തൊടുപുഴ: ആശുപത്രിയിൽ ഭർത്താവിന്റെ ശസ്ത്രക്രിയക്ക് എത്തിയ വീട്ടമ്മയുടെ ബാഗ് അപഹരിച്ച മോഷ്ടാക്കളോട് വീട്ടമ്മയ്ക്ക് ഒരു അഭ്യർഥനയേ ഉള്ളു. കവർന്ന ബാഗിലുള്ള പാസ്പോർട്ട് തിരിച്ചു തരാൻ കനിവുണ്ടാകണം. പോലീസിനോടും വീട്ടമ്മയ്ക്ക് പറയാനുണ്ടായിരുന്നത് ഇതു തന്നെയായിരുന്നു.
എങ്ങനെയെങ്കിലും തന്റെ പാസ്പോർട്ട് വീണ്ടെടുത്ത് തരണം. വിദേശത്ത് പ്രസവിച്ച് കിടക്കുന്ന ബന്ധുവിന്റെ അടുത്തേക്ക് പോകാനുള്ള തയാറെടുപ്പിലാണ് പാസ്പോർട്ട് അടങ്ങിയ ബാഗുമായി കള്ളൻ കടന്നു കളഞ്ഞത്. വീട്ടമ്മയുടെ പരാതി പ്രകാരം മോഷ്ടാവിനെ പിടികൂടാനുള്ള ഓട്ടത്തിലാണ് തൊടുപുഴ പോലീസ്.
ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച സൂചനകൾ അനുസരിച്ച് മോഷ്ടാവിനെക്കുറിച്ചുള്ള ചില വിവരങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കൂത്താട്ടുകുളം സ്വദേശിനിയായ വീട്ടമ്മയുടെ ബാഗ് മോഷ്ടാക്കൾ കവർന്നത്.
ചികിൽസയ്ക്കായി എത്തിയ ഭർത്താവിനെ ഓപ്പറേഷൻ തിയറ്ററിൽ കയറ്റുന്ന സമയത്താണ് ബാഗ് നഷ്ടപ്പെട്ടത്. തിരക്കിനിടയിൽ ബാഗിൽ കാര്യമായി ശ്രദ്ധിക്കാതിരുന്ന വീട്ടമ്മയുടെ ശ്രദ്ധ മാറിയെന്നറിഞ്ഞപ്പോൾ കള്ളൻമാർ ബാഗുമായി കടന്നു. പാസ്പോർട്ടിനു പുറമെ മൊബൈൽഫോണ്, 200 രൂപ എന്നിവയാണ് ബാഗിലുണ്ടായിരുന്നത്.
ബാഗ് നഷ്ടപ്പെട്ട വിവരം ഉടൻ തന്നെ പോലീസിൽ അറിയിച്ചതനുസരിച്ച് ഇവർ ആശുപത്രിയിൽ എത്തി സിസടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കള്ളൻമാർ ബാഗുമായി കൂൾകൂളായി ലിഫ്റ്റിൽ കയറി പോകുന്നത് കണ്ടത്. ഉടൻ തന്നെ ടൗണും പരിസര പ്രദേശങ്ങളും അരിച്ചു പെറുക്കിയിട്ടും മോഷ്ടാക്കളുടെ പൊടി പോലും കിട്ടിയില്ല.
റോസ് കളർ ഷർട്ടും വെള്ള കള്ളിമുണ്ടും ധരിച്ചയാളും കാപ്പിപ്പൊടി കളർ ഷർട്ട് ധരിച്ചയാളും ചേർന്ന് ബാഗുമായി പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായത്. ഇതിൽ നിന്നും ലഭിച്ച സൂചനയനുസരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. മോഷ്ടാവിനെ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങളിൽ നിന്നും ലഭിക്കുമോയെന്നറിയാൻ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്തു വിട്ടിട്ടുണ്ട്.