തലശേരി: ഏഴാം ക്ലാസിൽ പഠിക്കുന്ന 29 വിദ്യാർഥിനികളെ “ബാഡ് ടച്ച് ” നടത്തിയെന്ന പരാതിയിൽ യുപി സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. അറസ്റ്റിലായ കോഴിക്കോട് സ്വദേശിയായ അധ്യാപകനെ കോടതി റിമാൻഡ് ചെയ്തു. എന്നാൽ അധ്യാപകൻ ദുരുദ്ദേശത്തോടെ തങ്ങളുടെ ദേഹത്ത് തൊട്ടിട്ടില്ലെന്നും തങ്ങൾ പറഞ്ഞത് ചൈൽഡ് ലൈൻ പ്രവർത്തകർ തെറ്റിദ്ധരിച്ചതാണെന്നും വ്യക്തമാക്കി കൊണ്ട് വിദ്യാർഥികൾ ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് അംഗത്തിനു മുമ്പാകെ ഹാജരായി.
അധ്യാപകനെതിരെ പോലീസിനു മൊഴി നൽകാനും വിദ്യാർഥികൾ തയാറായില്ല. കഴിഞ്ഞ ദിവസം ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിംഗിനിടയിലാണ് സംഭവങ്ങളുടെ തുടക്കം.”ബാഡ് ടച്ച് ഗുഡ് ടച്ച് ” എന്നതായിരുന്നു വിഷയം.
കൈകൾ ഉൾപ്പെടെ ശരീരത്തിന്റെ ഏതൊക്കെ ഭാഗങ്ങളിൽ തൊട്ടാൽ ബാഡ് ടച്ച് ആകും എന്ന് കൗൺസിലിംഗ് നടത്തുന്നവർ വിശദീകരിച്ചപ്പോഴാണ് 29 വിദ്യാർഥിനികൾ ബാഡ് ടച്ച് സംബന്ധിച്ച് അധ്യാപകനെതിരെ മൊഴി നൽകിയത്. ഇത് രേഖപ്പെടുത്തിയ ചൈൽഡ് ലൈൻ പ്രവർത്തകർ മൊഴി ധർമ്മടം പോലീസിന് കൈമാറുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയമായിരുന്നു.
അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതോടെയാണ് കുട്ടികളും രക്ഷിതാക്കളും ധർമ സംഘടത്തിലായത്. ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടികൾ പറഞ്ഞത് തെറ്റിദ്ധരിച്ചതാണെന്നും അധ്യാപകൻ ദുരുദ്ദേശത്തോടെ കുട്ടികളെ സ്പർശിച്ചിട്ടില്ലെന്നുമാണ് ചൈൽഡ് വെൽഫെയർ കമ്മറ്റി അംഗത്തിനു മുന്നിൽ എത്തിയ രക്ഷിതാക്കൾ പറയുന്നത്.
ജയിലിലടക്കപ്പെട്ട അധ്യാപകന്റെ കാര്യത്തിൽ തങ്ങൾക്കൊന്നും ചെയ്യാനില്ലെന്ന് ചൈൽഡ് വെൽഫെയർ കമ്മറ്റിയും പോലീസും വ്യക്തമാക്കിയതോടെ കോടതിയിൽ നേരിട്ടെത്തി മൊഴി നൽകാനുള്ള ഒരുക്കത്തിലാണ് കുട്ടികളൂം രക്ഷിതാക്കളും.