മൂന്നു വർഷം മുമ്പ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ എന്നാല്‍ സൈന നെഹ്വാളായിരുന്നു. എന്നാല്‍, ഇന്നു കഥ മാറിയിരിക്കുന്നു. സൈനയ്ക്കു ശേഷം നിരവധി താരങ്ങള്‍ ഉയര്‍ന്നു വന്നു. സിന്ധുവും ശ്രീകാന്തും കശ്യപും സായ്പ്രണീതും പ്രണോയിയുമൊക്കെ നമ്മുടെ അഭിമാനതാരങ്ങളായി. ഓരോ വര്‍ഷവും ഇന്ത്യന്‍ ബാഡ്മിന്റണ്‍ മികവു തുടര്‍ന്നുകൊണ്ടേയിരുന്നു.
ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഉയര്‍ച്ചതാഴ്ചകള്‍ കണ്ട കാലഘട്ടമാണിത്. ഒരു വശത്ത് അഭിമാനകരമായ നേട്ടങ്ങള്‍. പുരുഷ,വനിതാ വിഭാഗങ്ങളിലായി പുതിയ ലോകറാങ്കിംഗിലെ ആദ്യ ഇരുപതില്‍ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെട്ടതാണ് ഏറ്റവും അഭിമാനാര്‍ഹമായ നേട്ടം. വനിതകളിൽ സിന്ധു നാലാമതും സൈന 16-ാമതുമാണ്. പുരുഷന്മാരിൽ കിഡംബി ശ്രീകാന്ത് 10-ാമതും പ്രണോയി 15-ാമതും സായ്പ്രണീത് 19-ാമതുമാണ്.
2016 ഓഗസ്റ്റ് 19 ഇന്ത്യന്‍ ബാഡ്മിന്റണിന്റെ അഭിമാനമുയര്‍ന്ന ദിവസമായിരുന്നു. ഒളിമ്പിക് ഫൈനലില്‍ വെള്ളിനേടിക്കൊണ്ട് പി. വി. സിന്ധു രാജ്യത്തിന്റെ യശസുയര്‍ത്തിയ ദിവസം. ഒളിമ്പിക്സില്‍ ഇന്ത്യയുടെ ആദ്യ ബാഡ്മിന്റണ്‍ മെഡല്‍. ലോക ഒന്നാംനമ്പര്‍ താരം സ്പെയിനിന്റെ കരോലിന മാരിനുമായി നടന്ന ഫൈനലില്‍ സിന്ധു നടത്തിയ പ്രകടനത്തിന് അഞ്ച് പ്രമുഖ ചാനലുകളിലൂടെയായി ഒന്നേമുക്കാല്‍ കോടിയോളം ആളുകളാണ് അഭിനന്ദനമറിയിച്ചത്.
ആറു മാസത്തിനുള്ളില്‍ നാലു സൂപ്പര്‍ സീരിസ് കിരീടങ്ങളും രണ്ട് ലോകചാമ്പ്യന്‍ഷിപ്പ് മെഡലുകളുമാണ് ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കിയത്. ഒറ്റ ദിവസം കൊണ്ട് കൈവരിച്ച നേട്ടമായിരുന്നില്ല ഇത്. വര്‍ഷങ്ങളുടെ അധ്വാനം ഇതില്‍ കാണാനാകുന്നു. ഇന്ത്യന്‍ ബാഡ്മിന്റണിന്റെ ശോഭനഭാവിയിലേക്കാണിത് വിരല്‍ചൂണ്ടുന്നത്.
ഈ കുതിച്ചുചാട്ടത്തില്‍ സുപ്രധാന പങ്കു വഹിച്ച രണ്ട് താരങ്ങളാണ് സൈന നെഹ്വാളും പുല്ലേല ഗോപിചന്ദും. ഈ രണ്ടു പേരുകളില്ലാതെ ഇന്ത്യന്‍ ബാഡ്മിന്റണ്‍ പട്ടിക അപൂര്‍മാണെന്ന് ഒമ്പതു തവണ ദേശീയചാമ്പ്യനായ അപര്‍ണ പോപ്പട്ടിന്റെ വാക്കുകള്‍. അധികം വിദൂരമല്ലാത്ത ഭൂതകാലത്തില്‍ ഇന്ത്യന്‍ ബാഡ്മിന്റണിന്റെ സമവാക്യം സൈന വെഴ്സസ് ചൈന എന്നായിരുന്നുവെന്ന് അപര്‍ണ ഓര്‍ക്കുന്നു.
ടോപ് 20ല്‍ ഇന്ത്യയുടെ അഞ്ചു താരങ്ങള്‍ എന്നത് എക്കാലത്തെയും വലിയ നേട്ടങ്ങളില്‍ ഒന്നാണ്. 2006ല്‍ പ്രഫഷണല്‍ സ്പോര്‍ട്സില്‍നിന്നു വിരമിച്ച അപര്‍ണ, മറ്റു രാജ്യങ്ങള്‍ക്കു പിന്നില്‍ ഇന്ത്യ ഇഴഞ്ഞു നീങ്ങിയിരുന്ന ആ ഇരുണ്ട കാലഘട്ടം ഓര്മിക്കാതിരുന്നില്ല. അന്താരാഷ്ട്രമത്സരങ്ങളില്‍ പങ്കെടുത്തിരുന്ന ഇന്ത്യന്‍ താരങ്ങളുടെ അവസ്ഥ ദുരിതം നിറഞ്ഞതായിരുന്നു.
ഡോര്‍മിറ്ററികളില്‍ ഉറങ്ങിയും റോഡരികിലെ വിലകുറഞ്ഞ ഭക്ഷണം കഴിച്ചുമാണ് അന്ന് മത്സരത്തില്‍ പങ്കെടുത്തിരുന്നത്. വിദേശനാണ്യം ഇന്നത്തെ പോലെ എളുപ്പമായിരുന്നില്ല. ഇന്നത്തെ അവസ്ഥമാറി, ഇന്ത്യന്‍ ബാഡ്മിന്റണ്‍ വളരുകയാണ്.
താനുള്‍പ്പെടുന്ന ഈ തലമുറയിലെ കളിക്കാര്‍ക്ക് സ്വപ്നം കാണാനും വിജയിക്കാനുമുള്ള ആഗ്രഹമുണ്ടാക്കിയത് സൈനയാണെന്ന് ലോക 15- ാം റാങ്ക് താരം എച്ച്. എസ്. പ്രണോയ് പറയുന്നു.
ഇന്ത്യന്‍ ബാഡ്മിന്റണില്‍ സൈനയും ഗോപിചന്ദും വെട്ടിത്തുറന്ന വഴിയിലൂടെയാണ് ഇപ്പോള്‍ ഞങ്ങള്‍ സുഗമമായി നടക്കുന്നത്. 2006ല്‍ ഗോപിചന്ദ് പ്രധാന പരിശീലകനായി വന്നതോടെ ഇന്ത്യന്‍ ബാഡ്മിന്റന്റെ മുഖഛായ തന്നെ മാറിത്തുടങ്ങുകയായിരുന്നു. അതുവരെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ചിതറിക്കിടന്ന് പല ശൈലിയില്‍ കളിച്ചുവന്ന താരങ്ങള്‍ക്ക് ഒരു ഏകീകരണം വരുത്തിയത് ഗോപിചന്ദ് ആയിരുന്നു.
സൈനയുടെ മുന്നേറ്റത്തിന്റെ തുടക്കം 2008 ബെയ്ജിംഗ് ഒളിമ്പിക്സ് പ്രവേശനത്തോടെയായിരുന്നു. ഇന്തോനേഷ്യയുടെ മരിയ ക്രിസ്റ്റിനെ മൂന്നുഗെയിമുകളില് തകര്‍ത്തെറിഞ്ഞപ്പോള്‍, ഒളിമ്പിക് ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്ന ആദ്യഇന്ത്യന്‍ താരമായി സൈന. തൊട്ടടുത്ത വര്‍ഷം ഇന്തോനേഷ്യയില്‍ നടന്ന സൂപ്പര്‍സീരീസ് കിരീടം സ്വന്തമാക്കി സൈന ഇന്ത്യയുടെ അഭിമാനമുയര്‍ത്തി. 2012ല്‍ വീണ്ടും ഒളിമ്പിക്സില്‍ മാറ്റുരയ്ക്കാനെത്തിയ സൈന മടങ്ങിയത് വെങ്കലവുമായാണ്.
ഇന്ത്യന്‍ താരങ്ങള്‍ ഇനിയുള്ള ടൂര്‍ണമെന്റുകളില്‍ വെറുതെ പങ്കെടുക്കുക മാത്രമല്ല, വിജയമുറപ്പാക്കുകയും വേണം. എല്ലാ കളിക്കാരെയും ഒന്നിച്ചു കൂട്ടിയുള്ള ദേശീയ ക്യാമ്പുകളും എക്സ്പോഷര്‍ ട്രിപ്പുകളും സംഘടിപ്പിക്കുന്നതിലൂടെ ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇനിയും ഉയരങ്ങളിലെത്തും.
വരാന്‍ പോകുന്നത് ബാഡ്മിന്റന്റെ കാലമായിരിക്കും. മുന്‍ ലോക ആറാം റാങ്ക് താരം പാരുപള്ളി കശ്യപിന്റെ പ്രത്യാശാപൂര്‍ണമായ വാക്കുകള്‍ ഇങ്ങനെ പോകുന്നു.സൈന വെട്ടിത്തുറന്ന പാതയില്‍ വലിയ മുന്നേറ്റമാണ് സിന്ധു കാഴ്ചവയ്ക്കുന്നത്. എന്നും ചൈനയായിരുന്നു ഇന്ത്യക്കു വെല്ലുവിളിയിയെങ്കില് ഇന്നു ചൈനയുടെ പ്രധാന വെല്ലുവിളി ഇന്ത്യയായി മാറി.
ലോക ചാന്പ്യന്ഷിപ്പില് പങ്കെടുത്ത ചൈനീസ് താരങ്ങളുടെ പതനം ഇന്ത്യന്‍ താരങ്ങളില്നിന്നായിരുന്നു. സിന്ധുവിന്റെ വിജയത്തില്‍ രാജ്യം പ്രശംസകൊണ്ട് മൂടുകരയാണ്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവർ സിന്ധുവിന് ആശംസ നേർന്നു.