കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന്റെ പ്രതിഫലനം സിനിമ ലോകത്തെ മാത്രമല്ല പ്രകമ്പനം കൊള്ളിച്ചത്. തിയറ്ററുകള്‍ വിട്ട് മിനിസ്ക്രീനിലും നടിയുടെ ആക്രമണം ചലനം സൃഷ്ടിക്കുകയാണ്. ഇപ്പോഴിതാ ടിവി രംഗത്തു നിന്നും പ്രധാനപ്പെട്ട വാര്‍ത്തയാണ് വന്നിരിക്കുന്നത്. ടിവി ചാനലുകളെ ബഹിഷ്കരിക്കുമെന്ന താരങ്ങളുടെ ഭീഷണിക്കു തക്ക മറുപടിയുമായി ചാനലുകളും രംഗത്തെത്തുകയാണ്. ഇനി മുതല്‍ ചാനല്‍ പരിപാടികളില്‍ അവതാരകരായ താരങ്ങളെ ഒഴിവാക്കാനാണ് ചാനലുകളുടെ തീരുമാനം.
ചാനലുകളിലെ പ്രധാനപ്പെട്ട താരങ്ങള്‍ സുരേഷ് ഗോപി, മുകേഷ്, ജഗദീഷ് തുടങ്ങിയവരാണ്. പലരും ലക്ഷങ്ങളാണ് ഓരോ എപ്പിസോഡിനും പ്രതിഫലം വാങ്ങുന്നത്. മുകേഷ് മുഖ്യ അവതാരകനായ ബഡായി ബംഗ്ലാവാണ് ഇക്കൂട്ടത്തില്‍ ശ്രദ്ധേയമായ പരിപാടി. ടാം റേറ്റിംഗിലും ബംഗ്ലാവ് മുന്നില്‍ തന്നെ. എന്നാല്‍ മുകേഷ് നടിയെ ആക്രമിച്ച കേസില്‍ വിവാദത്തിലായതോടെ പരിപാടിയിലും അതിന്റെ പ്രതിഫലനമുണ്ടായി. റേറ്റിംഗില്‍ വന്‍ ഇടിവുണ്ടായി. പോലീസ് ചോദ്യം ചെയ്ത ധര്മ്മജന് ബോള്‍ഗാട്ടിയും ഈ ഷോയിലെ താരമാണ്. വിവാദം പരിപാടിയെ ബാധിച്ചതോടെ മുകേഷിനെ ഒഴിവാക്കാനുള്ള തീരുമാനത്തിലാണ് ഏഷ്യാനെറ്റ്. റേറ്റിംഗില്‍ വിലയ ഇടിവുണ്ടായാല്‍ ബഡായി ബംഗ്ലാവ് വേണ്ടെന്ന് വയ്ക്കാനാണ് തീരുമാനം.
മോഹന്‍ലാലിനെ അവതാരകനായി അവതരിപ്പിച്ച് പഴയ പ്രതാപം തിരിച്ചുപിടിക്കാനൊരുങ്ങുന്ന അമൃത ടിവിക്കും പുതിയ വിവാദം തിരിച്ചടിയായേക്കും. ലാല്‍ അവതാരകനായെത്തുമെന്ന പരസ്യത്തിന് വലിയ ശ്രദ്ധ ലഭിക്കുകയുണ്ടായി. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ചാനലിന്റെ നിലപാട് വ്യക്തമല്ല. ഇതിനിടെ ടിവി ചാനലുകളുടെ ഷോകള്‍ക്ക് ഇനിയില്ലെന്ന് ചില താരങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ദിലീപിനെതിരെ വാര്‍ത്ത കൊടുത്ത ചാനലുകളെ ബഹിഷ്കരിക്കുമെന്നാണ് ഭീഷണി. എന്നാല്‍ ഇത് നടക്കില്ലെന്നാണ് വാണിജ്യ ലോകം വിലയിരുത്തുന്നത്. ടി വി റൈറ്റിലൂടെ കിട്ടുന്നത് ഭീമമായ തുകകളാണ്. പല നിര്‍മ്മാതാക്കള്‍ക്കും ആശ്വാസമാണ് ടിവി പ്രക്ഷേപണത്തില്‍ നിന്ന് ലഭിക്കുന്ന തുക. വിവാദങ്ങള്‍ സിനിമയുടെ ടിവി റേറ്റിംഗിനേയും കുറയ്ക്കും. ചില രണ്ടാംനിര താരങ്ങളെയാകും ചാനലുകളുടെ തീരുമാനം കാര്യമായി ബാധിക്കുക. സിനിമകളേക്കാള്‍ ടിവി ഷോകളിലൂടെയാണ് ഈ താരങ്ങള്‍ പലരും കാര്യമായി സമ്പാദിക്കുന്നത്.