വൈദ്യശാസ്ത്രം അമ്പേ പരാജയപ്പെടുന്നു ഈ ബാക്ടീരിയകള്‍ക്കു മുമ്പില്‍ ! ആന്റി ബയോട്ടിക്കുകളെ തോല്‍പ്പിക്കുന്ന ബാക്ടീരിയകളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നു; സര്‍വ മരുന്നുകളും നിഷ്ഫലമാകുമെന്ന ചിന്തയില്‍ ശാസ്ത്രജ്ഞര്‍

വൈദ്യശാസ്ത്ര രംഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ആന്റിബയോട്ടിക്കുകളുടെ കണ്ടുപിടിത്തം വൈദ്യശാസ്ത്ര രംഗത്തിലെ നാഴികക്കല്ലുകളില്‍ ഒന്നായിരുന്നു. എന്നാല്‍ ആന്റിബയോട്ടിക്കുകളെ അതിജീവിക്കാനുള്ള ശേഷി ബാക്ടീരിയകള്‍ ആര്‍ജിച്ചെടുക്കുന്നതായാണ് ശാസ്ത്രജ്ഞരുടെ ഇപ്പോഴത്തെ കണ്ടെത്തല്‍. എന്തിനും ഏതിനും ആന്റിബയോട്ടിക്കുകള്‍ കുറിക്കുന്ന ഡോക്ടര്‍മാരും സ്വയം ചികിത്സയ്ക്കായി ആന്റിബയോട്ടിക്കുകള്‍ തിരഞ്ഞെടുക്കുന്നവരുമൊക്കെയാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. മരുന്നിനെ അതിജീവിക്കാനുള്ള ശേഷി അമിത മരുന്നുപയോഗത്തിലൂടെ ബാക്ടീരിയകള്‍ക്ക് ലഭിക്കുന്നു.

ബാക്ടീരിയ മൂലമുള്ള അണുബാധകൊണ്ടുണ്ടാകുന്ന അസുഖങ്ങള്‍ക്ക് മാത്രമേ ആന്റിബയോട്ടിക്കുകള്‍ ഫലിക്കുകയുള്ളൂ. മരുന്നുകളുടെ ദുരുപയോഗവും അമിതോപയോഗവും പെട്ടെന്നു ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന രോഗങ്ങളുടെപോലും ചികിത്സ പ്രയാസമാക്കിയിരിക്കുന്നു. ബാക്ടീരിയകള്‍ നിലവിലുള്ള ആന്റിബയോട്ടിക്കുകളെ ചെറുക്കാന്‍ ശക്തി നേടിയതാണു കാരണം. ഇതോടെ, സാധാരണ രോഗങ്ങള്‍ക്കുപോലും കൂടിയ ഡോസിലുള്ള മരുന്നുകള്‍ കഴിക്കണമെന്നതായി സ്ഥിതി.

ചുമയ്ക്കും ശ്വാസകോശ സംബന്ധിയായ അലര്‍ജികള്‍ക്കും ഉപയോഗിച്ചിരുന്ന പല ആന്റി ബയോട്ടിക്കുകളും ഇപ്പോള്‍ ഫലം ചെയ്യാതായി തുടങ്ങിയിട്ടുണ്ട്. അടുത്തിടെ നടന്നൊരു പഠനമനുസരിച്ച് ലോകത്തെ 70 ശതമാനം ബാക്ടീരികളും മൂന്നാം തലമുറ ആന്റിബയോട്ടിക്കായ സെഫലോസ്പോറിനെ പ്രതിരോധിക്കാന്‍ ശക്തിയാര്‍ജിച്ചുകഴിഞ്ഞു. ഇനി കണ്ടെത്തേണ്ടത് ഇതിലും ശേഷിയുള്ള മരുന്നാണ്. ആന്റിബയോട്ടിക്കുകള്‍ ഫലിക്കാതെ വന്നാല്‍, നിയന്ത്രിക്കപ്പെട്ട പല രോഗങ്ങളും ശക്തിയോടെ തിരിച്ചുവരുന്ന സ്ഥിതിവിശേഷമാകും ഉണ്ടാവുക.

ആന്റിബോട്ടിക്കുകളെ അതിജീവിക്കാന്‍ കഴിയുന്ന സൂപ്പര്‍ബഗ്ഗുകളെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. എം.ആര്‍.എസ്.എ.യും ക്ലോസ്ട്രിഡിയവും പോലുള്ള സൂപ്പര്‍ബഗ്ഗുകള്‍ അത്തരത്തിലുള്ളതാണ്. ഇതിനൊപ്പം ചികിത്സയെ പ്രതിരോധിക്കുന്ന ഫംഗല്‍ ഇന്‍ഫെക്ഷനും ഇപ്പോള്‍ ഭീഷണിയുയര്‍ത്തുന്നു. ആന്റിബയോട്ടിക്കുകള്‍ പോലെ ആന്റിഫംഗല്‍ മരുന്നുകളും പരാജയപ്പെടുകയാണെങ്കില്‍ അത് പകര്‍ച്ചവ്യാധികള്‍ പെരുകുന്നതിനും കൂട്ടമരണങ്ങള്‍ക്കും ഇടയാക്കുമെന്നാണ് വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

സാധാരണ മരുന്നുകള്‍കൊണ്ട് കീഴ്പ്പെടുത്താനാകാത്ത ഫംഗല്‍ ഇന്‍ഫെക്ഷനുകളുയര്‍ത്തുന്ന ഭീഷണിയിലൂടെയാണ് ലോകം കടന്നുപോകുന്നതെന്ന് സയന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഇതൊരു വലിയ പ്രതിസന്ധിയാണ് ലോകത്തിനുമുന്നിലുണ്ടാക്കിയിരിക്കുന്നതെന്ന് ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ ഫംഗല്‍ എപ്പിഡമോളജി വിഭാഗം പ്രൊഫസ്സര്‍ മാത്യു ഫിഷര്‍ പറയുന്നു. ഭൂമിയിലെല്ലായിടത്തും ഫംഗസിന്റെ സാന്നിധ്യമുണ്ടെന്നതും ഈ ഭീഷണിയുടെ തീവ്രതയേറ്റുന്നു.

വായുവിലും നമ്മുടെ ത്വക്കിലും മണ്ണിലും ഭക്ഷണത്തിലും വെള്ളത്തിലും ശരീരത്തിനുള്ളിലെ ദഹനവ്യവസ്ഥയിലുമൊക്കെ അവ ജീവിക്കുന്നുണ്ട്. ദശലക്ഷക്കണക്കിന് വിഭാഗങ്ങള്‍ നിലവിലുണ്ട്. ശരീരത്തിന്റെ പ്രതിരോധ ശേഷി അവയെ തടുത്തുനിര്‍ത്തുന്നതുകൊണ്ടാണ് ഇവയൊന്നും അപകടകരമായി മാറാത്തത്. എന്നാല്‍, ചിലപ്പോഴൊക്കെ ഈ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടും. രോഗമോ മറ്റേതെങ്കിലും കാരണംകൊണ്ടോ ആകാമിത്. അപ്പോഴാണ് ഫംഗല്‍ ഇന്‍ഫെക്ഷനുകള്‍ ഉണ്ടാകുന്നത്. മരുന്നുകള്‍ ഫലിക്കാതെ വരുന്നതോടെ, ഭീഷണി ഇരട്ടിക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍ അനാവശ്യമായി മരുന്നുകഴിക്കുന്നവരും അതു കുറിച്ചു കൊടുക്കുന്നവരുമാണ് കാര്യങ്ങള്‍ ഈ അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചത്.

Related posts