ശബരിമല കയറി വിപ്ലവം സൃഷ്ടിച്ച കനകദുര്‍ഗയ്ക്ക് ജീവിതത്തില്‍ തിരിച്ചടികള്‍ തുടരുന്നു. ഒരു സുപ്രഭാതത്തില്‍ വീട്ടില്‍ നിന്ന് അപ്രത്യക്ഷയായശേഷം ഒരുമാസത്തോളം അജ്ഞാതകേന്ദ്രത്തില്‍ കഴിഞ്ഞ ഭാര്യയെ ഇനി വേണ്ടെന്നാണ് ഭര്‍ത്താവ് കൃഷ്ണനുണ്ണി പറയുന്നത്. വിവാഹമോചന ഹര്‍ജിയുമായി മുന്നോട്ടു പോകാനുള്ള ഒരുക്കത്തിലാണ് ഭര്‍ത്താവും വീട്ടുകാരും. കൃഷ്ണനുണ്ണി എടുക്കുന്ന തീരുമാനത്തോട് പിന്തുണ അറിയിച്ച് കനകദുര്‍ഗയുടെ വീട്ടുകാരും രംഗത്തെത്തി. തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് കനകദുര്‍ഗ ഇപ്പോള്‍.
ശബരിമല കയറി വിപ്ലവം സൃഷ്ടിക്കാനൊരുങ്ങിയപ്പോള്‍ ഒപ്പം നിന്ന വിപ്ലവനേതാക്കളും ആക്ടിവിസ്റ്റുകളും ഇപ്പോള്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന പരാതിയും കനകദുര്‍ഗയ്ക്കുണ്ട്. കനകദുര്‍ഗ കോടതിയുത്തരവിലൂടെ അങ്ങാടിപ്പുറത്തെ ഭര്‍തൃവീട്ടില്‍ എത്തിയെങ്കിലും തനിച്ചാണു താമസം. കനകദുര്‍ഗ്ഗ എത്തിയതോടെ കൃഷ്ണനുണ്ണി മാതാവ് സുമതിയമ്മയ്ക്കും 12 വയസുള്ള ഇരട്ടക്കുട്ടികള്‍ക്കുമൊപ്പം വാടകവീട്ടിലേക്കു താമസം മാറിയിരുന്നു. എന്നാല്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കഴിയാന്‍ അവസരമാവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് അവര്‍.
വിവാഹബന്ധം വേര്‍പെടുത്താനൊരുങ്ങുന്നതായും ഇതിനായി ഹര്‍ജി നല്‍കാനായി രണ്ട് അഭിഭാഷകരെ കണ്ടതായുമാണ് വിവരം. സുഹൃത്ത് ബിന്ദുവിനൊപ്പം മല ചവിട്ടാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതോടെ കനകദുര്‍ഗ ദിവസങ്ങളോളം അജ്ഞാതവാസത്തിലായിരുന്നു. ഇരുളിന്റെ മറവില്‍ പോലീസിന്റെ സഹായത്തോടെ ദര്‍ശനം നടത്തിയതിനു ശേഷവും ഏതാനും ദിവസം ഒളിച്ചുതാമസിച്ചു.