തിരുവനന്തപുരം: ഒരുപാട് രഹസ്യങ്ങൾ അടങ്ങിയ സന്ദീപിന്റെ ബാഗ് എൻഐഎ സംഘം ഇന്നു തുറക്കും. കൊച്ചിയിലെ എൻഐഎ കോടതിയുടെ സാന്നിധ്യത്തിലാണ് ബാഗ് തുറക്കുക.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങൾ സീൽ ചെയ്ത ഈ ബാഗിൽ ഉണ്ടെന്നാണ് സൂചന. ബംഗളൂരുവിൽ നിന്ന് സ്വപ്ന സുരേഷിനേയും സന്ദീപിനേയും പിടികൂടിയപ്പോൾ സന്ദീപിന്റെ കൈവശമുണ്ടായിരുന്നതാണ് ഈ ബാഗ്.
ഇത് തുറക്കുന്നതോടെ നിരവധി ചോദ്യങ്ങൾക്കു തുന്പുണ്ടാകുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. ആർക്കു വേണ്ടിയാണ് സ്വർണം കടത്തിയത്.
ഇതിനായി സഹായിച്ച ഉന്നതർ ആരൊക്കെ എന്നുള്ള വിവരങ്ങൾക്ക് ഈ ബാഗിൽ നിന്ന് മറുപടി കിട്ടുമെന്ന് കരുതുന്നു. സ്വർണക്കടത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന അന്വേഷണ സംഘത്തിന്റെ നിഗമനത്തെ സാധൂകരിക്കുന്ന തെളിവുകളും സന്ദീപിന്റെ ബാഗിലുണ്ടാകാമെന്നും കരുതപ്പെടുന്നു.
അന്വേഷണ സംഘം ബംഗളൂരുവിൽ എത്തിയപ്പോൾ ഈ ബാഗ് ഒളിപ്പിക്കാൻ സന്ദീപ് ശ്രമിച്ചിരുന്നു. അതേസമയം ഇന്നുച്ചയോടെ മറ്റൊരു പ്രതിയായ സരിത്തിനെ കസ്റ്റംസ് കോടതിയിൽ ഹാജരാക്കും. കസ്റ്റഡി കാലാവധി നീട്ടാൻ കസ്റ്റംസ് അപേക്ഷിച്ചില്ലെങ്കിൽ സരിത്തിനെ എൻഐഎ അറസ്റ്റു ചെയ്യും.