കോട്ടയം: തന്റെ പുസ്തകങ്ങളും വാട്ടർ ബോട്ടിലുമൊക്കെ ഒരു കള്ളന് എന്തു ചെയ്യാനാണെന്ന് എയ്മി എന്ന ആറാം ക്ലാസുകാരിക്ക് ഇനിയും മനസിലായിട്ടില്ല.
എയ്മി മാത്രമല്ല വീട്ടുകാരും നാട്ടുകാരുമെല്ലാം അന്പരപ്പിലാണ്. പല മോഷണങ്ങളും കേട്ടിട്ടുണ്ട്. പക്ഷേ, ഒരു കുട്ടിയുടെ സ്കൂൾ ബാഗ് മോഷ്ടിച്ചത് എന്തിനായിരിക്കും?
വാങ്ങിയിട്ടു പുതുമപോലും മായാത്ത തന്റെ പുസ്തകങ്ങളും ബാഗും നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിലാണ് കോട്ടയം മൗണ്ട് കാര്‍മല്‍ സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി എയ്മി ഷെറി.
ഇന്നലെ വൈകുന്നേരം 3.45നാണ് എയ്മിയുടെ പുസ്തകങ്ങള്‍ അടങ്ങിയ സ്കൂള്‍ ബാഗ് കള്ളൻ കൊണ്ടുപോയത്. പുതുപ്പള്ളി ആഞ്ഞിലി വളവ് സ്വദേശിനിയായ എയ്മി വീട്ടിലേക്കു മടങ്ങാനായി സ്കൂള്‍ ബസില്‍ ആഞ്ഞിലി വളവിലെ ബസ് സ്റ്റോപ്പില്‍ ഇറങ്ങി.
എയ്മിയെ കൂട്ടിക്കൊണ്ടുപോകാന്‍ അമ്മയും ബസ് സ്റ്റോപ്പിലുണ്ടായിരുന്നു. ഇരുവരും സ്കൂള്‍ ബാഗ് ബസ് സ്റ്റോപ്പിലെ വെയിറ്റിംഗ് ഷെഡില്‍ വച്ചിട്ടു സമീപത്തെ കടയിലേക്കു സാധനങ്ങള്‍ വാങ്ങാനായി പോയി.
കടയില്‍നിന്നു കാണാവുന്ന ദൂരത്തിലാണ് വെയിറ്റിംഗ് ഷെഡ്. കടയില്‍നിന്നു സാധനങ്ങള്‍ വാങ്ങി തിരികെ ഇറങ്ങുന്പോൾ അവർ കാണുന്ന കാഴ്ച ഒരാള്‍ സ്കൂള്‍ ബാഗും കൈക്കലാക്കി ഒരു പൾസർ ബൈക്കിൽ കയറുന്നതാണ്.
ഇവര്‍ ഒച്ചയുണ്ടാക്കിയെങ്കിലും അയാൾ ഗൗനിച്ചില്ല. ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും മോഷ്ടാവ് സ്കൂള്‍ ബാഗുമായി വെട്ടത്തുകവല ഭാഗത്തേക്കു ബൈക്കിൽ പാഞ്ഞുപോയി.
സ്കൂള്‍ ബാഗ് വച്ചിരുന്നതിനു സമീപത്തായി ഒരാള്‍ നിൽക്കുന്നതു റോഡിലൂടെ പോയ ചിലര്‍ കണ്ടിരുന്നു. സംഭവത്തില്‍ എയ്മിയുടെ മാതാപിതാക്കള്‍ ഇന്നു കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കും.
തന്റെ പുസ്തകങ്ങളും ബോക്സും വാട്ടര്‍ ബോട്ടിലും അടങ്ങിയ ബാഗ് തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ സങ്കടത്തോടെ കാത്തിരിക്കുകയാണ് ഈ ആറാം ക്ലാസുകാരി.