ഡി. ദിലീപ്
നവതിയുടെ നിറവിലും മലയാള സിനിമയുടെ “മധു സാറി’ന് പതിനേഴിന്റെ ചെറുപ്പമാണ്. അഭിനയവഴക്കങ്ങളുടെ അത്ഭുതസിദ്ധികൊണ്ട് കലാലോകത്ത് ആഴത്തിൽ അടയാളപ്പെടുത്തപ്പെട്ട ഈ മനുഷ്യന്റെ ജീവിതകാലം മലയാള സിനിമയുടെ ചരിത്രത്തിലെ മധുരിക്കുന്ന ഒരു കാലം കൂടിയാണ്.
എണ്ണമറ്റ പരീക്ഷണങ്ങളിലൂടെയും പരിണാമങ്ങളിലൂടെയും മലയാള സിനിമ സഞ്ചരിച്ചപ്പോൾ ആ മാറ്റത്തിനൊപ്പം മധുവിലെ നടൻ തലപ്പൊക്കത്തോടെ നടന്നു.
ഇരുളും വെളിച്ചവും ഇഴചേർന്ന ബ്ലാക്ക് ആൻഡ് വൈറ്റ് കാലം മുതൽ തിരശീലയ്ക്ക് വർണപ്പൊലിമ ചാർത്തിയ ഡിജിറ്റൽ യുഗം വരെ തലമുറകൾക്ക് പ്രതീക്ഷയും പ്രചോദനവുമായി അദ്ദേഹത്തിന്റെ പ്രതിഭാവിലാസം പടർന്നു.
നായകനും ഉപനായകനും വില്ലനും ഒക്കെയായി വെള്ളിത്തിരയിൽ ആടിത്തിമിർക്കുന്പോൾ തന്നെ സംവിധായകനും നിർമാതാവുമായി കൂടുവിട്ടു കൂടുമാറി സിനിമയെന്ന കലയെ കൈവിടാതെ കൂടെ നടന്നൊരാൾ.
നവതി ആഘോഷിക്കുന്ന വേളയിൽത്തന്നെ അഭിനയജീവിതത്തിന്റെ അറുപതാം വാർഷികവും ആഘോഷിക്കാൻ ഭാഗ്യം കിട്ടിയ മലയാള സിനിമാചരിത്രത്തിലെ ഒരേ ഒരു മഹാനടൻ.
തിരുവനന്തപുരം മേയറായിരുന്ന കീഴത് തറവാട്ടിൽ ആർ. പരമേശ്വരൻപിള്ളയുടെയും തങ്കമ്മയുടെയും മൂത്ത മകനായി 1933 സെപ്റ്റംബർ 23ന് ഗൗരീശപട്ടത്ത് ജനിച്ച മാധവൻ നായരുടെ ഉള്ളിൽ നടനാവുക എന്ന ആഗ്രഹം കുട്ടിക്കാലത്തുതന്നെ തിരനോട്ടം നടത്തിയിരുന്നു.
ഏഴാം വയസിൽ വിജെടി ഹാളിൽ വച്ച് അപ്പൂപ്പൻ പദ്മനാഭപിള്ള ഹാസ്യകഥാപാത്രമായി വേഷമിട്ട നാടകം കണ്ട കുഞ്ഞു മാധവന്റെ ഉള്ളിൽ നാടകത്തോടുള്ള കന്പം കയറിപ്പറ്റിയതാണ്.
എസ്എംവി സ്കൂൾ, പേട്ട സ്കൂൾ, സെന്റ് ജോസഫ് സ്കൂൾ എന്നിവിടങ്ങളിലെ പഠനകാലത്ത് നാടകം ലഹരിയും ആവേശവുമായി വളർന്നു.
തിരുവനന്തപുരത്തെ അമച്വർ നാടക പ്രസ്ഥാനം പൂത്തു തളിർത്ത കാലം മധുവിലെ നാടകക്കാരന്റെയും വളർച്ചയുടെ കാലമായിരുന്നു.
ബനാറസ് യൂണിവേഴ്സിറ്റിയിൽനിന്ന് എംഎ ബിരുദം സ്വന്തമാക്കി മടങ്ങിയെത്തിയ മധു കോളജ് അധ്യാപകനായി ജീവിതയാത്ര തുടർന്നു.
അപ്പോഴും നാടകത്തെ കൈവിടാൻ അദ്ദേഹം തയാറായില്ല. നാടകമെന്ന പ്രലോഭനം ജോലി രാജിവച്ച് നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ പഠനത്തിനു ചേരുന്നതു വരെ എത്തിച്ചു.
അവിടുത്തെ പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്പോൾ പി. മാധവൻ നായർ എന്ന മധുവിനെ മലയാളത്തിന്റെ വെള്ളിത്തിര കാത്തിരിക്കുകയായിരുന്നു. 1963ൽ എൻ.എൻ. പിഷാരടിയുടെ നിണമണിഞ്ഞ കാൽപാടുകൾ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം.
പട്ടാളക്കാരൻ സ്റ്റീഫനായി ചിത്രത്തിൽ തിളങ്ങിയ മധുവിനെ പ്രേക്ഷക ലോകം ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. രാമു കാര്യാട്ടിന്റെ മൂടുപടത്തിൽ വേഷമിട്ടതോടെ അഭിനയജീവിതത്തിൽ മധുവിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
രാമു കാര്യാട്ടിന്റെ ചെമ്മീനിലെ പരീക്കുട്ടി പ്രണയമുള്ള കാലത്തോളം മലയാളിയുടെ ഓർമയിൽ തങ്ങി നിൽക്കുന്ന തിളക്കമുറ്റ കഥാപാത്രമായി. ജീവിതത്തിന്റെ പല ഭാവങ്ങളാവാഹിച്ച കഥാപാത്രങ്ങളായി അദ്ദേഹം വെള്ളിത്തിരയിൽ ആടിത്തിമിർത്തു.
സൂപ്പർതാര പദവികൾക്കു പിന്നാലെ പോകാതെ നടനെന്ന സ്വത്വത്തിൽ അചഞ്ചലമായി നിലകൊണ്ടു.സത്യനും പ്രേംനസീറും സിനിമയിൽ കത്തിനിൽക്കുന്ന കാലമായിരുന്നിട്ടും മലയാള സിനിമയിൽ തന്റെ അഭിനയ മികവുകൊണ്ട് അദ്ദേഹം സ്ഥാനമുറപ്പിച്ചു.
ഭാർഗവീ നിലയം, ഉദ്യോഗസ്ഥ, വിരുന്നുകാരി, അശ്വമേധം, കള്ളിച്ചെല്ലമ്മ, ഹൃദയം ഒരു ക്ഷേത്രം, ഇതാ ഇവിടെ വരെ തുടങ്ങിയ ചലച്ചിത്രങ്ങൾ മധുവിന്റെ പകർന്നാട്ടങ്ങളിലൂടെ മലയാളിപ്രേക്ഷകരെ വിസ്മയിപ്പിച്ചു.
വൈക്കം മുഹമ്മദ് ബഷീർ, തകഴി, പി. കേശവദേവ്, ഉറൂബ്, പൊൻകുന്നം വർക്കി, ചങ്ങന്പുഴ, എം.ടി. വാസുദേവൻ നായർ തുടങ്ങിയവരുടെ
സാഹിത്യ കൃതികൾ സിനിമയായപ്പോൾ ആ സിനിമകളിലെ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായി മധു മാറി.വായനയിലൂടെ മലയാളിയുടെ ഉള്ളിൽ ചേക്കേറിയ കഥാപത്രങ്ങളെ വെള്ളിത്തിരയിൽ അനശ്വരമാക്കിയ അപൂർവം നടന്മാരിൽ ഒരാൾകൂടിയാണ് അദ്ദഹം.
ഒരു ഘട്ടത്തിൽ സമാനരീതിയിലുള്ള കഥാപാത്രങ്ങളിൽ താൻ തളച്ചിടപ്പെടുകയാണെന്നു തോന്നിയപ്പോൾ സംവിധാന രംഗത്തേക്കും അദ്ദേഹം ചുവടുവച്ചു.
1970ലാണ് അദ്ദേഹം സംവിധാനം ചെയ്ത പ്രിയ എന്ന സിനിമ പുറത്തിറങ്ങിയത്. ചിത്രത്തിലെ പ്രതിനായകനായ ഗോപൻ എന്ന കഥാപാത്രമായി എത്തി മധുവിലെ നടൻ കാണികളെ വീണ്ടും വിസ്മയിപ്പിച്ചു.
ആ വർഷത്തെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ചിത്രം സ്വന്തമാക്കി.സിന്ദുരച്ചെപ്പ്, തീക്കനൽ തുടങ്ങി 12 ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. പലതും അക്കാലത്തെ ഹിറ്റുകളായി.
അസ്തമയം, പ്രഭാതസന്ധ്യ തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം നിർമാതാവിന്റെ കുപ്പായവുമണിഞ്ഞു. മിനി എന്ന ചിത്രം 43-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര പട്ടികയിലും ഇടംപിടിച്ചു. പതിനഞ്ചോളം സിനിമകൾ നിർമിച്ച മധു മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവ് കൂടിയായി.
അമിതാഭ് ബച്ചന്റെ കന്നിച്ചിത്രമായ സാഥ് ഹിന്ദുസ്ഥാനിയിലൂടെ അദ്ദേഹം ഹിന്ദി സിനിമയിലും തന്റെ അഭിനയമികവ് കാട്ടി. തുടർന്നും ഹിന്ദി സിനിമകളിൽ അഭിനയിച്ച അദ്ദേഹം തമിഴ് സിനിമകളിലും തിളങ്ങി.
സത്യന്റെയും പ്രേം നസീറിന്റെയും
ഒപ്പം അഭിനയജീവിതം ആരംഭിച്ച അദ്ദേഹം സൂപ്പർതാരങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പവും വേഷമിട്ടു. തിരശീലയിലും പുറത്തും മലയാള സിനിമാ തറവാട്ടിലെ പുതുതാരങ്ങൾക്കൊപ്പം കാരണവരായി തിളങ്ങി.
അറുപതു വർഷത്തിനിടയിൽ അതുല്യമായ തന്റെ അഭിനയസിദ്ധിയിലൂടെ ഒട്ടേറെ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 2013ൽ രാജ്യം പദ്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. 2004ൽ സംസ്ഥാന സർക്കാർ ജെ.സി. ഡാനിയൽ പുരസ്കാരം സമ്മാനിച്ചും മധു എന്ന അതുല്യ നടനെ ആദരിച്ചു.
നവതിയുടെ നിറവിൽ പുതുതലമുറയിലെ താരങ്ങളുടെയും കലാപ്രവർത്തകരുടെയും സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി അദ്ദേഹം ഇപ്പോഴും അവർക്കൊപ്പം സജീവമായി തുടരുന്നു;
സിനിമ കണ്ടും വർത്തമാനം പറഞ്ഞും. കോവിഡ് കാലം മുതൽ തിയറ്ററിൽ പോയി സിനിമ കാണുന്നതു നിർത്തിയെങ്കിലും ഓണ്ലൈനിലൂടെ ഇപ്പോഴും അദ്ദേഹം പഴയതും പുതിയതുമായ സിനിമകൾ കണ്ടു കൊണ്ടേയിരിക്കുന്നു; സിനിമയെന്ന അത്ഭുതത്തക്കുറിച്ച് കണ്ടും കേട്ടും പഠിച്ചും മതിവരാത്ത ഒരു കുട്ടിയുടെ മനസോടെ..
അഭിനയകുലപതിക്കു നവതി മംഗളങ്ങൾ.