വടകര: മാത്സ് ടാലന്റ് സെർച്ച് പരീക്ഷയിൽ ഒന്നാം റാങ്കിനു സമ്മാനമായി ലഭിക്കുന്ന സ്വർണ മെഡൽ കോവിഡ് പ്രതിരോധത്തിന് നൽകി നാലാം ക്ലാസ് വിദ്യാർഥി മാതൃകയായി. മണിയൂർ കുറുന്തോടി യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി ഭഗത് തെക്കേടത്താണ് ഇത്തരമൊരു മാതൃകാ പ്രവർത്തനം കാഴ്ചവച്ചത്.
ഗണിത ശാസ്ത്ര പരിഷത്ത് ഈ വർഷം സംസ്ഥാന തലത്തിൽ നടത്തിയ മത്സരത്തിൽ ഒന്നാം റാങ്കും സ്വർണ മെഡലും ഭഗത്തിനാണ്. ലോക്ക് ഡൗണിനു ശേഷം കോട്ടയത്തു നടക്കുന്ന ചടങ്ങിലാണ് അവാർഡ് ദാനം.
എന്നാൽ അതുവരെ കാത്തു നിൽ്ക്കാതെ സ്വർണ മെഡലിന് തുല്യമായ സംഖ്യ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഭഗത് വടകര തഹസിൽദാർ കെ.കെ.രവീന്ദ്രന് കൈമാറുകയായിരുന്നു.
ഒന്നാം ക്ലാസ് മുതൽ നാലു വർഷം തുടർച്ചയായി സംസ്ഥാന തല മത്സരത്തിൽ ഈ കൊച്ചു പ്രതിഭ ആദ്യ 10 റാങ്കുകാരിൽ ഒരാളാണ്. കഴിഞ്ഞ വർഷം രണ്ടാം റാങ്ക് നേടി.
മാധ്യമം ലിറ്റിൽ സ്കോളർ, അക്ഷരമുറ്റം, സഹപാഠി, പ്രതിഭോത്സവം, വിദ്യാരംഗം, ബഹിരാകാശ ക്വിസ്, സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് തുടങ്ങി നിരവധി മത്സരങ്ങളിൽ ജില്ലാ സംസ്ഥാന തലത്തിൽ പ്രതിഭ തെളിയിച്ചിട്ടുമുണ്ട്.
കഴിഞ്ഞവർഷം തൃശൂരിൽ നടന്ന സഹപാഠി സംസ്ഥാനതല മത്സരത്തിൽ മികച്ച വിജയത്തിനു വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് കാഷ് അവാർഡും മെമന്റോയും കരസ്ഥമാക്കിയിരുന്നു.