ലണ്ടൻ: ഇന്ത്യൻ ബാഡ്മിന്റണ്‍ ചരിത്രത്തിലേക്ക് സുവർണ ലിപിയിൽ തങ്ങളുടെ പേര് ചേർത്ത് മലയാളിയായ പതിനെട്ടുകാരി ട്രീസ ജോളിയും പുല്ലേല ഗോപിചന്ദിന്റെ മകളും പത്തൊന്‍പതുകാരിയുമായ ഗായത്രി ഗോപിചന്ദും.
ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ സൂപ്പർ 1000 ചാന്പ്യൻഷിപ്പിന്റെ സെമിയിൽ പ്രവേശിച്ച് മെഡൽ ഉറപ്പിച്ചാണ് കൗമാര താരങ്ങളായ ട്രീസയും ഗായത്രിയും ചരിത്രം കുറിച്ചത്.
ഇന്ത്യൻ ബാഡ്മിന്റണിന്റെ ഡബിൾസ് ഭാവി വാഗ്ദാനങ്ങളാണ് തങ്ങളെന്ന് അടിവരയിടുന്ന അട്ടിമറി പ്രകടനത്തോടെയായിരുന്നു ഈ കൗമാര പെണ്കൊടികളുടെ സെമി ഫൈനൽ പ്രവേശം. സ്കോർ: 14-21, 22-20, 21-15.
ലോക രണ്ടാം നന്പർ താരങ്ങളായ കൊറിയയുടെ ഷൊഹീ ലീ – സ്വെൻചൻ ഷിൻ സഖ്യത്തെയാണ് ക്വാർട്ടറിൽ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ ട്രീസ – ഗായത്രി സഖ്യം അട്ടിമറിച്ചത്.
ലോക റാങ്കിംഗിൽ 56-ാം സ്ഥാനക്കാരാണ് ഈ കൗമാര താരങ്ങൾ എന്നതാണ് അട്ടിമറിയിലെ ഹൈലൈറ്റ്. ഇതോടെ ബാഡ്മിന്റണ്‍ ലോകത്തിലെ പ്രസ്റ്റീജിയസ് ടൂർണമെന്റായ സൂപ്പർ 1000ൽ സെമിയിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ സഖ്യം എന്ന ചരിത്രവും ഇവർ സ്വന്തമാക്കി.
ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ ഇന്ത്യയിലേക്ക് അവസാനമായി മെഡൽ കൊണ്ടുവന്നത് ഗായത്രിയുടെ പിതാവായ പുല്ലേല ഗോപിചന്ദ് ആയിരുന്നു, 2001ൽ പുരുഷ സിംഗിൾസ് സ്വർണം. വിഖ്യാത താരം പ്രകാശ് പദുക്കോണിലൂടെ ഓൾ ഇംഗ്ലണ്ട് മെഡൽ (1980 സ്വർണം, 1981 വെള്ളി) എത്തിയതിനും 20 വർഷത്തിനുശേഷമായിരുന്നു അത്.
ആദ്യ സെറ്റ് കൈവിട്ടശേഷം, രണ്ടാം സെറ്റിൽ രണ്ട് തവണ മാച്ച് പോയിന്റ് സേവ് ചെയ്തായിരുന്നു ഇന്ത്യൻ പെണ്‍കുട്ടികൾ വെന്നിക്കൊടി പാറിച്ചതെന്നതും ശ്രദ്ധേയം. ചൈനയുടെ സാങ് ഷൂ സിയാൻ – സെങ് യു സഖ്യമാണ് സെമിയിൽ ഇന്ത്യൻ സംഘത്തിന്റെ എതിരാളികൾ.
ലക്ഷ്യ സെൻ സെമിയിൽ
പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ഇരുപതുകാരനായ ലക്ഷ്യ സെൻ സെമിയിൽ. ക്വാർട്ടറിൽ ചൈനയുടെ ലൂ ഗുവാങ് സു പരിക്കിനെത്തുടർന്ന് പിന്മാറിയതോടെയാണ് ലക്ഷ്യ സെൻ സെമിയിൽ എത്തിമെഡൽ ഉറപ്പിച്ചത്. പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്തും വനിതാ സിംഗിൾസിൽ പി.വി. സിന്ധു, സൈന നെഹ്വാൾ തുടങ്ങിയർ പ്രീക്വാർട്ടറിൽ പുറത്തായിരുന്നു.