അസ്വസ്ഥതയും അസഹ്യമായ വേദനയും ഉണ്ടാക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് പുറംവേദന. പുറംവേദനയുടെ തീവ്രത വിവരിക്കാന്‍ പ്രയാസമാണ്. ഇപ്പോള്‍ പുറംവേദന കുറേ പേരുടെ സഹയാത്രികനായി മാറിയിരിക്കുന്നു. പുറംവേദന ഉണ്ടാകുന്നതിനുള്ള കാരണങ്ങള്‍ അവരവര്‍ തന്നെയാണ് ഉണ്ടാക്കുന്നത്.
വളഞ്ഞുതിരിഞ്ഞുള്ള ഇരിപ്പ്, പൊണ്ണത്തടി, കൂടുതല്‍ പതുപതുപ്പുള്ള മെത്ത, ചാരുകസേര, കൂടുതല്‍ ഉയരമുള്ള തലയിണ, ടൂവീലറിലും ത്രീവീലറിലും കൂടുതല്‍ യാത്ര ചെയ്യുക എന്നിവയെല്ലാം പുറംവേദനയുടെ കാരണങ്ങളാണ്.
ഇരുന്ന് ജോലി ചെയ്യുന്പോൾ
കസേരയില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ പലരും മുന്പോട്ട് വളഞ്ഞ് ഇരിക്കുന്നതായാണ് കാണാറുള്ളത്. കസേരയില്‍ വളഞ്ഞിരുന്ന് ഉറങ്ങുന്നവരും നട്ടെല്ല് വളച്ച് മേശമേല്‍ കൈവെച്ച് ഇരുന്ന് ഉറങ്ങുന്നവരും ധാരാളമാണ്.
ഓഫീസിനകത്തും പുറത്തും ജോലി ചെയ്യുന്നവരും അല്ലാത്തവരും കസേരയില്‍ ഇരിക്കുമ്പോള്‍ കഴിയുന്നതും നട്ടെല്ല് വളയ്ക്കാതെ നിവര്‍ന്ന് ഇരിക്കുന്നതാണ് നല്ലത്. അങ്ങനെ ഇരിക്കുന്നതിനു ബുദ്ധിമുട്ട് തോന്നുന്നുവെങ്കില്‍ കുഷ്യൻ ഉപയോഗിച്ചുനോക്കാം.
ഒരേ പൊസിഷനില്‍ തുടര്‍ച്ചയായി
വളഞ്ഞും തിരിഞ്ഞും ഒരേ പൊസിഷനില്‍ തുടര്‍ച്ചയായി കുറേസമയം ഇരുന്ന് ജോലി ചെയ്യുന്നവരില്‍ പുറത്തെ പേശികള്‍ക്ക് കൂടുതല്‍ അധ്വാനഭാരം ഉണ്ടാവുകയും അതിന്റെ ഫലമായി നട്ടെല്ലിനു നല്‍കേണ്ട താങ്ങ് വേണ്ടരീതിയില്‍ നല്കാന് ഈ പേശികള്‍ക്ക് കഴിയാതെ വരികയും ചെയ്യുന്നു. ഏറ്റവും കൂടുതല്‍ പേരില്‍ പുറംവേദന ഉണ്ടാകാറുള്ളത് ഇങ്ങനെയാണ്.
സ്ത്രീകളിൽ
പുറംവേദന അകറ്റി നിര്‍ത്താന്‍ സ്ത്രീകള്‍ പ്രത്യേകം ശ്രദ്ധിക്കണം. നിലം തൂത്തുവാരുമ്പോഴും തറ തുടയ്ക്കുമ്പോഴും പാത്രങ്ങള്‍ കഴുകുമ്പോഴും തുണി നനയ്ക്കുമ്പോഴും കൂടുതല്‍ സ്ത്രീകളും കാര്യമായി അകത്തേക്ക് വളയാറുണ്ട്. അല്ലെങ്കില്‍ നന്നായി കുനിഞ്ഞാണ് ഈ ജോലികള്‍ ചെയ്യാറുള്ളത്.
ഇങ്ങനെ വളഞ്ഞ രീതിയില്‍ ജോലി ചെയ്യുന്നതും പുറത്തെ പേശികള്‍ക്ക് കൂടുതല്‍ അധ്വാനഭാരം വരുത്തിവയ്ക്കുന്നതു പുറംവേദനയ്ക്കു കാരണമാകും.
കുട്ടികളിൽ
പല കുട്ടികളും പഠിക്കുന്ന സമയങ്ങളില്‍ പല പൊസിഷനുകളില്‍ ഇരുന്നും കിടന്നുമെല്ലാമാണ് പഠിക്കാറുള്ളത്. പഠിക്കുന്ന കുട്ടികളുടെ കാര്യത്തില്‍ അവരുടെ പുറംവേദനയുടെ മുഖ്യ കാരണം ഈ പൊസിഷനുകള്‍ ആണെന്ന് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
(തുടരും)
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ ഫോൺ – 9846073393