ബിജോ ടോമി
കൊച്ചി: അന്യനാട്ടിൽ നിന്നു കേരളത്തിലെത്തി കുടുംബം പുലർത്താൻ വിയർപ്പൊഴുക്കുന്ന പെരുന്പാവൂരിലെ ഇതരസംസ്ഥാന തൊഴിലാളികളായ ഭായിമാർ മലയാളം പരീക്ഷയ്ക്കൊരുങ്ങുന്നു. സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കായി നടപ്പാക്കുന്ന മലയാള ഭാഷാ സാക്ഷരതാ പദ്ധതിയായ ’ചങ്ങാതി’യിലൂടെ മലയാളം എഴുതാനും വായിക്കാനും പഠിച്ച തൊഴിലാളികളാണ് ഏപ്രിൽ ആദ്യവാരം പരീക്ഷയെഴുതുന്നത്.
ഒരു വർഷം മുന്പു മാതൃകാ പദ്ധതി പെരുന്പാവൂർ മുനിസിപ്പാലിറ്റിയിലാണ് നടപ്പാക്കിയത്. പെരുന്പാവൂരിലെ പ്ലൈവുഡ് കന്പനികളിലും മറ്റും ജോലി ചെയ്യുന്ന 568 തൊളിലാളികളാണ് ആദ്യഘട്ടത്തിൽ പദ്ധതിയിലൂടെ മലയാളം പഠിച്ചത്. ബംഗാൾ, ആസാം, ഒറീസ, മധ്യപ്രദേശ്, ബീഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണിവർ. നിലവിൽ ഏപ്രിൽ എട്ടിന് പരീക്ഷ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.
എന്നാൽ തൊഴിലാളികളുടെ സൗകര്യം കൂടി കണക്കിലെടുത്ത് പരീക്ഷാ തീയതിയിൽ മാറ്റം വരാൻ സാധ്യതയുണ്ടെന്ന് ജില്ലാ സാക്ഷരതാ മിഷൻ പ്രോജക്ട് കോ-ഓർഡിനേറ്റർ ഡോ. വി.വി. മാത്യു പറഞ്ഞു. നിത്യവും ഉപയോഗിക്കുന്ന മലയാളം വാക്കുകളും, ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന സംഭാഷണശകലങ്ങളും, വാചകങ്ങളും, അടിസ്ഥാന ഗണിതവുമെല്ലാം അടങ്ങുന്ന പരീക്ഷയാണ് നടത്തുക. മുന്നൊരുക്കത്തിന്റെ ഭാഗമായി മാതൃക പരീക്ഷ നടന്നു വരികയാണിപ്പോൾ.
പരീക്ഷയിൽ മികവു കാണിക്കുന്നവർക്ക് സാക്ഷരതാ മിഷന്റെ സർട്ടിഫിക്കറ്റു ലഭിക്കും. പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്തവർ തൊഴിലാളികൾക്കിടയിലുണ്ട്. ഇവരെ നാലാം തരം തുല്യതാ പരീക്ഷയ്ക്ക് യോഗ്യരാക്കുന്ന പദ്ധതിയും ലക്ഷമിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികൾക്ക് മലയാള പഠനത്തിനായി സംസ്ഥാന സാക്ഷരതാ മിഷൻ അഥോറിറ്റി ’ഹമാരി മലയാളം’ എന്ന പാഠപുസ്തകം ഇറക്കിയിരുന്നു.
മനുഷ്യാവകാശങ്ങളും കേരള സമൂഹത്തിന്റേയും ഇന്ത്യൻ സംസ്കാരത്തിന്റേയും സവിശേഷതകളും പരിചയപ്പെടുത്തുന്ന വിധത്തിലാണ് പുസ്തകം തയാറാക്കിയിരുന്നത്. ഭാഷ അറിയാത്തതിനാൽ ഇതരസംസ്ഥാന തൊഴിലാളികൾ തൊഴിൽ സ്ഥലത്തും മാർക്കറ്റുകളിലും ചൂഷണം ചെയ്യുന്നത് ഒഴിവാക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്. നിത്യജീവിതത്തിൽ കൂടുതലായും ഉപയോഗിക്കേണ്ടി വരുന്ന പദങ്ങൾ പരിചയപ്പെടുത്തുകയാണ് ആദ്യം ചെയ്തത്.
കൂലി വാങ്ങുന്പോഴും, യാത്ര ചെയ്യുന്പോഴും, കടയിൽ നിന്നു സാധനം വാങ്ങുന്പോഴുമെല്ലാം ഉപയോഗിക്കുന്ന മലയാളം വാക്കുകൾ പഠിപ്പിച്ചു. കൂലി വാങ്ങുന്പോൾ പറ്റിക്കപ്പെടാതിരിക്കാൻ അടിസ്ഥാനപരമായ ഗണിതവും പുസ്തകത്തിൽ ഉൾപ്പെടുത്തിയിരുന്നു. റെയിൽവേ സ്റ്റേഷനിലും, ബാങ്കുകളിലും അപേക്ഷാ ഫോമുകൾ പൂരിപ്പിക്കേണ്ട വിധം, ഇവിടങ്ങളിലെ നിയമങ്ങൾ, തൊഴിലിടങ്ങളിലെ അവകാശങ്ങൾ ഇവയെല്ലാം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു.
തൊഴിലാളികളുടെ അവധി ദിവസം കണക്കിലെടുത്ത് ഞായറാഴ്ചകളിലാണ് ക്ലാസ് ക്രമീകരിച്ചത്. വിവിധ ബാച്ചുകളിലായാണ് ഇവർക്കു ജില്ലാ സാഷരതാ മിഷന്റെ നേതൃത്വത്തിൽ ക്ലാസുകൾ എടുക്കുന്നത്. പദ്ധതിയുടെ തുടക്കത്തിൽ ഇതരസംസ്ഥാന തൊഴിലാളികളെ മലയാളം ഭാഷ പഠിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞു മനസിലാക്കുന്നതിനും ഇവരെ ക്ലാസിൽ എത്തിക്കുന്നതിനും വലിയ ബുദ്ധിമുട്ടായിരുന്നുവെന്നു വി.വി. മാത്യു പറഞ്ഞു.
വിവിധ പ്ലൈവുഡ് കന്പനിയിൽ നേരിട്ടു പോയി തൊഴിലുടമയെക്കൂടി കാര്യങ്ങൾ ബോധ്യപ്പെടുത്തിയാണ് ഇവരെ ക്ലാസിൽ എത്തിച്ചത്. കൂട്ടത്തിൽ പലരും ഇതുവരെ സ്കൂളിൽ പോകാത്തവരായിരുന്നു. അതുകൊണ്ടു തന്നെ ക്ലാസിൽ ഇരിക്കുന്നത് പലർക്കും അസ്വസ്ഥതയായിരുന്നു. എന്നാൽ ഒരു മാസം പിന്നിട്ടതോടെ കാര്യങ്ങൾക്കു വ്യത്യാസം വന്നു.
കൂടുതൽ പേർ ക്ലാസിൽ എത്തുകയും ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി. പെരുന്പാവൂരിൽ ആരംഭിച്ച പദ്ധതിക്കു മികച്ച പ്രതികരണം ലഭിച്ചതോടെ സാക്ഷരതാ മിഷൻ പദ്ധതി മറ്റു ജില്ലകളിലേക്കും വ്യപിപ്പിച്ചിരുന്നു. സർവേയിലൂടെ സംസ്ഥാനത്ത് പുതിയതായി 7,013 പേരെയാണ് പഠിതാക്കളായി കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 6,475 പേർ പുരുഷൻമാരും 538 പേർ സ്ത്രീകളുമാണ്.