രാമ നായിക്കിന്റെ പോലീസ് ഇടപെടൽ വഴി ഇല്ലാതാക്കിയതുപോലെ തങ്ങൾക്കു ഭാവിയിൽ ഭീഷണിയാകാൻ സാധ്യതയുണ്ടെന്നു തോന്നുന്നവരെ നേരത്തെ നോട്ടമിടുന്ന രീതി ദാവൂദ്-ഛോട്ടാ രാജൻ സംഘത്തിനുണ്ടായിരുന്നു.
ഒന്നുകിൽ തങ്ങളുടെ പക്ഷത്തേക്കു ചേർക്കും. അല്ലെങ്കിൽ ചുവടുറപ്പിക്കുംമുന്പേ തട്ടിക്കളയും. ഇതായിരുന്നു അവരുടെ രീതി.
തങ്ങളുടെ ആധിപത്യത്തിനു ഭീഷണിയായി ഇതിനകം വളർന്നുവരികയായിരുന്ന ബൈക്കുള സംഘത്തെ വില കുറച്ചുകാണാൻ ദാവൂദിനും രാജനും കഴിയുമായിരുന്നില്ല.
രാമനായിക്കിന്റെ മരണത്തിനു ശേഷം ബൈക്കുള സംഘത്തിന്റെ നേതൃത്വമേറ്റെടുത്തത് അശോക് ജോഷിയാണ്.
ദാവൂദ്- രാജൻ സംഘത്തിന്റെ മുംബൈയിലുള്ള അനുയായികൾക്കെതിരേ ജോഷി പ്രതികാര നടപടി ആരംഭിച്ചുകഴിഞ്ഞിരുന്നു.
മാസങ്ങൾക്കു ശേഷം 1988 ഒക്ടോബർ 25ന് കാഞ്ജുർമാർഗ് എന്ന സ്ഥലത്തുവച്ചു ജോഷിയും മൂന്ന് അനുയായികളും സഞ്ചരിച്ച കാറിനു നേരെ മാരുതി വാനിലെത്തിയ അജ്ഞാതസംഘം വെടിയുതിർത്തു.
അനുയായികൾ വെടിയേറ്റു വീണെങ്കിലും ജോഷി തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഇതോടെ ദാവൂദ്- ഛോട്ടാ രാജൻ സംഘം കൂടുതൽ ജാഗരൂകരായി.
മുറിവേറ്റ ശത്രു
മുറിവേറ്റ ശത്രു കൂടുതൽ അപകടകാരിയായിരിക്കുമെന്ന് അവർക്ക് അറിയാമായിരുന്നു. അതിനാൽ ദാവൂദും രാജനും എന്തു വിലകൊടുത്തും ആ ശത്രുവിനെ ഇല്ലാതാക്കിയേ തീരൂ എന്ന ഉറച്ച തീരുമാനത്തിലെത്തി.
ഇനി പിഴവുണ്ടാകാതിരിക്കാൻ കൂടുതൽ രൂക്ഷമായ ആക്രമണത്തിനാണ് അവർ വീണ്ടും കോപ്പു കൂട്ടിയത്.
കഷ്ടിച്ച് ഒന്നര മാസം കഴിഞ്ഞു ഡിസംബർ നാലിനു മുംബൈയിൽനിന്നു പൂന ഭാഗത്തേക്കു കാറിൽ യാത്ര ചെയ്യുകയായിരുന്ന ജോഷിക്കും സംഘത്തിനും നേരെ മറ്റൊരു മാരുതി വാനിലെത്തിയ സംഘം യന്ത്രത്തോക്കുകൾ ഉപയോഗിച്ച് 180 റൗണ്ട് വെടിയുതിർത്തു.
അശോക് ജോഷിയും അടുത്ത അനുയായികളായ ദിലീപ് ലാൻഡാഗെ, കരുണാകർ ഹെഗ്ഡെ എന്നിവരും തത്ക്ഷണം മരിച്ചുവീണു.
വാടകസംഘം
മായാ ദോലസ് എന്നയാളുടെ നേതൃത്വത്തിലുള്ള ക്രിമിനൽ സംഘമാണ് ജോഷിയുടെ കൊലയ്ക്കു പിന്നിലെന്നു പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
എതിരാളികളെ ഇല്ലാതാക്കാൻ തന്ത്രപരമായ രീതികളാണ് ദാവൂദ് -ഛോട്ടാ രാജൻ സംഘം സ്വീകരിച്ചിരുന്നത്.
ആക്രമണത്തിനു സംഘത്തെ നേരിട്ട് ഇറക്കാതെയുള്ള പരീക്ഷണം. ഒന്നുകിൽ ചെറുകിട ക്രിമിനൽ സംഘങ്ങളെ വാടകയ്ക്കെടുക്കും അല്ലെങ്കിൽ തങ്ങളുടെ ഇഷ്ടക്കാരായ പോലീസുമായുള്ള ഏറ്റുമുട്ടലിനു കളമൊരുക്കി പ്രതിയോഗികളെ വകവരുത്തും.
മുന്പ് ആമിർസാദയെ വധിക്കാൻ ബഡാ രാജനും ബഡാ രാജനെ വധിക്കാൻ സമദ് ഖാൻ സംഘവും പ്രയോഗിച്ച അതേ ശൈലിയുടെ കുറച്ചുകൂടി കുറ്റമറ്റ തുടർച്ചയായിരുന്നു അത്.
അശോക് ജോഷി കൊലക്കേസിലെ പ്രതിയായ മായാ ദോലസും ആറ് സംഘാംഗങ്ങളും 1991 നവംബറിൽ പൂനയ്ക്ക് സമീപം ലോഖണ്ഡ് വാലയിൽമഹാരാഷ്ട്ര പോലീസിസിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡി (എടിഎസ്)ന്റെ വെടിയേറ്റു മരിക്കുകയായിരുന്നു.
അശോക് ജോഷിക്കു ശേഷം ബൈക്കുള സംഘത്തിന്റെ നായകനായത് അരുണ് ഗാവ്ലിയാണ്. എന്നാൽ, മുൻഗാമികളിൽനിന്നു തികച്ചും വ്യത്യസ്തമായിരുന്നു ഇയാളുടെ രീതികൾ.
(തുടരും)