മുംബൈ നഗരത്തിലെ അധോലോക നായകരായ ഹാജി മസ്താൻ, കരിം ലാല എന്നിവരുമായി രാജനു ചങ്ങാത്തമുണ്ടായിരുന്നു. ചെറിയ ഇടപാടുകളിൽ നേരിട്ടു സംഘത്തെ ഇറക്കി പണി നടത്തുന്ന രീതിയായിരുന്നില്ല വന്പന്മാർ പുലർത്തിയിരുന്നത്.
അതിനവർ പ്രാദേശിക ഗുണ്ടകളെ വിലയ്ക്കെടുക്കുകയായിരുന്നു. പ്രാദേശിക ഗുണ്ടാപ്രവർത്തനങ്ങൾക്കൊക്കെ ഹാജി മസ്താനും കരിംലാലയുമൊക്കെ രാജന്റെ സംഘത്തെ ഉപയോഗിക്കുമായിരുന്നു.
പിന്നീട് ചെന്പൂർ, തിലക് നഗർ പ്രദേശത്തെ അധോലോക നേതാവായി രാജൻ വളർന്നു. ഈ സാഹചര്യത്തിലാണ് ദാവൂദ് ഇബ്രാഹിം മറ്റൊരു വഴിയിലൂടെ മുംബൈ അധോലോകത്തു സജീവമാകുന്നത്.
ഹാജി മസ്താനും കരിംലാലയുമൊക്കെ അരങ്ങൊഴിഞ്ഞതോടെ മലയാളിയായ രാജന് ബഡാ രാജൻ എന്ന പേരിൽ അധോലോകത്ത് അറിയപ്പെട്ടുതുടങ്ങി.
ദാവൂദ് സംഘവുമായി രാജനും സംഘവും വളരെ പെട്ടെന്നുതന്നെ അടുത്തു. ദാവൂദുമായുള്ള ചങ്ങാത്തം രാജന്റെ വളർച്ചയ്ക്കും ദാവൂദിന്റെ വളർച്ചയ്ക്കും പരസ്പരം സഹായമായി മാറുകയായിരുന്നു. ഈ സമയത്തു തന്നെയായിരുന്നു മറ്റൊരു അധോലോക നേതാവായ അരുൺ ഗാവ്ലിയുടെയും ഉദയം.
ഛോട്ടാ രാജന്റെ വരവ്
സിനിമാ ടിക്കറ്റ് ബ്ലാക്ക് മാർക്കറ്റിംഗ് നടത്തിയ മറ്റൊരു കൂട്ടരും അക്കാലത്തു ബോംബെ നഗരത്തിൽ വളർന്നുവന്നിരുന്നു. രാജേന്ദ്ര നിക്കാൽജെ എന്ന യുവാവായിരുന്നു അവരുടെ നേതാവ്.
രാജേന്ദ്ര നിക്കാൽജെയുടെ അസാമാന്യ ധൈര്യവും മറ്റും അടുത്തറിഞ്ഞതോടെ ബഡാ രാജൻ തന്റെ സംഘത്തിലേക്കു രാജേന്ദ്ര നിക്കാൽജെയെ ക്ഷണിച്ചു.
അങ്ങനെ അയാൾ ബഡാ രാജന്റെ സംഘത്തിൽ ചേർന്നു.
പിന്നീട് ആ സംഘത്തിലെ രണ്ടാമനായി മാറിയതും പെട്ടെന്നായിരുന്നു. അങ്ങനെയാണ് രാജേന്ദ്ര നിക്കാൽജെയ്ക്കു ഛോട്ടാ രാജൻ എന്നു പേരു കിട്ടുന്നത്.
അമീർ സാദയെ കൊല്ലുന്നു
ദാവൂദ് ഇബ്രാഹിമിന്റെ സംഘവും പത്താൻ സംഘവും തമ്മിൽ അക്കാലത്തു വലിയ ശത്രുതയിലായിരുന്നു. കരിംലാലയുടെ അനന്തരവൻ സമദ് ഖാനും പത്താൻസംഘ നേതാവ് അമീർ സാദയും ചേർന്നു ദാവൂദിന്റെ സഹോദരൻ ഷബീർ ഇബ്രാഹിം കസ്കറിനെ കൊലപ്പെടുത്തി.
ഇതിനു പ്രതികാരമായി സമദ് ഖാനെ ദാവൂദ് സംഘം തീർത്തു. എന്നാൽ, സമദ് ഖാന്റെ കൊലപാതകത്തോടെ ദാവൂദിനു ദുബായിലേക്കു കളം മാറ്റേണ്ടി വന്നു. എന്നാൽ, ഇതുകൊണ്ടും പ്രതികാരം ഉപേക്ഷിക്കാൻ ദാവൂദ് തയാറായില്ല.
സഹോദരനെ വധിക്കാൻ സമദ് ഖാനൊപ്പം നിന്ന അമീർ സാദയെ തീർക്കാൻ ദാവൂദ് ബഡാ രാജനു ക്വട്ടേഷൻ കൊടുത്തു. ബഡാ രാജൻ ഈ ക്വട്ടേഷൻ ഏറ്റെടുത്തു. ബഡാ രാജന്റെ സംഘം 1983 ജൂലൈ ആറിനു മുംബൈ സെഷൻസ് കോടതിയിൽ വച്ച് അമീർസാദയെ വെടിവച്ചു കൊലപ്പെടുത്തി.
കോടതിയിൽ നടന്ന ഈ കൊലപാതകം വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചു. എന്നാൽ, ദിവസങ്ങൾക്കകം ഈ കൊലപാതകത്തിനു തിരിച്ചടിയുണ്ടായി.
പകരത്തിനു പകരം
ബഡാ രാജനുമായി ശത്രുതയിലുള്ള മറ്റൊരു സംഘം ചെന്പൂരിൽ ഉണ്ടായിരുന്നു. അയാളുമൊരു മലയാളിയായിരുന്നു. കാസർഗോഡുകാരനായ അബ്ദുൾ കുഞ്ഞ്.
ബഡാരാജൻ ദാവൂദ് ഇബ്രാഹിമിനു വേണ്ടി കൊലപ്പെടുത്തിയ അമീർ സാദയുടെ സുഹൃത്തായിരുന്നു അബ്ദുൾ കുഞ്ഞ്. അമീർ സാദയുടെ കൊലപാതകത്തിനു പകരം വീട്ടാൻ അഹമ്മദ് കുഞ്ഞും സംഘവും തീരുമാനിച്ചു.
അമീർ സാദ കൊല്ലപ്പെട്ടു കൃത്യം പതിനഞ്ചു ദിവസം കഴിഞ്ഞപ്പോൾ ബഡാ രാജനെയും അതേപോലെ തന്നെ അബ്ദുൾ കുഞ്ഞ് കൊലപ്പെടുത്തി. കോടതിക്കു മുന്നിലായിരുന്നു ഈ കൊലപാതകവും.
ബഡാ രാജന്റെ അപ്രതീക്ഷിത മരണത്തോടെ അദ്ദേഹത്തിന്റെ സംഘം അനാഥമായി. തലവൻ നഷ്ടപ്പെട്ടതോടെ ഇനിയെന്തു ചെയ്യുമെന്ന ചിന്ത സംഘാംഗങ്ങളെ അലട്ടി.
ഈ സമയത്താണ് ഛോട്ടാ രാജൻ നേതൃത്വമേറ്റെടുക്കാൻ മുന്നോട്ടുവന്നത്. അങ്ങനെ ഛോട്ടാരാജൻ ബഡാ രാജന്റെ പിൻഗാമിയായി അധോലോകം ഭരിക്കാനെത്തി.