ബെന്നി മുക്കുങ്കൽ
നെടുങ്കണ്ടം: സേവന മേഖലയുടെ നിലനിൽപ്പിന് അതീവ ഭീഷണി ഉയർത്തിയാണ് കോവിഡ് പ്രതിസന്ധി കടന്നുപോകുന്നത്. പല സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണ്.
വാടക, വൈദ്യുതി ചാർജ്, തൊഴിലാളികളുടെ വേതനം, മറ്റ് ദൈനംദിന ചെലവുകൾ എന്നിവയ്ക്കാവശ്യമായ തുക പോലും കണ്ടെത്താനാവാത്ത അവസ്ഥയിലാണ് സ്ഥാപന ഉടമകൾ. തൊഴിലാളികളുടെ എണ്ണംപോലും വെട്ടിക്കുറക്കേണ്ട സ്ഥിതിയായി.
ഓർഡറുകൾ നന്നേ കുറഞ്ഞു
ചിങ്ങം മുതൽ കാറ്ററിംഗ് യൂണിറ്റുകളെ സംബന്ധിച്ച് ചാകരക്കാലമാണ്. കൂടുതൽ വിവാഹങ്ങൾ നടക്കുന്ന ദിവസങ്ങളിൽ പത്തിലധികം ഓർഡറുകൾ വരെ ലഭിക്കാറുണ്ടായിരുന്നുവെന്ന് യൂണിറ്റ് ഉടമകൾ പറയുന്നു.
എന്നാൽ കോവിഡ് പ്രതിസന്ധിക്കിടെ കടന്നുപോയ സീസണിൽ വളരെ കുറച്ച് ഓർഡറുകൾ മാത്രമാണ് ലഭിച്ചത്. വിവാഹ ചടങ്ങുകൾക്ക് 50 ലധികം പേർക്ക് പങ്കെടുക്കാനാവില്ല എന്നതിനാൽ പലരും കാറ്ററിംഗ് യൂണിറ്റുകളെ ആശ്രയിക്കാറില്ല.
ഭക്ഷണം വീടുകളിൽ പാകം ചെയ്യുകയോ ഹോട്ടലുകളെ ആശ്രയിക്കുകയോ ആണ് ചെയ്യുന്നത്. ജൻമദിനം, ഗൃഹപ്രവേശം, ഓഫീസുകൾ കേന്ദ്രീകരിച്ചുള്ള ചടങ്ങുകൾക്കായുള്ള ഓർഡറുകളും കുറഞ്ഞു.
കാറ്ററിംഗ് സ്ഥാപനങ്ങളെ ആശ്രയിച്ച് അധികവരുമാനം കണ്ടെത്തിയിരുന്ന താത്കാലിക തൊഴിലാളികളുടെ ജോലി പൂർണമായും നിലച്ചു.
വിദ്യാർഥികൾ, ചെറുകിട കർഷകർ, മറ്റ് മേഖലകളിൽ ജോലി ചെയ്തിരുന്നവർ ഉൾപ്പെടെയുള്ളവർ കാറ്ററിംഗ് യൂണിറ്റുകളെ ആശ്രയിച്ച് വരുമാനം കണ്ടെത്തിയിരുന്നു.
നിലവിൽ സ്ഥിരം തൊഴിലാളികൾക്കുപോലും ശന്പളം നൽകാനാവാത്ത സാഹചര്യമാണുള്ളത്. യൂണിറ്റ് നടത്തുന്ന കെട്ടിടത്തിന്റെ വാടക, വൈദ്യുതി ചാർജ്, വെള്ളം തുടങ്ങിയ ആവശ്യങ്ങൾക്കായുള്ള തുകപോലും കണ്ടെത്താനാവുന്നില്ല.
വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന വാഹനങ്ങളും ഉപകരണങ്ങളും ഉപയോഗിക്കാതെ തകരാർ സംഭവിക്കുന്നു.
മധുരവും പ്രിയവും കുറയുന്നു
കോവിഡിനുമുന്പ് ദിവസേന 35 ലിറ്റർ പാൽ ഉപയോഗിച്ചിരുന്ന ബേക്കറിയിൽ ഇപ്പോൾ പരമാവധി ആറുലിറ്റർ പാലാണ് ചെലവാകുന്നത്. നെടുങ്കണ്ടത്തെ ബേക്കറി ഉടമയുടെ അവസ്ഥയാണിത്.
ദിവസേന 100 കവർ പാൽ വിറ്റിരുന്നത് 30-ൽ താഴെയായി. വരുമാനം കുറഞ്ഞതോടെ ഉപഭോക്താക്കൾ ബേക്കറികളിൽനിന്ന് വാങ്ങുന്ന സാധനങ്ങളുടെ അളവിലും കുറവുവന്നു. റെസ്ക്, ബിസ്ക്കറ്റ്, ഐസ്്ക്രീം ഉത്പന്നങ്ങൾ തുടങ്ങിയവയുടെ ചെലവും നന്നേ കുറഞ്ഞു.
ബേക്കറികളെയും ലഘുഭക്ഷണ ശാലകളെയും ആശ്രയിച്ച് പ്രവർത്തിക്കുന്ന ചെറുകിട ഭക്ഷ്യോത്പാദന യൂണിറ്റുകളും പ്രതിസന്ധിയിലാണ്. ചിപ്സ്, മിക്സ്ചർ, പലഹാരങ്ങൾ തുടങ്ങിയവയുടെ വിപണനം മൂന്നിലൊന്നായി കുറഞ്ഞു.
വഴിയോരത്ത് വാഹനങ്ങളിൽ എത്തിച്ച് ചിപ്സും മിക്സ്ചറും വിൽക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെങ്കിലും ഇതും പ്രതിസന്ധിക്ക് പരിഹാരമാകുന്നില്ല.
നിറംമങ്ങി സ്റ്റുഡിയോകൾ
കോവിഡിനെതുടർന്ന് ചെലവു ചുരുക്കലിന്റെ ഭാഗമായി വിവാഹം അടക്കമുള്ള ചടങ്ങുകൾക്ക് ഫോട്ടോ അല്ലെങ്കിൽ വീഡിയോ തെരഞ്ഞെടുക്കുകയാണ് ഇപ്പോൾ പലരും ചെയ്യുന്നത്.
ചിലർ ഫോട്ടോഗ്രഫി ഒഴിവാക്കിയാണ് ചടങ്ങുകൾ നടത്തുന്നത്. സാന്പത്തിക പ്രതിസന്ധി മൂലം ഫോട്ടോ ആൽബങ്ങളിലെ പേജുകളുടെ എണ്ണം കുറച്ചു. ഹെലികാം, പ്രീ വെഡിംഗ് ഷൂട്ടുകളും ഒഴിവാക്കി ചെറിയ തുകയ്ക്ക് ചടങ്ങുകളുടെ കവറേജ് ചെയ്യാനാണ് പലരും ശ്രമിക്കുന്നത്.
സ്റ്റുഡിയോകളിൽ ദിവസേന എത്തിയിരുന്ന ആളുകളുടെ എണ്ണവും കുറഞ്ഞു. ഫ്രീലാൻസ് ആയി ജോലി നോക്കിയിരുന്ന പല ഫോട്ടോഗ്രാഫർമാർക്കും പൂർണമായും തൊഴിൽ നഷ്ടപ്പെട്ട അവസ്ഥയാണ്.
സ്റ്റുഡിയോകളെ ആശ്രയിച്ച് പ്രവർത്തിക്കുന്ന വീഡിയോ എഡിറ്റിംഗ് ലാബുകൾ, ഡിസൈനിംഗ് സെന്ററുകൾ എന്നിവയിലും ജോലി ഇല്ലാതായി. ഫോട്ടോസ്റ്റാറ്റ്, ഡിടിപി സെന്ററുകൾ തുടങ്ങിയ സ്ഥാപനങ്ങളുടേയും നിലനിൽപ് ഭീഷണിയിലാണ്.
കാര്യങ്ങൾ അത്ര ബ്യൂട്ടിയല്ല
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഫേഷ്യൽ ചെയ്യാൻ പറ്റില്ല. ആഘോഷങ്ങൾ കുറവായതിനാൽ മേക്കപ്പ് ചെയ്യാൻ ആളുകൾ വിളിക്കുന്നതും കുറഞ്ഞു.
നെടുങ്കണ്ടം ബസ് സ്റ്റാൻഡിനു സമീപം ബ്യൂട്ടിപാർലർ നടത്തുന്ന ശ്രീലേഖ അനീഷ് പറയുന്നു. വനിതാ സംരംഭകരാണ് ബ്യൂട്ടിപാർലറുകളുടെ ഉടമസ്ഥരിൽ അധികവും.
ലോക്ഡൗണ് കാലംമുതൽ പൂർണമായും അടച്ചിട്ട അവസ്ഥയിലാണ് മിക്ക പാർലറുകളും. ഫേഷ്യലും മറ്റും ചെയ്യുന്പോൾ സാമൂഹിക അകലം പാലിക്കാനും മാസ്ക് വക്കാനും പറ്റാത്തതിനാൽ ഇത്തരം ജോലികൾ ഇപ്പോൾ ചെയ്യുന്നില്ല.
വിവാഹ ആവശ്യത്തിനായുള്ള മേക്കപ്പും കുറഞ്ഞു. ചടങ്ങുകളിൽ ആളുകൾ കുറവായതിനാൽ ചെറിയ തുകയ്ക്കുള്ള മേക്കപ്പ് മാത്രമാണ് പലരും ചെയ്യുന്നത്. മുന്പ് വിവാഹത്തിന് 14,000 മുതൽ 16,000 വരെ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 6000 മുതൽ 8000 രൂപ വരെയാണ് ഈയിനത്തിൽ ലഭിക്കുന്നത്.
ഫേഷ്യൽ, സ്പാ തുടങ്ങിയ ആവശ്യങ്ങൾക്കായി വാങ്ങിവച്ചിരുന്ന വിലകൂടിയ ക്രീമുകൾ തീയതി കഴിഞ്ഞ് നശിച്ചു. വിവിധ ഉപകരണങ്ങളുടെ സ്ഥിതിയും മറിച്ചല്ല. മാസങ്ങളായി സ്ഥാപനത്തിന്റെ വാടക കൊടുക്കാൻ പോലും തുക കണ്ടെത്താനാവാത്ത അവസ്ഥയിലാണ് ബ്യൂട്ടി പാർലർ ഉടമകൾ.
വായ്പയെടുക്കാതെ വയ്യ; എടുത്താലും പ്രശ്നം
ചെറുകിട സ്ഥാപനങ്ങളും സ്വയംതൊഴിൽ സംരംഭങ്ങളും വിവിധ വായ്പകളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. കുടുംബശ്രീ വായ്പകൾ മുതൽ ബാങ്ക് വായ്പകൾ, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ എന്നിവയെയാണ് ഇവർ ആശ്രയിക്കുന്നത്.
ദിവസേന തിരിച്ചടവുള്ള വായ്പകൾ, ചിട്ടി എന്നിവയെല്ലാം മുടങ്ങിയ അവസ്ഥയാണ്. ഇതെങ്ങനെ തിരിച്ചടയ്ക്കുമെന്ന് ഒരെത്തും പിടിയും കിട്ടാതെ വിഷമിക്കുകയാണ് ഈ മേഖലയിലുള്ളവർ.
സേവന മേഖലയിലെ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കായി പ്രത്യേക സാന്പത്തിക പാക്കേജ് അനുവദിച്ചാലേ മുന്നോട്ടു പോകാനാവു. ദീർഘകാല പലിശരഹിത വായ്പ ലഭ്യമാക്കി സംരംഭങ്ങൾക്ക് ഉണർവേകാൻ നടപടി സ്വീകരിക്കണമെന്നാണ് സംരഭകർ ആവശ്യപ്പെടുന്നത്.
ജെയിസ് ജോസഫ്പ്രി ൻസ് കാറ്ററിംഗ് യൂണിറ്റ് മാനേജർ
ഓഫ് സീസണിൽ പോലും മാസംതോറും ശരാശരി നൂറിലധികം ഓർഡറുകളാണ് മുന്പ് ലഭിച്ചിരുന്നത്. ഇപ്പോൾ ഓർഡറുകൾ 15-ൽ താഴെയായി. വിവാഹം അടക്കമുള്ള ചടങ്ങുകൾ നടക്കുന്നുണ്ടെങ്കിലും പലരും കാറ്ററിംഗ് യൂണിറ്റുകളെ ആശ്രയിക്കുന്നില്ല.
താത്കാലിക ജോലികൾക്കായി എത്തിയിരുന്ന തൊഴിലാളികളെ പൂർണമായും ഒഴിവാക്കേണ്ടി വന്നു. യൂണിറ്റിലെ വാഹനങ്ങളും വിവിധ ഉപകരണങ്ങളും ഉപയോഗിക്കാതെ നശിക്കുകയാണ്.