കോട്ടയം: സിനിമ സ്റ്റെലിൽ ബൈക്കിലെത്തിയ സംഘം യുവതിയുടെ ബാഗ് തട്ടിപ്പറിച്ചു രക്ഷപ്പെട്ട സംഭവത്തിൽ വാകത്താനം പോലീസ് അന്വേഷണമാരംഭിച്ചു. ഇന്നലെ രാത്രി 7.45നു ഇരവുചിറ കോണ്ടോടിപ്പടിയിലാണു ബൈക്കിലെത്തിയ സംഘം യുവതിയുടെ കൈയിലുണ്ടായിരുന്ന ബാഗും തട്ടിപ്പറിച്ചു രക്ഷപ്പെട്ടത്. കൊണ്ടോടിപ്പടിയിൽ വാടകയ്ക്കു താമസിക്കുന്ന ചിങ്ങവനം പോളച്ചിറ പുത്തൻവീട്ടിൽ മുരുകന്റെ ഭാര്യ സ്മിതയുടെ ബാഗാണു ബൈക്കിലെത്തിയ സംഘം തട്ടിയെടുത്തത്.
സമീപ പ്രദേശത്തുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചാണു അന്വേഷണം നടത്തുന്നതെന്നു പോലീസ് പറഞ്ഞു. ബൈക്കിലെത്തിയ സംഘം ബാഗ് തട്ടിയെടുക്കുന്ന ദൃശ്യങ്ങൾ സമീപത്തുള്ള സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ പോലീസ് ഇന്നലെ തന്നെ ശേഖരിച്ചിരുന്നു. ഇതിനു പുറമേ വാകത്താനം, കറുകച്ചാൽ, ചങ്ങനാശേരി മേഖലകളിൽ നിന്നും സമാനമായ കേസുകളിൽ പിടിക്കപ്പെട്ടിട്ടുള്ളവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
കോട്ടയം നാഗന്പടത്തുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സ്മിത സ്കൂട്ടറിൽ വീട്ടിലേക്കു മടങ്ങുന്പോഴായിരുന്നു സംഭവം. സ്കൂട്ടറിന്റെ ഹാന്ഡിലിലായിരുന്നു ബാഗ് തൂക്കിയിട്ടിരുന്നത്. വഴി ചോദിക്കാനെന്ന പോലെ ബൈക്ക് നിർത്തിയശേഷമാണു രണ്ടംഗ സംഘം ബാഗ് വേഗത്തിൽ തട്ടിയെടുത്തു രക്ഷപ്പെടുകയായിരുന്നു. സ്മിത ബഹളം വച്ചതോടെ പ്രദേശത്തുണ്ടായിരുന്നവർ ചേർന്നു സംഭവം വാകത്താനം പോലീസിൽ അറിയിക്കുകയായിരുന്നു.
പോലീസ് എത്തി വിവിധ സ്ഥലങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല. കൊണ്ടോടിപ്പടിയിൽ നിന്നും ചങ്ങനാശേരി, തോട്ടയ്ക്കാട്, പാന്പാടി, പുതുപ്പള്ളി എന്നീ സ്ഥലങ്ങളിലേക്കു ചെറുവഴികൾ ഉള്ളതിനാൽ ബൈക്കിലെത്തിയ സംഘം ഏതുവഴിയിൽ കൂടിയാണു രക്ഷപ്പെട്ടതെന്നു കണ്ടെത്താൻ കഴിഞ്ഞില്ല. അതേസമയം വാകത്താനം പോലീസ് കറുകച്ചാൽ പോലീസിനെയും വിവരമറിയിച്ചിരുന്നു.
ബൈക്കിൽ രക്ഷപ്പെട്ട സംഘം കറുകച്ചാൽ പോലീസിന്റെ പരിധിയിലേക്കു ചെല്ലാനുള്ള സാധ്യത കണക്കിലെടുത്താണു വിവരമറിയിച്ചത്. സ്മിതയുടെ നഷ്്ടപ്പെട്ട ബാഗിനുള്ളിൽ പണമോ സ്വർണമോ ഇല്ലായിരുന്നുവെങ്കിലും വിലപ്പെട്ട രേഖകളായ റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുണ്ടായിരുന്നു. ബാഗ് തട്ടിയെടുത്ത സംഘത്തെ ഉടൻ പിടികൂടുമെന്നു പോലീസ് പറഞ്ഞു.