തലശേരി: ഏഴാം ക്ലാസിൽ പഠിക്കുന്ന 29 വിദ്യാർഥിനികളെ “ബാഡ് ടച്ച് ‘ നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന യുപി സ്കൂൾ അധ്യാപകൻ ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യ ഹർജി ഫയൽ ചെയ്തു. കോഴിക്കോട് സ്വദേശിയായ അധ്യാപകനു വേണ്ടി അഡ്വ. കെ.വിശ്വനാണ് ജാമ്യഹർജി ഫയൽ ചെയ്തത്. ചൈൽഡ് ലൈൻ പ്രവർത്തകർ തെറ്റായ നിലയിൽ ക്ലാസെടുത്തതാണ് നിരപരാധിയായ അധ്യാപകൻ ജയിലിലടക്കപ്പെടാൻ ഇടയാക്കിയിട്ടുളളത്.
അധ്യാപകർ കുട്ടികളെ സ്പർശിക്കുന്നത് ഇത്തരത്തിൽ ദുർവ്യാഖ്യാനം ചെയ്താൽ അത് സമൂഹത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് അഡ്വ. കെ.വിശ്വൻ സമർപ്പിച്ച ജാമ്യ ഹർജിയിൽ പറഞ്ഞു. ഇതിനിടയിൽ അധ്യാപകനെതിരെ ചൈൽഡ് ലൈനിന് മൊഴി നൽകിയ വിദ്യാർഥിനികളെ പോലീസ് വൈദ്യപരിശോധനക്ക് വിധേയമാക്കി.
ദുരുദ്ദേശത്തോടെ അധ്യാപകൻ തങ്ങളുടെ ദേഹത്ത് തൊട്ടിട്ടില്ലെന്നും തങ്ങൾ പറഞ്ഞത് ചൈൽഡ് ലൈൻ പ്രവർത്തകർ തെറ്റിദ്ധരിച്ചതാണെന്നും വ്യക്തമാക്കി കൊണ്ട് വിദ്യാർത്ഥികൾ ചൈൽഡ് വെൽഫെയർ കമ്മറ്റി അംഗത്തിനെ സമീപിച്ചിരുന്നു. കഴിഞ്ഞ ദിവസം ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിംഗിനിടയിലാണ് സംഭവങ്ങളുടെ തുടക്കം.”ബാഡ് ടച്ച് ഗുഡ് ടച്ച് ” എന്നതായിരുന്നു വിഷയം.
കയ്യുൾപ്പെടെ ദേഹത്തിന്റെ ഏതൊക്കെ ഭാഗങ്ങളിൽ തൊട്ടാൽ ബാഡ് ടച്ച് ആകും എന്ന് കൗൺസിലിങ്ങ് നടത്തുന്നവർ വിശദീകരിച്ചപ്പോഴാണ് 29 വിദ്യാർത്ഥിനികൾ ബാഡ് ടച്ച് സംബന്ധിച്ച് അധ്യാപകനെതിരെ മൊഴി നൽകിയത്.
ഇത് രേഖപ്പെടുത്തിയ ചൈൽഡ് ലൈൻ പ്രവർത്തകർ മൊഴി ധർമ്മടം പോലീസിന് കൈമാറുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതോടെയാണ് കുട്ടികളും രക്ഷിതാക്കളും ധർമ്മ സംഘടത്തിലായത്.