ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ എച്ച്.എസ്. പ്രണോയ് അട്ടിമറി തുടരുന്നു. ലോക, ഒളിമ്പിക് ചാമ്പ്യന്‍ ചെന്‍ ലോംഗിനെ ക്വാര്‍ട്ടറില്‍ പ്രണോയ് തകര്‍ത്തു. പ്രണോയ്ക്കൊപ്പം കിഡംബി ശ്രീകാന്തും സെമിയില്‍ പ്രവേശിച്ചു. ഇരുവരും ഉജ്ജ്വല പ്രകടനം നടത്തിയാണ് സെമിയിലേക്കു മുന്നേറിയത്. ലോക ഒന്നാം നമ്പര്‍ ലീ ചെംഗ് വീയെ തകര്‍ത്ത് ക്വാര്‍ട്ടറിലെത്തിയ പ്രണോയ് അവിടെയും തന്റെ മാസ്മരിക പ്രകടനം പുറത്തെടുത്ത് ചെന്‍ ലോംഗിനെ 21-18, 16-21, 21-19ന് കീഴ്പ്പെടുത്തി.
ലോക 25-ാം റാങ്കുകാരനായ പ്രണോയ് ഇതിനുമുമ്പ് മൂന്നു തവണ ചെന്‍ ലോംഗുമായി ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും ജയിക്കാനായിരുന്നില്ല. എന്നാല്‍ ഇന്നലെ പ്രണോയ്യുടെ ദിനമായിരുന്നു. ഗ്രൗണ്ടിലുള്ള ഓട്ടത്തിലും കാറ്റിന്റെ സാഹചര്യത്തിലും നിയന്ത്രണം പുലര്‍ത്താനും ഇന്ത്യന്‍ താരത്തിനായി. ആദ്യമായാണ് പ്രണോയ് ഒരു സൂപ്പര്‍ സീരീസില്‍ സെമിയിലെത്തുന്നത്.
തുടക്കത്തില്‍ പ്രണോയ്ക്കു 8-5ന്റെ ലീഡ് ലഭിച്ചു. ഈ ലീഡ് ഉയര്‍ന്നു ചാടിയുള്ള സ്മാഷിലൂടെ 11-7 ആക്കി മാറ്റി. ഇടവേളയ്ക്കുശേഷം പ്രണോയ് ലീഡ് ഉയര്‍ത്തിക്കൊണ്ടിരുന്നു. എന്നാല്‍ തുടര്‍ച്ചയായി പോയിന്റുകള്‍ നേടിക്കൊണ്ടു ചെന്‍ ലോംഗ് അടുത്തെത്താൻ ശ്രമിച്ചു. ചൈനീസ് താരത്തിന് എത്തിപ്പിടിക്കാനാകും മുമ്പേ പ്രണോയ് ആദ്യ ഗെയിം നേടി.
രണ്ടാം ഗെയിമിലും പ്രണോയും ചെന്‍ ലോംഗും റാലികളിലൂടെ കളംനിറഞ്ഞു. ഇന്ത്യന്‍ താരം സ്മാഷുകളിലാണ് കൂടുതല്‍ ശ്രദ്ധിച്ചത്. നെറ്റിനടുത്തുള്ള കളികളില്‍ ചെന്‍ ലോംഗും. 6-6ന് തുല്യത പാലിക്കുമ്പോള്‍ നാലു പോയിന്റ് തുടര്‍ച്ചയായി നേടി ചൈനീസ് താരം ലീഡ് സ്വന്തമാക്കി. ഒരുഘട്ടത്തില്‍ 16-16ന്റെ തുല്യതയിലെത്താന്‍ പ്രണോയ്ക്കായി. ഇതിനുശേഷം ചെന്‍ ലോംഗ് അഞ്ചു പോയിന്റുകള്‍ നേടി രണ്ടാം ഗെയിം സ്വന്തമാക്കി തുടർന്നു മത്സരം നിര്‍ണായമായ ഗെയിമിലേക്ക്.
ആ ഗെയിമില്‍ തുടക്കത്തില്‍ പ്രണോയ്ക്കു പിഴവുകളുണ്ടായി. എന്നാല്‍ ചെന്‍ ലോംഗിന്റെ കുതിപ്പിനെ തകര്‍ത്ത് പ്രണോയ് 7-7ന് ഒപ്പമെത്തി. ഇടവേളയ്ക്കു പിരിയുമ്പോള്‍ ചൈനീസ് താരത്തിന് 11-10ന്റെ ലീഡുണ്ടായിരുന്നു. ഇടവേളയ്ക്കുശേഷം റാലികളില്‍ നിയന്ത്രണം പുലര്‍ത്തിയും കൃത്യമായി ഷോട്ടുകള്‍ പായിച്ചും പ്രണോയ് ലീഡ് നേടി. ഇന്ത്യന്‍ താരത്തിന്റെ മുന്നേറ്റത്തെ തകര്‍ത്ത് ചൈനീസ് താരം 17-17 സമനില പിടിച്ചു. പെട്ടെന്നുതന്നെ പ്രണോയ് 19-17 ആക്കി മാറ്റി. ചെന്‍ ലോംഗിന്റെ പിഴവുകള്‍ പ്രണോയ്ക്കു വിജയം നല്കി.
ശ്രീകാന്ത് ലോക 19-ാം റാങ്ക് ചൈനീസ് തായ്പേയുടെ സു വീ വാംഗിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കു തോല്‍പ്പിച്ചു. 21-15, 21-14നായിരുന്നു ശ്രീകാന്തിന്റെ ജയം. വെറും 37 മിനിറ്റ് മാത്രം നീണ്ടുനിന്ന മത്സരത്തില്‍ അനായാസമായാണ് ശ്രീകാന്ത് സു വീ വാംഗിനെ തകര്‍ത്തത്. ഇരുവരുടെയും രണ്ടാമത്തെ ഏറ്റുമുട്ടലായിരുന്നു. ഇതോടെ പരസ്പര പോരാട്ടത്തില്‍ 1-1 ആയി. 22-ാം റാങ്കുകാരനായ ശ്രീകാന്ത് സെമിയില്‍ ദക്ഷിണ കൊറിയയുടെ വാന്‍ ഹെ സണ്ണുമായി ഏറ്റുമുട്ടും.