കെട്ടുകഥകളിൽ മാത്രമല്ല, സാഹചര്യങ്ങൾ സമ്മർദം ചെലുത്തിയാൽ സാധാരണ മനുഷ്യർക്കും സൂപ്പർ ഹീറോകളായി മാറാനുള്ള ഒരു അതിമാനുഷികശക്തി മനുഷ്യന്റെ ഉള്ളിൽത്തന്നെ ഒളിഞ്ഞുകിടപ്പുണ്ടെന്നു തെളിയിച്ചിരിക്കുകയാണ് മാലി സ്വദേശിയായ മാമൂദൂ ഗസാമ.
പാരീസിൽ വലിയ കെട്ടിടത്തിന്റെ നാലാം നിലയിൽനിന്നു താഴേക്കു പതിക്കുമായിരുന്ന നാലു വയസുള്ള കുഞ്ഞിനെ അതിസാഹസികമായി രക്ഷിച്ചതാണ് ഗസാമയ്ക്ക് സൂപ്പർഹീറോ പരിവേഷം നല്കിയത്. നാലു നിലയുള്ള കെട്ടിടത്തിൽ വലിഞ്ഞുകയറി കുഞ്ഞിനെ രക്ഷിക്കുന്ന വീഡിയോ വൈറലായതോടെ ലോകം യഥാർഥ ജീവിതത്തിലെ സ്പൈഡർമാൻ എന്ന് ഗസാമയ്ക്ക് പേരുവീണു.
കാര്യങ്ങൾ അവിടംകൊണ്ടും തീർന്നില്ല വീഡിയോ ശ്രദ്ധയിൽപ്പെട്ട ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രസിഡന്റിന്റെ വസതിയിൽവച്ച് ഗസാമയുമായി കൂടിക്കാഴ്ച നടത്തി. കൂടാതെ ഫ്രഞ്ച് പൗരത്വവും അഗ്നിശമന സേനയിൽ ജോലിയും വാഗ്ദാനം ചെയ്തു. പോലീസ് സൂപ്രണ്ട് ഗസാമയുടെ ധീരതയ്ക്കും അർപ്പണമനോഭാവത്തിനും പ്രശംസാപത്രം നല്കി ആദരിച്ചു.
ഏതാനും മാസങ്ങൾക്കുമുന്പാണ് മാലിയിൽനിന്ന് ഗസാമ പാരീസിലെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് കുഞ്ഞ് അപകടത്തിൽപ്പെട്ടതു കണ്ടത്. കുഞ്ഞിന്റെ പിതാവ് വീട്ടിൽനിന്നു പുറത്തുപോയ സമയത്തായിരുന്നു അപകടം. കുഞ്ഞ് താഴേക്കു തൂങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട സമീപത്തെ ഫ്ലാറ്റിലെ താമസക്കാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി.
താഴെ കൂടി നിൽക്കുന്നവർ വീഡിയോ എടുക്കാൻ തുനിഞ്ഞപ്പോൾ കുഞ്ഞിനെ രക്ഷപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ ഗസാമ കെട്ടിടത്തിൽ വലിഞ്ഞുകയറുകയായിരുന്നു. വെറും 33 സെക്കൻഡുകൊണ്ട് മുകളിലെത്തിയ അദ്ദേഹം കുഞ്ഞിനെ രക്ഷിച്ചു.
സ്വന്തം ജീവൻ പണയംവച്ച് കുഞ്ഞിനെ രക്ഷിച്ച ഗസാമയുടെ സ്വപ്നങ്ങളെല്ലാം നടത്തിക്കൊടുക്കുമെന്ന് പാരീസ് മേയർ ആനി ഹിഡൽഗോ പറഞ്ഞു. ഒരു കുഞ്ഞിനെ രക്ഷിക്കാൻ അവസരം ലഭിച്ചതിന് ദൈവത്തിനു നന്ദി പറയുന്നതായി ഇരുപത്തിരണ്ടുകാരനായ ഗസാമ പറഞ്ഞു.