സീമ മോഹന്‍ലാല്‍
കൊച്ചി: കുട്ടിക്കാലത്ത് ആരുടെയും സങ്കടം കാണുന്നത് ബാദുഷയ്ക്ക് സഹിക്കില്ലായിരുന്നു. നിരാലംബര്‍ക്ക് തന്നാല്‍ കഴിയുന്ന സഹായമെത്തിക്കാന്‍ എന്നും മുന്നിലുണ്ടാകും. മലയാള സിനിമ എന്ന വെള്ളിവെളിച്ചത്തിലെത്തിയിട്ട് വര്‍ഷം 25 പിന്നിട്ടു.
പ്രശസ്ത പ്രൊഡക്ഷന്‍ കണ്ട്രോളറും നിര്‍മാതാവുമായി വളര്‍ന്നപ്പോഴും എന്‍.എം ബാദുഷയുടെ ആ ശീലത്തിന് മാറ്റമൊന്നും ഉണ്ടായില്ല. ഈ കൊറോണക്കാലത്ത് ആ കാരുണ്യത്തിന്റെ വിലയറിയുന്നവര്‍ നിരവധിയുണ്ട്.
കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ കാലത്താണ് ബാദുഷയുടെ നേതൃത്വത്തില്‍ കോവിഡ് കമ്മ്യൂണിറ്റി കിച്ചന് അഥവാ സിനിമ കിച്ചണ്‍ പ്രവര്‍ത്തനം തുടങ്ങിയത്.
നിര്‍മാതാവ് മഹാ സുബൈറുമായുള്ള സംഭാഷണത്തില്‍ ഉടലെടുത്ത ആശയമായിരുന്നു അത്. പ്രമുഖ നിര്‍മാതാക്കളായ ആന്റോ ജോസഫ്, അഷിഖ് ഉസ്മാന്, ഇച്ചയീസ് പ്രൊഡക്ഷന്‍സിന്റെ മനു, നടന് ജോജു ജോര്‍ജ് എന്നിവര്‍ ഒപ്പം നിന്നു.
നടന്മാരായ കുഞ്ചാക്കോ ബോബന്, ആസിഫ് അലി, സൗബിന് സാഹിര്‍ എന്നിവര്‍ സഹായമേകി.ഇരുന്നുറു പേര്‍ക്ക് ഭക്ഷണം നല്‍കാം എന്ന ചിന്തയില്‍ തുടങ്ങിയ കിച്ചണില്‍ നിന്ന് ആദ്യനാളുകളില്‍ 500 പേര്‍ക്കുള്ള ഭക്ഷണം ഉണ്ടാക്കി നല്കി.
കലൂര്‍ കറുകപ്പള്ളിയിലുള്ള കിച്ചണില്‍ ഉണ്ടാക്കിയ ഭക്ഷണം എറണാകുളത്തിന്റെ തീരമേഖലകളില്‍ തുടങ്ങി പെരുമ്പാവൂര്‍ അതിര്‍ത്തിവരെ വിളമ്പി.
ഭക്ഷണത്തിനായി തെരുവോരങ്ങളില്‍ നീളുന്ന കൈകളുടെ എണ്ണം കൂടിയപ്പോള്‍ ഭക്ഷണവിതരണം കഴിഞ്ഞ ഓഗസ്റ്റ് വരെ നീണ്ടു.
ദിവസവും ഒമ്പതിനായിരം പേര്‍ക്കുള്ള ഭക്ഷണം വരെ ഉണ്ടാക്കി നല്കി. സിനിമാരംഗത്തെയും പുറത്തെയും ചില നന്മയുള്ള മനസുകള്‍ ചെറിയ സഹായം നല്കിയതൊഴിച്ചാല് ഭക്ഷണ വിഭവങ്ങള്‍ക്കുള്ള ബാക്കി പണം ബാദുഷയുടെ പോക്കറ്റില്‍ നിന്നായിരുന്നു കണ്ടെത്തിയിരുന്നത്.
ഇത്തവണ ബാദുഷ ലവേഴ്സിലൂടെ
ബാദുഷയുടെ പേരിലുള്ള സമൂഹമാധ്യമ കൂട്ടായ്മയാണ് ബാദുഷ ലവേഴ്സ്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി 7,000ലധികം അംഗങ്ങളാണുള്ളത്. ഇത്തവണ ഈ കൂട്ടായ്മയ്ക്കു കീഴില്‍ കഴിഞ്ഞ മേയ് ഒമ്പതു മുതല്‍ ബാദുഷ എറണാകുളത്ത് ഭക്ഷണവിതരണം നടത്തുന്നുണ്ട്.
കോവിഡും കടല്‍ക്ഷോഭവും ബാധിച്ച തീരമേഖലകളിലുള്‍പ്പെടെ 600 പേര്‍ക്ക് ദിവസവും വൈകുന്നേരം ഭക്ഷണം നല്‍കുന്നുണ്ടെന്ന് എന്‍.എം ബാദുഷ പറഞ്ഞു. ആരോടും സഹായം ചോദിക്കുന്നില്ല. അറിഞ്ഞു നല്‍കുന്നവരുടെ ചെറിയ സഹായം മാത്രം- അദ്ദേഹം പറഞ്ഞു. ബാദുഷ ലവേഴ്സിലെ സന്നദ്ധപ്രവര്‍ത്തകരാണ് ഭക്ഷണവിതരണത്തിനുള്ളത്.
ഭക്ഷണവിതരണത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ബാദുഷയുടെ പ്രവര്‍ത്തനങ്ങള്‍. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ അര്‍ഹതപ്പെട്ട നിര്‍ധനകുടുംബങ്ങള്‍ക്ക് ഒരു മാസത്തേക്കുള്ള വിഭവങ്ങളടങ്ങിയ ഭക്ഷണകിറ്റ് എത്തിച്ചുകൊടുക്കുന്നുണ്ട്. ഒമ്പതുമാസമായി അര്‍ഹരായ 62 രോഗികള്‍ക്ക് മരുന്നുകള്‍ നല്കുന്നു.
വര്‍ഷങ്ങളായി 120 രോഗികള്‍ക്ക് ഡയാലിസിസ് ചെയ്തുകൊടുക്കുന്നുണ്ട്. ഈ സേവനം കോഴഞ്ചേരി, പാലക്കാട് എന്നിവിടങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനൊരുങ്ങുകയാണെന്ന് ബാദുഷ ഫാന്‍സ് ക്ലബ് സ്ഥാപകനും സിനിമ പിആര്‍ഒയുമായ ശിവപ്രസാദ് പറഞ്ഞു. 23 വിദ്യാര്‍ഥികളുടെ പഠനച്ചെലവും ബാദുഷ വഹിക്കുന്നുണ്ട്.
സ്വന്തമായി കല പഠിക്കാന്‍ സാമ്പത്തികമില്ലാത്ത കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനായി ബാദുഷ അക്കാദമി സ്ഥാപിച്ചിട്ടുണ്ട്. ഇതിനു കീഴില്‍ അര്‍ഹരായവര്‍ക്ക് സൗജന്യമായി കലാപഠനത്തിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് 500 വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പ്, ടിവി, മൊബൈല്‍ഫോണ്‍ ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്യുകയുണ്ടായി. പഠനോപകരണ വിതരണത്തിന് സിനിമ മേഖലയില്‍ നിന്നുള്ളവരുടെ സഹായം ഉണ്ടായിരുന്നു.