കാണാതായ വസ്തുക്കൾ തിരിച്ചു കിട്ടുന്ന വാർത്തകൾ നാം പലപ്പോഴും മാധ്യമങ്ങളിൽ കാണാറുണ്ട്. ദിവസങ്ങളും മാസങ്ങളും കഴിഞ്ഞായിരിക്കും പലപ്പോഴും നഷ്ടപ്പെട്ട സാധനങ്ങൾ ലഭിക്കുക. സുമനസുകൾ തിരിച്ചു നൽകുന്നവയും അധികാരികൾ കണ്ടെത്തി നൽകുന്നവയും ഇക്കൂട്ടത്തിൽപ്പെടും. എന്നാൽ നഷ്ടപ്പെട്ട ബാഗ് 75 വർഷത്തിനു ശേഷം ലഭിച്ച കൗതുകകരമായ വാർത്തയാണ് യുഎസിലെ മിസൗറിയിൽ നിന്നു വരുന്നത്.
89 വയസുള്ള ബെറ്റി ജൂണ്‍ സിസോമിനാണ് സ്കൂളിൽ വച്ച് നഷ്ടപ്പെട്ട ബാഗ് തിരിച്ചുകിട്ടിയത്. യുകെയിലെ ചെസ്റ്റ്ഫീൽഡിലാണ് സിസോം ഇപ്പോൾ താമസിക്കുന്നത്. മിസൗറിയിൽ സ്കൂൾ പഠനകാലത്താണ് സിസോമിന്റെ ബാഗ് നഷ്ടപ്പെടുന്നത്. സ്കൂൾ പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി പൊളിച്ചപ്പോഴാണ് ഹീറ്റിംഗ് വെന്റിൽ നിന്ന് 14 ബാഗുകൾ കണ്ടെത്തിയത്.
ബാഗുകൾ പരിശോധിച്ചതിൽ നിന്ന് ഇതെല്ലാം 1940 കാലഘട്ടത്തിൽ സ്കൂളിൽ പഠിച്ചവരുടേതാണെന്ന് കണ്ടെത്തുകയായിരുന്നു. പണം എടുത്തശേഷം ഡോക്യുമെന്റുകളും ഫോട്ടോകളുമടക്കമാണ് ബാഗുകൾ ഉപേക്ഷിച്ചത്. സിറ്റി ഹോപ് ചർച്ചിലെ പാസ്റ്റർ സെത് ബാൾട്ട്സെൽ തന്റെ ഫേസ്ബുക്കിൽ ബാഗ് കണ്ടെത്തിയ വിവരം പങ്കുവച്ചതോടെയാണ് സംഭവം വൈറലായത്. ബാഗുകളും അതിൽ നിന്ന് കണ്ടെത്തിയ ഫോട്ടോകളുമടക്കമാണ് ബാൾട്ട്സെൽ ഫേസ്ബുക്കിൽ പങ്കുവച്ചത്.
ആയിരത്തിലധികം ഷെയറുകളാണ് പോസ്റ്റിന് ലഭിച്ചത്. ഇങ്ങനെ ഷെയർ ചെയ്ത പോസ്റ്റ് കണ്ടാണ് ബെറ്റി ജൂണ്‍ സിസോം ബാഗ് തിരിച്ചറിഞ്ഞത്. സ്കൂൾ പഠനകാലത്ത് താൻ വഴക്കുണ്ടാക്കിയ ഒരു കുട്ടിയുടെ ചിത്രവും ഇതിലുണ്ടെന്ന് സിസോം മാധ്യമങ്ങളോട് പറഞ്ഞു. ബാഗുകൾ എങ്ങനെയാണ് ഹീറ്റിംഗ് വെന്റിലെത്തിയതെന്ന ചോദ്യം മാത്രം അവശേഷിക്കുന്നു.