കോട്ടയം: ഒരു യുവതിയെ സമർഥമായി കബളിപ്പിച്ചു തലയൂരാൻ ഒരുങ്ങുകയായിരുന്ന ഇബ്രാഹിം ബാദുഷ എന്ന യുവാവ് അകത്തായത് തികച്ചും നാടകീയമായി.
കോട്ടയം മെഡിക്കൽ കോളജിൽ നവജാത ശിശുവിനെ കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചു പിടിയിലായ നീതുവിനെ ചോദ്യം ചെയ്തപ്പോഴാണ് അവിചാരിതമായി കാമുകൻ ഇബ്രാഹിം ബാദുഷയും ചിത്രത്തിലേക്കു വന്നത്.
നീതു കുഞ്ഞിനെ തട്ടിയെടുത്തുകൊണ്ടുപോയ സംഭവം പുറത്തുവന്നതോടെ പോലീസിന്റെ സംശയം നീതുവിന്റെ പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്നതായിരുന്നു.
കുഞ്ഞുങ്ങളെ തട്ടിയെടുക്കുന്ന ഏതെങ്കിലും റാക്കറ്റിന്റെ ഭാഗമാണോ നീതു എന്നും ആദ്യ ഘട്ടത്തിൽ പോലീസ് സംശയിച്ചിരുന്നു.
തുടർന്നാണ് നീതുവിനെ കൂടുതൽ ചോദ്യം ചെയ്തത്. ഇതോടെ കാമുകന്റെ കാര്യം തുറന്നു പറയാൻ നീതു നിർബന്ധിതയാവുകായായിരുന്നു.
തട്ടിയെടുക്കൽ സംഭവത്തിൽ കാമുകനു ബന്ധമൊന്നുമില്ലെന്നു വ്യക്തമായെങ്കിലും അല്പം പോലും സമയം കളയാതെ പോലീസ് കാമുകനെ എറണാകുളത്തുനിന്നു പൊക്കി കോട്ടയം ഗാന്ധിനഗർ സ്റ്റേഷനിൽ എത്തിച്ചു.
ആദ്യ ഘട്ടത്തിൽ കാമുകൻ ബാദുഷ ഈ കേസിൽ നിരപരാധിയാണെന്ന നിലപാടിലായിരുന്നു പോലീസ് എങ്കിലും നീതു കൂടുതൽ കാര്യങ്ങൾ തുറന്നു പറയാൻ തയാറായതോടെ നാടകീയമായി ബാദുഷ രണ്ടു കേസുകളിൽ പ്രതിയായി മാറി.
നീതുവിൽനിന്നു 30 ലക്ഷം രൂപയും ആഭരണങ്ങളും വഞ്ചിച്ചെടുത്ത കേസിലും നീതുവിന്റെ കുട്ടിയെ മർദിച്ച കേസിലുമാണ് ബാദുഷ പെട്ടത്.
ലക്ഷങ്ങളുടെ സമ്മാനങ്ങൾ നൽകിയിട്ടും കാമുകൻ തന്നെ ഉപേക്ഷിച്ചു പോകുമോ എന്ന ഭയമാണ് നീതു ഗർഭിണിയാണെന്ന കഥയുണ്ടാക്കിയതും മെഡിക്കൽ കോളജിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയതിനും കാരണമെന്നു നീതു ഒടുവിൽ തുറന്നു പറയുകയായിരുന്നു.
പലപ്പോഴായി സ്വർണവും 30 ലക്ഷം രൂപയുമാണ് കാമുകൻ ഇബ്രാഹിമിനു നൽകിയതെന്നാണ് നീതു പോലീസിനു നൽകിയ മൊഴി.
നീതു വിവാഹിതയും എട്ടു വയസുള്ള ആണ്കുട്ടിയുടെ അമ്മയുമാണ്. ഭർത്താവ് തിരുവല്ല കൂറ്റൂർ സ്വദേശി സുധീഷ് തുർക്കിയിലെ എണ്ണക്കന്പനിയിലാണ് ജോലി ചെയ്യുന്നത്.
കളമശേരിയിൽ വാടക വീട്ടിൽ താമസിച്ചു വരുകയായിരുന്നു ഈ കുടുംബം. സുധീഷ് എല്ലാ മാസവും വീട്ടിലെത്താറുമുണ്ട്.
ഇതിനിടയിൽ ടിക് ടോക് വഴിയാണ് ഇബ്രാഹിം ബാദുഷ എന്ന 28 കാരനുമായി പരിചയപ്പെടുന്നത്. പരിചയം പ്രണയത്തിനു വഴിമാറി. പിന്നീട് ഇബ്രാഹിം ബാദുഷയുടെ സ്ഥാപനത്തിലെ ജോലിക്കാരിയായി നീതു.
ഇതിനിടെ നീതു ഗർഭിണിയായി. കാമുകന്റെ നിർദേശപ്രകാരം ഗർഭം അലസിപ്പിച്ചു. പിന്നീട് ഇബ്രാഹിം ബാദുഷയുമായി ചേർന്നു മറ്റൊരു സ്ഥാപനം തുടങ്ങി.
ഇതിനിടയിൽ നീതുവിൽനിന്നു പലപ്പോഴായി ലക്ഷങ്ങൾ ഇബ്രാഹിം ബാദുഷ കൈക്കലാക്കിയിരുന്നു. നീതു രണ്ടാമതും ഗർഭിണിയായി.
ഇക്കാര്യം ഇബ്രാഹിം ബാദുഷയ്ക്കും അറിയാമായിരുന്നു. ഇയാൾ അറിയാതെ നീതു ഗർഭം അലസിപ്പിച്ചെങ്കിലും വിവരം ബാദുഷയെ അറിയിച്ചിരുന്നില്ല.
ഇതിനിടയിൽ ബാദുഷയുടെ വിവാഹം ഉറപ്പിച്ചു. വിവരം അറിഞ്ഞ നീതു തന്നെ വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബാദുഷ തയാറായില്ല.
തുടർന്നു താൻ ഗർഭിണിയാണെന്നും കോട്ടയം മെഡിക്കൽ കോളജിൽ പ്രസവ ചികിത്സിയിലാണെന്നും നീതു പറഞ്ഞു.
പിന്നീട് മെഡിക്കൽ കോളജിലെത്തി ഒരു കുട്ടിയെ തട്ടിയെടുക്കുവാനുള്ള പദ്ധതി ആലോചിക്കുകയായിരുന്നു. അങ്ങനെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ നീതു എത്തുന്നത്.
കഴിഞ്ഞ നാലു മുതൽ ഇവർ മെഡിക്കൽ കോളേജിനു സമീപമുള്ള ഹോട്ടലിൽ മുറിയെടുത്തു താമസിച്ചു വരികയായിരുന്നു. കൂടെ സ്വന്തം മകനും ഉണ്ടായിരുന്നു.
ആറിന് ഉച്ചകഴിഞ്ഞ് 3.30ന് ഗൈനക്കോളജിയിൽ എത്തി നവജാത ശിശുവിനെ തട്ടിയെടുത്തു താൻ താമസിച്ച മുറിയിൽ എത്തിയ ശേഷം താൻ ഒരു പെണ്കുട്ടിക്കു ജന്മം നൽകിയെന്നു പറഞ്ഞ് തട്ടിയെടുത്ത കുഞ്ഞിന്റെ ഫോട്ടോ ബാദുഷായ്ക്കും സഹോദരിക്കും വാട്ട്സ് ആപ്പിലൂടെ അയച്ചു കൊടുത്തു.
തന്നിൽനിന്നു വാങ്ങിയ 30 ലക്ഷം രൂപയും സ്വർണാഭരണവും വാങ്ങുന്നതിനും ബാദുഷയുടെ കുട്ടിയാണെന്നു പറഞ്ഞാൽ അയാൾതന്നെ വിവാഹം കഴിക്കുമെന്നുള്ള വിശ്വാസമാണ് നവജാത ശിശുവിനെ തട്ടിയെടുക്കുവാൻ കാരണമെന്നാണ് നീതു പറയുന്നത്.