കാസര്‍ഗോഡ്: മോസ്കിൽ നിസ്കരിക്കാനെത്തിയ വീട്ടമ്മയുടെ ബാഗുമായി അജ്ഞാതസ്ത്രീ കടന്നുകളഞ്ഞു. പോലീസിന്റെ സമയോചിത ഇടപെടല്‍ മൂലം പണവും സ്വര്‍ണവുമടങ്ങിയ ബാഗ് കണ്ടെത്താനായി. ശനിയാഴ്ച ഉച്ചയോടെ കാസര്‍ഗോഡ് പഴയ ബസ് സ്റ്റാന്‍ഡിലെ മുബാറക് പള്ളിയില്‍ വച്ചാണ് സംഭവം.
മകള്‍ക്കൊപ്പം നിസ്കരിക്കാനായി മോസ്കിലെത്തിയതായിരുന്നു സ്ത്രീ. കൈയ്യിലുണ്ടായിരുന്ന ബാഗ് കുട്ടിയെ ഏല്‍പ്പിച്ചു വീട്ടമ്മ ശുചിമുറിയില്‍ കയറി.
ഈ സമയത്താണ് അജ്ഞാതസ്ത്രീയെത്തി ബാഗ് തന്ത്രപൂര്‍വം കൈക്കലാക്കി കടന്നുകളഞ്ഞത്. പുറത്തെത്തി സംഭവം ശ്രദ്ധയില്‍പ്പെട്ട വീട്ടമ്മ നിലവിളിക്കുകയും ആളെകൂട്ടി പള്ളി ഇമാമിനെയും പോലീസിനെയും വിളിച്ചുവരുത്തി.
വനിതാ എസ്ഐ അജിതയും സിപിഒ മധു കാരക്കടവത്തിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ചു.
ദൃശ്യങ്ങളിൽ ഒരു സ്ത്രീ നഗരത്തിലെ ഒരു കടയുടെ ഇടവഴിയിലൂടെ ബാഗുമായി കടന്നുകളയുന്നത് ശ്രദ്ധയില്‍പ്പെട്ടു.പോലീസ് ഈവഴി പിന്നാലെപോയി നടത്തിയ പരിശോധനയില്‍ ഒരു കെട്ടിടത്തിന്റെ മുകളിലെ നിലയില്‍ ബാഗ് സൂക്ഷിച്ചുവച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പിന്നീട് വന്ന് എടുക്കാമെന്ന് കരുതിയായിരിക്കാം ഇവിടെ വച്ചതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ബാഗില്‍ സ്വര്‍ണവും പണവും ഉണ്ടായിരുന്നുവെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനാല്‍ നഗരത്തിലെത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്നു പോലീസ് പറഞ്ഞു. കവര്ച്ചയ്ക്കിരയാവുകയോ സംഭവം ശ്രദ്ധയില്‍പ്പെടുകയോ ചെയ്താല്‍ ഉടന്‍ വിവരമറിയിക്കണമെന്നും പോലീസ് അറിയിച്ചു.