മാള: പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുന്നതിനായി വിതരണം ചെയ്ത ബാലറ്റ് പേപ്പറിൽ ഗുരുതരമായ അപാകത. സ്ഥാനാർഥികളുടെ ചിഹ്നങ്ങൾ മാറിപ്പോയതാണു പ്രശ്നമായത്. കുഴൂർ ഗ്രാമപഞ്ചായത്ത് വാർഡ് നാലിലാണു സംഭവം.
എൽഡിഎഫ് സ്ഥാനാർഥിക്ക് അരിവാൾ ചുറ്റിക നക്ഷത്രത്തിനു പകരം താമരയും എൻഡിഎ സ്ഥാനാർഥിക്ക് താമരയ്ക്കു പകരം അരിവാൾ ചുറ്റിക നക്ഷത്രവുമാണു രേഖപ്പെടുത്തിയത്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള കുഴൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലെ ഒരു അധ്യാപികയ്ക്കു കിട്ടിയ വോട്ടിംഗ് ബാലറ്റ് പേപ്പറിലാണ് ഈ അപാകത കണ്ടെത്തിയത്. ഇവർ ഈ വിവരം റിട്ടേണിംഗ് ഓഫീസറെ അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞയുടൻ ഇവിടെ വിതരണം ചെയ്ത ബാലറ്റുകൾ അധികൃതരെത്തി തിരിച്ചു വാങ്ങിയിട്ടുണ്ട്. സ്ഥാനാർഥികൾ വിഷയംകാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്കിയിട്ടുണ്ട്.
യുഡിഎഫ് സ്ഥാനാർഥിയായി ഇ. കേശവൻകുട്ടിയും എൽഡിഎഫ് സ്ഥാനാർഥിയായി ടി.ഐ. മോഹൻദാസും എൻഡിഎ സ്ഥാനാർഥിയായി സുലേജ് മാരിക്കലുമാണിവിടെ മത്സരിക്കുന്നത്.