ക്വാലാലംപുർ: ബാഡ്മിന്റണ്‍ ഏഷ്യ ടീം ചാന്പ്യൻഷിപ് ചരിത്രത്തിൽ ഇന്ത്യക്ക് കന്നിസ്വർണം. വനിതാ ടീം വിഭാഗത്തിൽ ഫേവറിറ്റുകളായ തായ്ലൻഡിനെ 2-3ന് അട്ടിമറിച്ച് ഇന്ത്യ ചാന്പ്യൻഷിപ് കരസ്ഥമാക്കി. സെമിയിൽ ജപ്പാനെ അട്ടിമറിച്ച ഇന്ത്യ, ഫൈനലിൽ തായ്ലൻഡിനെയും കീഴടക്കി. പുരുഷ-വനിതാ ടീം വിഭാഗത്തിൽ ഇന്ത്യയുടെ ആദ്യ ഏഷ്യൻ സ്വർണ നേട്ടമാണിത്. പുരുഷ വിഭാഗത്തിൽ രണ്ട് തവണ ഏഷ്യൻ ബാഡ്മിന്റണ്‍ വെള്ളി നേടിയത് മാത്രമായിരുന്നു ഇതുവരെ ഇന്ത്യയുടെ അക്കൗണ്ടിലെ മെഡലുകൾ.
സെമിയിൽ ജപ്പാനെതിരേ സൂപ്പർ താരം പി.വി. സിന്ധു സിംഗിൾസിലും അശ്വിനി പൊന്നപ്പ – പി.വി. സിന്ധു സഖ്യം ഡബിൾസിലും പരാജയപ്പെട്ടിരുന്നു. എന്നാൽ, മലയാളി താരം ട്രീസ ജോളിയടക്കമുള്ള യുവതാരങ്ങളുടെ കരുത്തിൽ ഇന്ത്യ രണ്ട് ഡബിൾസും ഒരു സിംഗിൾസും ജയിച്ച് ഫൈനലിലെത്തി.
ഫൈനലിൽ ആദ്യ സിംഗിൾസിൽ പി.വി. സിന്ധു 21-12, 21-12ന് തായ്ലൻഡിന്റെ സുപനിദ കാറ്റെത്തോങിനെ തോൽപ്പിച്ച് ഇന്ത്യക്ക് 1-0ന്റെ ലീഡ് നൽകി. വനിതാ ഡബിൾസിൽ ട്രീസ ജോളി – ഗായത്രി ഗോപീചന്ദ് സഖ്യം മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ 21-16, 18-21, 21-16ന് വെന്നിക്കൊടി പാറിച്ചതോടെ സ്വർണത്തിലേക്ക് ഇന്ത്യക്കുള്ള അകലം ഒരു ജയം മാത്രമായി.
എന്നാൽ, മൂന്നാം മത്സരത്തിൽ അഷ്മിത ചലിഹ 21-11, 21-14ന് ബുസാനൻ ഒങ്ബാമൃങ്ഫാനിനോട് സിംഗിൾസിലും, പ്രിയ – ശ്രുതി മിശ്ര സഖ്യം ഡബിൾസിലും (21-11, 21-14) തോറ്റു. അതോടെ 2-2, അഞ്ചാം ഗെയിം നിർണായകമായി. അഞ്ചാം ഗെയിമായി നടക്കുന്ന സിംഗിൾസ് പോരാട്ടത്തിൽ ജയിക്കുന്ന ടീം ഏഷ്യൻ ചാന്പ്യന്മാരാകുമെന്ന സമ്മർദം അതിജീവിച്ച് അൻമോൽ ഖർബ് ഇന്ത്യയെ സ്വർണത്തിലെത്തിച്ചു.
സലാം അൻമോൽ, ട്രീസ
പതിനേഴുകാരിയായ അൻമോൽ ഖർബ് അഞ്ചാം മത്സരത്തിൽ നടത്തിയ പ്രകടനമാണ് സെമിയിലും ഫൈനലിലും ഇന്ത്യയുടെ ജയത്തിൽ നിർണായകം. അൻമോലിന്റെ ആദ്യ രാജ്യാന്തര ടൂർണമെന്റാണിത് എന്നതും മറ്റൊരു യാഥാർഥ്യം. കഴിഞ്ഞ ഒരാഴ്ചയായി തന്റെ പ്രായത്തിൽ കവിഞ്ഞ പക്വതയും കളിയുമാണ് അൻമോൽ ഖർബ് കോർട്ടിൽ കാഴ്ചവയ്ക്കുന്നത്. അതിന്റെ നേർസാക്ഷ്യമായിരുന്നു ഫൈനൽ പോരാട്ടം.
ലോക ജൂണിയർ ചാന്പ്യനായ പോണ്‍പിച്ച ചോയികെവോങിനെയാണ് അൻമോൽ ഫൈനലിലെ അഞ്ചാം മത്സരത്തിൽ നേരിട്ടുള്ള ഗെയിമുകൾക്കു കീഴടക്കിയത്. സ്കോർ: 21-14, 21-9. സെറ്റ് പോയിന്റ് നേടിയതോടെ സഹതാരങ്ങൾ കോർട്ടിലേക്ക് പാഞ്ഞെത്തി അൻമോലിനെ എടുത്തുയർത്തി ആഹ്ലാദം പങ്കിട്ടു.
സെമിയിലും ഫൈനലിലും മലയാളി താരം ട്രീസ ജോളിയുടെയും ഗായത്രി ഗോപീചന്ദിന്റെയും ഡബിൾസ് പ്രകടനവും ഇന്ത്യയുടെ ചരിത്ര സ്വർണത്തിൽ നിർണായകമായി. കണ്ണൂർ പുളിങ്ങോം സ്വദേശിയാണ് ട്രീസ.