ചെന്നൈ: നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തുടര്‍ച്ചയായ രണ്ടാം കിരീടത്തിലേക്കു നയിക്കുകയെന്ന ലക്ഷ്യത്തോടെ ഐപിഎൽ പുതിയ സീസണിലിറങ്ങുന്ന ധോണി 2013 ലെ ഐപിഎല്‍ തന്റെ കരിയറിലെ കറുത്ത അധ്യായങ്ങളിലൊന്നാണെന്ന് വ്യക്തമാക്കി. റോര്‍ ഓഫ് ദി ലയണ്‍ എന്ന തന്നെക്കുറിച്ചുള്ള പുതിയ ഡോക്യുമെന്ററിയിലാണ് ധോണി ഇക്കാര്യം പറഞ്ഞത്.
2013ലാണ് വാതുവയ്പ്പുമായി ബന്ധപ്പെട്ടു സൂപ്പർ കിംഗ്സ് പ്രതിക്കൂട്ടിലാവുന്നത്. ഇതേ ത്തുടർന്ന് ടീമിനെ രണ്ടു വര്‍ഷത്തേക്കു ബിസിസിഐ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നു ധോണിയുള്‍പ്പെടെയുള്ള ചെന്നൈ ടീമിലെ മുഴുവന്‍ താരങ്ങളും പുതിയ ടീമുകളെ തേടിപ്പോകേണ്ടിവന്നു.
കഴിഞ്ഞ സീസണില്‍ സസ്പെന്ഷന് കഴിഞ്ഞുള്ള ചെന്നൈ ടീമിന്റെ മടങ്ങിവരവ് അതിഗംഭീരമായിട്ടായിരുന്നു. കിരീടവിജയത്തോടെയാണ് ധോണിയും ടീമും മടങ്ങിവരവ് ആഘോഷിച്ചത്. വാതുവയ്പ്പുമായി ബന്ധപ്പെട്ട് അന്നു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ ശരിക്കും ഷോക്കായിരുന്നുവെന്നും ടീമിനെ രണ്ടു വര്‍ഷത്തേക്കു സസ്പെന്‍ഡ് ചെയ്തത് അന്പരപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാതുവയ്ക്കുകയെന്നു പറയുന്നത് തനിക്ക് മരണത്തിനു തുല്യമായ കാര്യമാണ്. അത് കൊലപാതകത്തേക്കാള്‍ വലിയ കുറ്റമാണെന്നും ധോണി ചൂണ്ടിക്കാട്ടി. ഇന്ന് താന്‍ എന്താണോ, എന്തൊക്കെ നേട്ടങ്ങള്‍ കൈവരിച്ചോ അവയ്ക്കെല്ലാം കാരണം ക്രിക്കറ്റാണ്. അതുകൊണ്ടു തന്നെ ക്രിക്കറ്റിനെ ഒറ്റിക്കൊടുക്കുന്ന പ്രവൃത്തി തനിക്ക് കൊലപാതകത്തേക്കാള്‍ വലിയ കുറ്റമാകുന്നത്.
ആരെയെങ്കിലും കൊന്നാൽപ്പോലും താൻ വാതുവയ്പ്പിൽ പങ്കെടുക്കില്ലെന്നും ധോണി വ്യക്തമാക്കി. വാതുവയ്ക്കുന്നവരുടെ ലക്ഷ്യം പണമാണ്. പക്ഷേ, അതിനായി വാതുവയ്പ്പ് നടത്തിയാല്‍ ക്രിക്കറ്റിനെ പിന്നെ ജെന്റിൽമാൻസ് ഗെയിം എന്നു വിളിക്കാനാവില്ലെന്നും അത് ക്രിക്കറ്റിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടെസ്റ്റിലും ഏകദിനത്തിലുമെല്ലാം ചില ആവേശം നിറഞ്ഞ മത്സരങ്ങളുണ്ടാവാറുണ്ട്. ചിലപ്പോള്‍ അപ്രതീക്ഷിത ജയമോ പരാജയമോ സംഭവിക്കാം. അത്തരം മല്‍സരങ്ങള്‍ ചിലപ്പോള്‍ പലര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അപ്പോഴാണ് കളിയില്‍ വാതുവയ്പ്പ് നടത്തിട്ടുണ്ടാവാമെന്ന തരത്തില്‍ ആരാധകര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്- ധോണി പറഞ്ഞു.