ലണ്ടൻ: ലോക ബാഡ്മിന്റണിന് ഇന്നു മുതൽ പുതിയ നിയമം. ഇന്ന് ആരംഭിക്കുന്ന ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാന്പ്യൻഷിപ്പ് മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽവരിക. സർവീസിന്റെ കാര്യത്തിലാണ് നിയമം പൊളിച്ചെഴുതുന്നത്.
സർവീസ് ചെയ്യുന്പോൾ ഷട്ടിൽ, കോർട്ടിന്റെ പ്രതലത്തിൽനിന്ന് 1.15 മീറ്റർ (3.8 ഫീറ്റ്) ഉയരം വരെയേ പാടുള്ളൂ എന്നതാണ് പുതിയ നിയമം. എത്ര ഉയരമുള്ള കളിക്കാർ ആണെങ്കിലും ഷട്ടിൽ 1.15 മീറ്റർ ഉയരത്തിൽ കൂടുതൽ വച്ച് സർവീസ് ചെയ്യാൻ പാടില്ല. ഇതു നിർണയിക്കാൻ അന്പയർമാർക്ക് കൃത്യമായ മാനദണ്ഡവുമുണ്ട്.
സർവ് ചെയ്യുന്പോൾ ഷട്ടിൽ കളിക്കാരുടെ അരക്കെട്ടിനു താഴെ ആയിരിക്കണമെന്ന നിയമമാണ് പുതിയ നിയമത്തിനു വഴിമാറുന്നത്. പഴയ നിയമത്തിൽ കളിക്കാരുടെ ഉയരത്തിനനുസരിച്ച് സർവിൽ ഷട്ടിൽ ഉപയോഗിക്കുന്ന ഉയരവും വ്യത്യസ്തപ്പെട്ടിരുന്നു. സർവീസിന് ഏകീകൃത മാനദണ്ഡം കൊണ്ടുവരാനാണ് രാജ്യാന്തര ബാഡ്മിന്റണ്‍ ഫെഡറേഷന്റെ തീരുമാനം.
പുതിയ നിയമത്തിനെതിരേ കളിക്കാരും താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഉയരമുള്ള കളിക്കാർക്ക് ഇതു പ്രശ്നമാകുമെന്നതാണ് പ്രധാന വാദം. എന്നാൽ, സമ്മർദ്ദങ്ങൾക്കു വഴങ്ങാൻ രാജ്യാന്തര ബാഡ്മിന്റണ്‍ ഫെഡറേഷൻ തയാറല്ല.
ഇന്നാരംഭിക്കുന്ന ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ പ്രതീക്ഷയുമായി പി.വി. സിന്ധു, കിഡംബി ശ്രീകാന്ത്, സൈന നെഹ്വാൾ തുടങ്ങിയവർ കളത്തിലിറങ്ങും. ലോക ഒന്നാം നന്പറും നിലവിലെ വിനതാ സിംഗിൾസ് ജേതാവുമായ ചൈനീസ് തായ്പേയിയുടെ തായി ത്സു യിങ് ആണ് സൈനയുടെ എതിരാളി. പ്രകാശ് പദുക്കോണ്‍ (1980ൽ), പുല്ലേല ഗോപിചന്ദ് (2001ൽ) എന്നിവർ മാത്രമാണ് ഇന്ത്യയിൽനിന്ന് ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ കിരീടം നേടിയവർ.