കൊച്ചി: എളംകുളത്ത് വാടകവീട്ടിൽ നേപ്പാൾ സ്വദേശിനി കൊല്ലപ്പെട്ട കേസിൽ പ്രതിയെന്നു സംശയിക്കുന്ന റാം ബഹാദൂർ ബിസ്തി മറ്റു സ്ത്രീകളെയും വലയിലാക്കിയോ എന്ന് അന്വേഷണം.
ഇയാൾ മുന്പ് രണ്ടു സ്ത്രീകൾക്കൊപ്പം താമസിച്ചിരുന്നതായി പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നേപ്പാളിലെ ബെൽദാം ദായി കഞ്ചൻപൂർ സ്വദേശി ഭാഗീരഥി(35) ഇയാൾക്കൊപ്പം താമസിച്ച മൂന്നാമത്തെ സ്ത്രീയാണെന്നു അന്വേഷണസംഘം വ്യക്തമാക്കി. ഇവർ അയാളുടെ ഭാര്യയല്ലെന്നാണ് സ്ഥിരീകരണം.
അതേസമയം കൊലയ്ക്കു ശേഷം ഒളിവിൽ പോയ റാം ബഹാദൂറിനെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
മൂന്നു വർഷം മുന്പ് ജോലി തേടി കൊച്ചിയിലെത്തി ലക്ഷ്മി എന്ന വ്യാജപേരിലാണ് ഇവർ റാം ബഹാദൂർ ബിസ്തിക്കൊപ്പം താമസിച്ചിരുന്നത്. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
നേപ്പാൾ എംബസിയുമായി ബന്ധപ്പെട്ട് ഭഗീരഥിയുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. ബംഗളൂരിലുള്ള ഇവരുടെ ബന്ധുക്കൾ ഇന്നെത്തുമെന്ന് സൗത്ത് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പി. രാജ്കുമാർ പറഞ്ഞു.
ഇവർ എത്തിയതിനുശേഷമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ. യുവതിയുടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. എറണാകുളം എസിപി രാജ്കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.