ഹൊ ചി മിങ് സിറ്റി/ല്യൂവെൻ: ബാഡ്മിന്റണ്‍ കോർട്ടിൽ ഇന്ത്യക്ക് ഇരട്ടത്തിളക്കം. യുവതാരങ്ങളായ ലക്ഷ്യസെന്നും ദേശീയ ചാമ്പ്യന്‍ സൗരഭ് വര്‍മയും വ്യത്യസ്ത ടൂർണമെന്റിൽ കിരീടം ചൂടി. സൗരവ് വര്‍മ വിയറ്റ്നാം ഓപ്പണിലും ലക്ഷ്യ സെന്‍ ബെല്‍ജിയന്‍ ഓപ്പണിലുമാണ് കിരീടം നേടിയത്.
വിയറ്റ്നാം ഓപ്പണ്‍ ബിഡബ്ല്യുഎഫ് ടൂർ ബാഡ്മിന്റണ്‍ പുരുഷ സിംഗിൾസിൽ ചൈനയുടെ സണ്‍ ഫീ സിയാംഗിനെ പരാജയപ്പെടുത്തിയാണ് സൗരഭ് വർമ കിരീടം സ്വന്തമാക്കിയത്. ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കായിരുന്നു ഇന്ത്യൻ താരത്തിന്റെ വിജയം. സ്കോർ: 21-12, 17-21, 21-14. മത്സരം ഒരു മണിക്കൂർ 12 മിനിറ്റ് നീണ്ടു. ഹൈദരാബാദ് ഓപ്പണ്‍, സ്ലോവേനിയൻ ഇന്റർനാഷണൽ കിരീടങ്ങളും ഈ വർഷം സൗരഭ് നേടിയിരുന്നു.
ഡെന്മാർക്കിന്റെ വിക്ടർ സ്വെൻഡ്സണിനെ നേരിട്ടുള്ള ഗെയിമിൽ കീഴടക്കിയാണ് ലക്ഷ്യ സെൻ കിരീടം സ്വന്തമാക്കിയത്. 34 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തിൽ 21-14, 21-15 ന് ആയിരുന്നു ലക്ഷ്യയുടെ ജയം.