ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ ബഗി കാറുകൾ കട്ടപ്പുറത്ത്. നാലു വാഹനങ്ങളുള്ളതിൽ രണ്ടെണ്ണമാണ് തകരാർ സംഭവിച്ചതിനാൽ മാറ്റിയിട്ടിരിക്കുന്നത്.
ടയറിന്റെ പ്രശ്നവും ചില നിസാര തകരാറുകളും മാത്രമേ ഉള്ളൂവെന്നും ഇത് പരിക്കുന്നതിന് കന്പനി പ്രതിനിധികളെ അറിയിച്ചിട്ടുണ്ടെന്നും അവർ എത്തിച്ചേരാത്തതുമാണു പ്രശ്നമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
രണ്ടു വർഷം മുന്പാണ് ലക്ഷക്കണക്കിന് രൂപാ വില പിടിപ്പുള്ള നാലു ബഗി കാറുകൾ മെഡിക്കൽ കോളജിലെത്തിച്ചത്. അത്യാഹിത വിഭാഗത്തിലെത്തുന്ന ഗുരുതരമായ രോഗികളെ പ്രത്യേകിച്ച് ഹൃദ്രോഗികളെ വാർഡുകളിലോ ബന്ധപ്പെട്ട വിഭാഗങ്ങളിലോ എത്തിക്കുന്നതിനാണ് ഈ വാഹനം ക്രമീകരിച്ചിരുന്നത്.
എന്നാൽ വാഹനം വന്ന് ആദ്യമാസങ്ങളിൽ ഡ്രൈവർ ഇല്ലാത്തതിനാൽ ഓടിക്കാൻ കഴിയാതെ കിടന്നു. ഇതു രാഷ്്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
പിന്നീട് ഡ്രൈവർമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിച്ച ശേഷമാണ് ബഗി കാറുകളുടെ പ്രയോജനം രോഗികൾക്ക് ലഭിക്കുവാൻ തുടങ്ങിയത്.
എന്നാൽ തകരാർ മൂലം വാഹനം ഉപയോഗിക്കാതായിട്ട് നാലു മാസം പിന്നിട്ടിരിക്കുകയാണ്. ഇതിനാൽ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളെ ബന്ധപ്പെട്ട വിഭാഗങ്ങളിൽ എത്തിക്കാനോ, വിവിധ പരിശോധനകൾക്ക് യഥാ സമയംകൊണ്ടു പോകാനോ കഴിയാതെ ബുദ്ധിമുട്ടുകയാണ്.
കഴിഞ്ഞ ആഴ്ചയിൽ അത്യാഹിത വിഭാഗത്തിലെത്തിയ രോഗികളെ ആംബുലൻസിൽനിന്ന് ഇറക്കാൻ വൈകിയതിന്റെ പേരിൽ രോഗികളുടെ ബന്ധുക്കളും ജീവനക്കാരുമായി വാക്ക് തർക്കമുണ്ടായി.
അത്യാഹിത വിഭാഗത്തിൽ നിന്നും രോഗികളെ ബന്ധപ്പെട്ട വാർഡുകളിലേക്കു സ്ട്രേച്ചറുകളിലോ വീൽ ചെയറുകളിലോ തള്ളിക്കൊണ്ട് പോകുന്നതാണ് രീതി.
രോഗിയുടെ ആരോഗ്യനില മോശമാകുന്ന ചില സന്ദർഭങ്ങളിൽ ഇവരെ ബഗി കാറുകളിലാണ് വാർഡുകളിലെത്തിക്കുന്നത്. കൂടാതെ കോവിഡ് രോഗികളെ കൊണ്ടു പോകുന്നതും ഈ വാഹനത്തിലായിരുന്നു.