ഗാന്ധിനഗർ: രോഗികൾക്കു സഹായമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബഗി കാറുകൾ ഓടിത്തുടങ്ങി. അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ പ്രാഥമിക പരിശോധനകൾക്കു ശേഷം വാർഡുകളിലേക്കു മാറ്റുന്നതിനാണ് ബഗി കാറുകൾ. ആദ്യ ഘട്ടമെന്ന നിലയിൽ അത്യാഹിത വിഭാഗത്തിലെത്തുന്ന ഹൃദ്രോഗികളെ കാർഡിയോളജി വിഭാഗത്തിലെത്തിക്കുന്നതിനുള്ള ശ്രമമാണ് ആരംഭിച്ചിട്ടുള്ളത്.
അടിയന്തിര ഘട്ടത്തിലുള്ള രോഗികൾക്ക് വൈദ്യസഹായം ലഭ്യമാക്കുവാൻ കാലതാമസം ഉണ്ടാകുന്നത് ഇതുമൂലം ഒഴിവാക്കുവാൻ കഴിയും.മുൻപ് ഇത്തരം രോഗികളെ സ്ട്രെച്ചറിൽ കിടത്തി തള്ളിക്കൊണ്ടുപോയാണ് കാർഡിയോളജി വാർഡിൽ എത്തിച്ചിരുന്നത്. ഇത് വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു . ചില സന്ദർഭങ്ങളിൽ രോഗികൾക്ക് പലതരത്തിലുള്ള പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
ബഗി കാർ ഓടിത്തുടങ്ങിയതോടെ ഇതിനു പരിഹാരമായി. ഇനി മുതൽ അത്യാഹിത വിഭാഗത്തിൽ നിന്ന് റോഡ്മാർഗം നേരിട്ട് കാർഡിയോളജി വിഭാഗത്തിലേക്ക് രോഗിയെ എത്തിക്കുവാൻ കഴിയും.രണ്ടു ബഗി കാറുകളാണ് മെഡിക്കൽ കോളജ് ആശുപത്രിക്ക് ലഭിച്ചിരിക്കുന്നത്. ഒന്ന ്ആംബുലൻസിൽ രോഗികളെ കിടത്തി കൊണ്ടുപോകുന്ന സ്ട്രച്ചറും, ഐ വി സ്റ്റാന്റ്, ഓക്സിജൻ സിലിണ്ടർ എന്നീ സജ്ജീകരണങ്ങളോടും കൂടിയതാണ്. രണ്ടാമത്തേത് ഇരുന്നു സഞ്ചരിക്കാവുന്ന രോഗികൾക്കും അതോടൊപ്പം കൂട്ടിരിപ്പുകാർക്കും യാത്ര ചെയ്യാവുന്നതാണ്.
എളമരം കരീം എം പി യുടെ വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ മുടക്കിയാണ് ഈ വാഹനങ്ങൾ കോട്ടയം മെഡിക്കൽ കോളേജിൽ ലഭ്യമാക്കിയത്. കോയന്പത്തൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന റൂട്ട്സ് എന്ന കന്പനിയാണ് വാഹനത്തിന്റെ വിതരണക്കാർ. ബാറ്ററിയിൽ പ്രവർത്തിക്കുന്ന കാറുകളുടെ പരിശോധനകൾ മൂന്നു മാസത്തിലൊരിക്കൽ കന്പനി പ്രതിനിധികളെത്തി നടത്തും.