്ടാകുന്നതിന് വ്യക്തമായ കാരണങ്ങളാണ്. കസേരയിൽ ഇരുന്ന് ജോലി ചെയ്യുന്നവർ പലരും മുൻപോട്ട് വളഞ്ഞ് ഇരിക്കുന്നതായാണ് കാണാറുള്ളത്.
കസേരയിൽ വളഞ്ഞിരുന്ന് ഉറങ്ങുന്നവരും നട്ടെല്ല് വളച്ച് മേശമേൽ കൈവെച്ച് ഇരുന്ന് ഉറങ്ങുന്നവരും ധാരാളമാണ്.
കുഷൻ ഉപയോഗിക്കാം
ഒാഫീസിനകത്തും പുറത്തും ജോലി ചെയ്യുന്നവരും അല്ലാത്തവരും കസേരയിൽ ഇരിക്കുമ്പോൾ കഴിയുന്നതും നട്ടെല്ല് വളയ്ക്കാതെ നിവർന്ന് ഇരിക്കുന്നതാണ് നല്ലത്. അങ്ങനെ ഇരിക്കുന്നതിന് ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ പുറത്ത് ഒരു കുഷ്യൻ ഉപയോഗിച്ച് നോക്കാം.
ഒരേ പൊസിഷനിൽ
വളഞ്ഞും തിരിഞ്ഞും ഒരേ പൊസിഷനിൽ തുടർച്ചയായി കുറേ സമയം ഇരുന്ന് ജോലി ചെയ്യുന്നവരിൽ പുറത്തെ പേശികൾക്ക് കൂടുതൽ അധ്വാനഭാരം ഉണ്ടാകുകയും അതിന്റെ ഫലമായി നട്ടെല്ലിനു നൽകേണ്ട താങ്ങ് വേണ്ട രീതിയിൽ നൽകാൻ ഈ പേശികൾക്ക് കഴിയാതെ വരികയും ചെയ്യുന്നു. ഏറ്റവും കൂടുതൽ പേരിൽ പുറംവേദന ഉണ്ടാകാറുള്ളത് ഇങ്ങനെയാണ്.
വളഞ്ഞ് ജോലി ചെയ്താൽ…
പുറംവേദനയെ അകറ്റി നിർത്താൻ സ്ത്രീകൾ പ്രത്യേകം ശ്രദ്ധിക്കണം. നിലം തൂത്തുവാരുമ്പോഴും തറ തുടയ്ക്കുമ്പോഴും പാത്രങ്ങൾ കഴുകുമ്പോഴും തണി നനയ്ക്കുമ്പോഴുമെല്ലാം കൂടുതൽ സ്ത്രീകളും കാര്യമായി അകത്തേക്ക് വളയാറുണ്ട്.
അല്ലെങ്കിൽ നന്നായി കുനിഞ്ഞാണ് ഈ ജോലികൾ ചെയ്യാറുള്ളത്. ഇങ്ങനെ വളഞ്ഞ രീതിയിൽ ജോലി ചെയ്യുന്നതും പുറത്തെ പേശികൾക്ക് കൂടുതൽ അധ്വാനഭാരം വരുത്തി വയ്ക്കുന്നതു പുറംവേദനയ്ക്ക് കാരണമാകും.
കുട്ടികളുടെ കാര്യത്തിൽ
കുട്ടികൾ പലരും പഠിക്കുന്ന സമയങ്ങളിൽ പല പൊസിഷനുകളിൽ ഇരുന്നും കിടന്നുമെല്ലാമാണ് പഠിക്കാറുള്ളത്. പഠിക്കുന്ന കുട്ടികളുടെ കാര്യത്തിൽ അവരുടെ പുറംവേദനയുടെ മുഖ്യ കാരണം ഈ പൊസിഷനുകൾ ആണെന്ന് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.
(തുടരും)
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ – 9846073393