അവധി ആഘോഷിക്കാനായി സ്കോട്ട്ലൻഡിൽ നിന്നും ഓസ്ട്രേലിയയിലെ ക്യൂൻസ്ലൻഡിലെത്തിയ സ്ത്രീ എയർപോർട്ടിലെത്തി ബാഗ് തുറന്നപ്പോൾ കണ്ടത് പെരുമ്പാമ്പിൻ കുഞ്ഞിനെ. മരിയ ബോക്സാൾ എന്ന സ്ത്രീക്കാണ് ഏറെ ഭയമുളവാക്കിയ അനുഭവമുണ്ടായത്.
ഏകദേശം 14,000 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് ഇവർ ക്യൂൻസ്ലൻഡിലെത്തിയത്. അത്രെയും സമയം ഈ പാമ്പും ഇവർക്കൊപ്പമുണ്ടായിരുന്നു. ഭയന്ന് പോയ ഇവർ ഉടൻ തന്നെ ആനിമൽ പ്രൊട്ടക്ഷൻ ഏജൻസിയെ അറിയിക്കുകയായിരുന്നു.
വീട്ടിലുള്ള ആരോ കളിപ്പാട്ടം പാമ്പിനെ ബാഗിനുള്ളിൽ വച്ച് തന്നെ പറ്റിക്കുകയാണെന്ന് കരുതിയ മരിയ പാമ്പിനെ തൊട്ടപ്പോഴാണ് ഇതിന് ജീവനുണ്ടെന്ന് മനസിലാക്കിയത്. പാമ്പിനെ ബാഗിനുള്ളിൽ നിന്നും മാറ്റിയതിനു ശേഷമാണ് ഇവരുടെ ശ്വാസം നേരെ വീണത്.