മണ്ണാർക്കാട്: മലയോര കുടിയേറ്റകർഷകരും ആദിവാസികളും തിങ്ങിപ്പാർക്കുന്ന അട്ടപ്പാടിയിലേക്ക് അടിയന്തരമായി ബദൽ റോഡ് നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ ചിറക്കൽപ്പടിയിൽ നിന്നും കാഞ്ഞിരം, പൂഞ്ചോല, കുറുക്കൻകുണ്ട് വഴിയാണ് നിർദ്ദിഷ്ട ബൈപ്പാസിന്റെ ഘടന.
കനത്തമഴയും മണ്ണിടിച്ചിലും മൂലം ചുരംവഴിയുള്ള ഗതാഗതം സുഖകരമായിട്ടില്ല. 13 സ്ഥലങ്ങളിലാണ് മണ്ണിടിഞ്ഞും മരംവീണും ചുരം റോഡിലെ ഗതാഗതം തടസപ്പെട്ടത്. ഭാഗികമായി മാത്രമാണ് ചുരം റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത്. മഴമാറിയെങ്കിലും ചുരം റോഡിൽ മണ്ണിടിച്ചിലിനുള്ള സാധ്യതകൾ ഏറെയാണ്. അധികൃതർ ഇത് മനസിലാക്കുന്നില്ല.
ഓണം അവധി കഴിഞ്ഞ് വിദ്യാലയങ്ങൾ ഇന്നുമുതൽ തുറക്കുകകൂടി ചെയ്യുന്നതോടെ അട്ടപ്പാടിയിലേക്കുള്ള യാത്രാക്ലേശം വർധിക്കും. രണ്ടുതവണയായി ആഴ്ചകളോളം ഗതാഗതതടസം ഉണ്ടായിട്ടും അധികൃതർ യുക്തമായ നിലപാട് എടുക്കാൻ തയ്യാറാകുന്നില്ലെന്നാണ് പരാതി.
ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് അട്ടപ്പാടിയിലേക്ക് മണ്ണാർക്കാട് വഴി പോകുന്നത്. എന്നാൽ റോഡിന്റെ തകർച്ചയോടെ ഇവരെല്ലാം ദുരിതം അനുഭവിക്കുകയാണ്. ബദൽറോഡിന്റെ സർവേ നടപടികൾക്ക് പോലും തീരുമാനമായിട്ടില്ല. ബദൽ റോഡ് എന്നത് സ്വപ്നമായി മാറുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ ജനങ്ങൾ